ന്യൂഡല്‍ഹി:  സിസിടിവി ക്യാമറകള്‍, വെബ്കാസ്റ്റിംഗ് ദൃശ്യങ്ങള്‍, സ്ഥാനാര്‍ത്ഥികളുടെ വീഡിയോ റെക്കോര്‍ഡിംഗുകള്‍ തുടങ്ങി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില ഇലക്ട്രോണിക് രേഖകള്‍ പൊതുജനങ്ങള്‍ പരിശോധിക്കുന്നത് തടയാന്‍ തിരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്ത് കേന്ദ്ര സര്‍ക്കാര്‍. രേഖകളുടെ ദുരുപയോഗം തടയാന്‍ ലക്ഷ്യമിട്ടാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ തിരഞ്ഞെടുപ്പിന്റെ സുതാര്യത ഇല്ലാതാക്കുമെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

To advertise here,

തിരഞ്ഞെടുപ്പ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തിരിക്കുന്നത്. ഒരു കോടതി കേസാണ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് നിയമ മന്ത്രാലയവും തിരഞ്ഞെടുപ്പ്  കമ്മിഷനും വ്യക്തമാക്കുന്നു.

കേന്ദ്ര നിയമ മന്ത്രാലയം വെള്ളിയാഴ്ച 1961-ലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ 93(2)(എ) ചട്ടം ഭേദഗതി ചെയ്തു. ഭേദഗതി ചെയ്യുന്നതിന് മുമ്പുള്ള ചട്ടമനുസരിച്ച് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ കഴിയുമായിരുന്നു. ഭേദഗതി അനുസരിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുന്ന രേഖകള്‍ മാത്രമേ ഇനി പൊതുജനങ്ങള്‍ക്ക് പരിശോധിക്കാന്‍ അനുമതിയുണ്ടാകുകയുള്ളൂ.

നാമനിര്‍ദ്ദേശ പത്രികകള്‍, പോളിങ്‌ ഏജന്റുമാരുടെ നിയമനങ്ങള്‍, തിരഞ്ഞെടുപ്പ് ഫലങ്ങള്‍, ചട്ടങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് അക്കൗണ്ട് സ്റ്റേറ്റ്മെന്റുകള്‍ തുടങ്ങിയ രേഖകള്‍ പൊതു പരിശോധനയ്ക്ക് തുടര്‍ന്നും ലഭ്യമാകും. എന്നാല്‍ ഇലക്ട്രോണിക് രേഖകള്‍ പരിധിക്ക് പുറത്തായിരിക്കും.

പോളിങ് ബൂത്തിനകത്ത് സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ കിട്ടില്ല. വോട്ടര്‍മാരുടെ സ്വകാര്യത ഹനിക്കപ്പെടും എന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇത് സംബന്ധിച്ച് വിശദീകരണം നല്‍കുന്നത്. അതേസമയം ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയെല്ലാം സ്ഥാനാര്‍ത്ഥികള്‍ക്ക് തുടര്‍ന്നും ലഭിക്കും.  എന്നാല്‍ മറ്റുള്ളവര്‍ക്ക് അത്തരം ഇലക്ട്രോണിക് രേഖകള്‍ ലഭിക്കുന്നതിന് കോടതിയെ സമീപിക്കേണ്ടിവരുമെന്നും കമ്മിഷന്‍ വ്യക്തമാക്കുന്നു.

കേന്ദ്ര സര്‍ക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും നീക്കം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. സുതാര്യതയെ എന്തിനാണ് കമ്മിഷനും സര്‍ക്കാരും ഭയപ്പെടുന്നതെന്ന് അദ്ദേഹം ചോദിച്ചു.