അമരാവതി: ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷനുമായ ജഗൻ മോഹൻ റെഡ്ഡിയെ കുപ്രസിദ്ധ കുറ്റവാളി പാബ്ലോ എസ്കോബാറുമായി താരതമ്യം ചെയ്ത് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ഡൽഹിയിൽ നായിഡു സർക്കാരിനെതിരേ ജഗൻ മോഹൻ റെഡ്ഡി നടത്തിയ പ്രതിഷേധത്തിന് പിന്നാലെയാണ് നായിഡുവിന്റെ അധിക്ഷേപം. വൈ.എസ്.ആർ കോൺഗ്രസ് പ്രവർത്തകരെ സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ചായിരുന്നു ഡൽഹിയിൽ പ്രതിഷേധം.
'പാബ്ലോ ഒരു കൊളംബിയൻ മയക്കുമരുന്ന് വ്യാപാരശൃംഖലയുടെ രാജാവാണ്. അദ്ദേഹം പിന്നീട് രാഷ്ട്രീയക്കാരനായി മാറി. 30 ബില്ല്യൺ ഡോളർ അന്ന് അയാൾ സമ്പാദിച്ചു. ഇന്ന് അതിന്റെ മൂല്യം 90 ബില്ല്യൺ ഡോളറോളം വരും. 1976-ലാണ് പാബ്ലോ അറസ്റ്റ് ചെയ്യപ്പെടുന്നത്. 1980-ലെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നനായ മയക്കുമരുന്ന് വ്യാപാരത്തിന്റെ അധിപനായിരുന്നു അദ്ദേഹം. മയക്കുമരുന്ന് വിറ്റും ഒരാൾക്ക് സമ്പന്നനാകാം.
മുൻ മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്തായിരുന്നു. ടാറ്റ, റിലയൻസ്, അംബാനി എന്നിവരുടെ പക്കൽ പണമുണ്ട്. അവരേക്കാൾ സമ്പന്നനാകാൻ അദ്ദേഹം ആഗ്രഹിച്ചു. ചില ആളുകൾക്ക് ആവശ്യമുണ്ട്. ചിലർക്ക് അത്യാഗ്രഹങ്ങളും. മറ്റ് ചിലർക്ക് ഉന്മാദമാണ്. ഈ ആളുകൾ പണം സമ്പാദിക്കാൻ ഇത്തരം കാര്യങ്ങൾ ചെയ്യുന്നു', ജഗൻ മോഹൻ റെഡ്ഡിയെ ഉന്നംവെച്ചുകൊണ്ട് നായിഡു പറഞ്ഞു.
ചന്ദ്രബാബു നായിഡു അധികാരത്തിലേറിയതിന് പിന്നാലെ ജഗനെതിരേ നിരവധി വിഷയങ്ങൾ ആരോപിക്കപ്പെട്ടിരുന്നു. ടി.ഡി.പി എം.എൽ.എ രഘുരാമ കൃഷ്ണ രാജുവിന്റെ പരാതിയിൽ ദിവസങ്ങൾക്ക് മുമ്പാണ് ജഗൻ മോഹൻ റെഡ്ഡിക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തത്. കൂടാതെ, നാല് പ്രമുഖ ചാനലുകളുടെ സംപ്രേഷണം കേബിൾ ഓപ്പറേറ്റർമാർ അവസാനിപ്പിച്ചതിന് പിന്നിലും സർക്കാർ ഇടപെടലുണ്ടെന്ന ആരോപണം ഉയർന്നിരുന്നു.
Content Highlights: Chandrababu Naidu Compares Jagan Mohan Reddy To Drug Lord Pablo Escobar
Published: 25 Jul 2024, 08:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented