റിയാസി: ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയിൽവേ ആർച്ച് പാലമായ ചെനാബിലൂടെ ആദ്യ തീവണ്ടി ഓടിത്തുടങ്ങിയതിന്റെ സന്തോഷത്തിലാണ് രാജ്യം. ജമ്മു ഡിവിഷനെ കശ്മീരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസ്സുകൾ കത്ര റെയിൽവേ സ്റ്റേഷനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് ഫ്ളാഗ് ഓഫ് ചെയ്തത്.

To advertise here,

ചെനാബിന് പിന്നിലെ മാധവി ലത ഗാലി എന്ന പെൺകരുത്ത്

ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ ശ്രമങ്ങൾക്കൊടുവിലാണ് ചെനാബിലൂടെ ആദ്യ തീവണ്ടി ഓടിത്തുടങ്ങിയത്. ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് (IISc) അഭിമാന നിമിഷമായിരുന്നു ഈ ചരിത്രനേട്ടം സമ്മാനിച്ചത്. പദ്ധതി സാക്ഷാത്കാരത്തിന് പിന്നിൽ പ്രവർത്തിച്ച ജിയോടെക്നിക്കൽ കൺസൾട്ടന്റ് ഡോ. മാധവി ലത ഗാലി എന്ന പെൺകരുത്തിനെ കുറിച്ചാണ് രാജ്യം ഇപ്പോൾ ചർച്ച ചെയ്യുന്നത്. 

17 വർഷങ്ങൾ നീണ്ട പ്രവർത്തനങ്ങളുടെ എല്ലാ ഘട്ടത്തിലും സിവിൽ എഞ്ചിനീയറിങ് വിഭാഗത്തിലെ ജിയോ ടെക്നിക്കൽ എഞ്ചിനീയറിങ് പ്രൊഫസർ ഡോ. മാധവി ലത ഗാലിയുടെ കരുത്തും നേതൃത്വവുമുണ്ടായിരുന്നു. പദ്ധതിയുടെ ആസൂത്രണം, രൂപകൽപ്പന, നിർമാണം എന്നിവയിൽ ഭൂപ്രകൃതി ഉയർത്തിയ തടസ്സങ്ങൾ മറികടക്കുന്നതിന് മാധവി ലതയുടെ സംഭാവനകൾ ഒഴിച്ചുകൂടാനാവാത്തതാണ്. 

വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി, കാലാവസ്ഥ, മുതലായവ മൂലം നിർമാണം ഒരു ദുഷ്കരമായ ദൗത്യമായിരുന്നുവെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ തടസ്സങ്ങളെ അതിജീവിക്കുന്നതിന് പ്രവർത്തനത്തിനനുസരിച്ച് രൂപകൽപ്പന മാറ്റുക (ഡിസൈൻ-ആസ്-യു-ഗോ) എന്ന രീതിയാണ് ഡോ. ലത സ്വീകരിച്ചത്. പ്രാഥമിക സർവേകളിൽ വ്യക്തമല്ലാതിരുന്ന വ്യത്യസ്ത പാറകളുടെ സാന്നിധ്യം, ​ഗുഹകൾ തുടങ്ങിയ ഭൗമശാസ്ത്രപരമായ സാഹചര്യങ്ങൾക്കനുസരിച്ച് നൂതനമായ രീതികൾ കണ്ടെത്തിയായിരുന്നു ഡോ. ലതയുടെ പ്രവർത്തനം. സങ്കീർണ്ണമായ സാഹചര്യങ്ങളിൽ പോലും അവരുടെ പ്രവർത്തനവും നിർദേശങ്ങളും സ്വപ്ന സാക്ഷാത്കാരത്തിന് കരുത്ത് പകർന്നു. 

ഡിസൈൻ ആസ് യു ​ഗോ

ഭൗമശാസ്ത്രപരമായ പ്രതിസന്ധികൾക്കനുസരിച്ച് പാലത്തിന്റെ രൂപകൽപ്പനയിൽ എങ്ങനെ മാറ്റങ്ങൾ വരുത്തിയെന്നതു സംബന്ധിച്ച് ഇന്ത്യൻ ജിയോടെക്നിക്കൽ ജേണലിന്റെ വനിതാ പ്രത്യേക പതിപ്പിൽ "ഡിസൈൻ ആസ് യു ​ഗോ: ദ കേസ് സ്റ്റഡി ഓഫ് ചെനാബ് റെയിൽവേ ബ്രിഡ്ജ്" എന്ന തലക്കെട്ടിൽ ഡോ. ലത ഒരു ലേഖനം പ്രസിദ്ധീകരിച്ചിരുന്നു.

'ജമ്മുവിനും ശ്രീനഗറിനും ഇടയിൽ ട്രെയിൻ ഓടിക്കുക എന്ന ഇന്ത്യയുടെ 100 വർഷത്തെ സ്വപ്നം സാക്ഷാത്കരിക്കുന്നതിൽ ഏറ്റവും കഠിനമായ ഘട്ടങ്ങളിൽ ഒന്ന്, ചെനാബ് നദിയുടെ അടിത്തട്ടിൽ നിന്ന് 359 മീറ്റർ ഉയരത്തിൽ ഒരു റെയിൽവേ പാലം നിർമിക്കുക എന്നതായിരുന്നു. പാലത്തിന്റെ ഉയരം, ചരിഞ്ഞ പ്രദേശങ്ങൾ, ദുഷ്കരമായ ഭൂപ്രദേശം, വിള്ളലുകളുള്ള പാറക്കൂട്ടങ്ങൾ, പാലത്തിനടിയിൽ നദിയുടെ സാന്നിധ്യം, പ്രതികൂല കാലാവസ്ഥ, കാറ്റിന്റെ വേഗത, സ്ഥലത്തിന്റെ ഭൂകമ്പ സാധ്യത എന്നിവയായിരുന്നു പ്രധാന വെല്ലുവിളികൾ. പാലത്തിന്റെ മൊത്തത്തിലുള്ള ഘടന, മാതൃക, സ്ഥലം എന്നിവ മാത്രമായിരുന്നു സ്ഥിരമായ ഘടകങ്ങൾ. തൂണുകളുടെ അളവുകൾ, അവയുടെ സ്ഥാനം, അടിത്തറ, പാലത്തിന്റെ മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം സ്ഥലത്തിന്റെ ഭൗമശാസ്ത്രപരമായ അവസ്ഥകൾക്കനുസരിച്ച് രൂപകൽപ്പനയിൽ മാറ്റങ്ങൾക്ക് വിധേയമാക്കാൻ സാധിക്കുന്ന തരത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്.' ലേഖനത്തിൽ വ്യക്തമാക്കുന്നു.

ന്യൂഡൽഹിയെ കത്ര വഴി കശ്മീരുമായി നേരിട്ട് ബന്ധിപ്പിക്കുന്ന കത്ര-സങ്കൽദാൻ പാതയുടെ ഭാഗമാണ് ചെനാബ് പാലം. നദീനിരപ്പിൽനിന്ന് 359 മീറ്റർ ഉയരമുള്ള പാലത്തിന്റെ നീളം 1.31 കിലോമീറ്ററാണ്. 1486 കോടി രൂപയാണ് പദ്ധതിക്ക് ചെലവായത്. മണിക്കൂറിൽ 260 കിലോമീറ്റർ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും ഭൂകമ്പത്തെ ചെറുക്കാനും പാലത്തിന് സാധിക്കും. ഭീകരാക്രമണത്തെ ചെറുക്കാൻ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീൽ ഉപയോഗിച്ചായിരുന്നു നിർമാണം.

‌1992-ൽ ജവഹർലാൽ നെഹ്‌റു ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിങിൽ ബി.ടെക് പൂർത്തിയാക്കിയ ഡോ. ലത വാറങ്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എം.ടെക് നേടി. ജിയോടെക്നിക്കൽ എഞ്ചിനീയറിങിലായിരുന്നു സ്പെഷ്യലൈസേഷൻ. 2000-ൽ ഐ.ഐ.ടിമദ്രാസിൽ നിന്ന് ഡോക്ടറേറ്റ് കരസ്ഥമാക്കി. 2021-ൽ, ഇന്ത്യൻ ജിയോടെക്നിക്കൽ സൊസൈറ്റിയുടെ മികച്ച വനിതാ ജിയോടെക്നിക്കൽ ഗവേഷക പുരസ്കാരം ലഭിച്ചിരുന്നു. 2022-ൽ ഇന്ത്യയിലെ STEAM രംഗത്തെ മികച്ച 75 വനിതകളിൽ ഒരാളായും അവർ തിരഞ്ഞെടുക്കപ്പെട്ടു.