ന്യൂഡൽഹി: പന്ത്രണ്ടാംക്ലാസ് പരീക്ഷയുടെ ഓൺ സ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം.) സേവനത്തിനായി കരാറെടുത്ത സ്വകാര്യകമ്പനിക്ക് സി.ബി.എസ്.ഇ. പിഴ ചുമത്തിയേക്കും. കരാർ വ്യവസ്ഥകൾ പ്രകാരം വീഴ്ചകളുണ്ടായാൽ പിഴ ചുമത്താനാകും. ഒ.എസ്.എം. രീതിയിലെ മൂല്യനിർണയത്തെക്കുറിച്ച് വ്യാപക പരാതികളാണുയർന്നത്. ഉത്തരക്കടലാസുകൾ മാറിയെന്നതടക്കം ഗുരുതര ആരോപണങ്ങൾക്കുപുറമേ സാങ്കേതികവീഴ്ചകളും വിമർശനത്തിന് വഴിവെച്ചു. ഇത് കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കി.

To advertise here,

കരാറുണ്ടാക്കിയത് കഴിഞ്ഞവർഷം

ഹൈദരാബാദ് ആസ്ഥാനമായുള്ള കോംപ്റ്റ് എജ്യുടെക് എന്ന സ്വകാര്യകമ്പനിയാണ് ഒ.എസ്.എം. മൂല്യനിർണയത്തിനായി കഴിഞ്ഞവർഷം സി.ബി.എസ്.ഇ.യുമായി കരാറുണ്ടാക്കിയത്. പരീക്ഷാ സംവിധാനത്തിലെ തകരാറുകൾ പരിഹരിക്കുന്നത് വൈകിയാൽ 15 മിനിറ്റ് തോറും ഒരുലക്ഷം രൂപ പിഴയീടാക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്. കമ്പനി നൽകിയ സെക്യൂരിറ്റി നിക്ഷേപം തടഞ്ഞുവെക്കാനും കരാർ റദ്ദാക്കാനും സാധിക്കും. എന്നാൽ, വീഴ്ചകളുടെ പേരിൽ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്താനാകില്ലെന്നാണ് വിവരം. 2025 ഓഗസ്റ്റിലെ കരാർ രേഖകളിൽ കരിമ്പട്ടികയിൽപ്പെടുത്താനുള്ള വ്യവസ്ഥയുണ്ടായിരുന്നത് സെപ്റ്റംബറിൽ ഭേദഗതിയിലൂടെ ഒഴിവാക്കി. അതിനുശേഷം ഡിസംബറിലാണ് കമ്പനിക്ക് കരാർ അനുവദിച്ചത്. റിപ്പോർട്ട് തേടി

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം സി.ബി.എസ്.ഇ.യിൽനിന്ന് റിപ്പോർട്ട് തേടി. കരാർ നടപടിക്രമങ്ങളുടെ വിശദാംശങ്ങളടങ്ങുന്ന റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. നേരത്തേ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് സൂചിപ്പിക്കുന്നത്. വീഴ്ച കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരേ പിരിച്ചുവിടലടക്കം കർശന നടപടിയുണ്ടായേക്കും.

സൂക്ഷിച്ചത് സൈബർ സുരക്ഷയില്ലാതെ

ഒ.എസ്.എം. പോർട്ടലിലെ ഉത്തരക്കടലാസുകൾ അടക്കമുള്ള രേഖകളടങ്ങിയ വിവരങ്ങൾ സൈബർ സുരക്ഷകളില്ലാതെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന വിവരം ചില എത്തിക്കൽ ഹാക്കർമാർ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

പോർട്ടലിൽ വീണ്ടും തകരാർ

പുനർനിർണയത്തിനുള്ള അപേക്ഷയ്ക്കുള്ള പോർട്ടലിൽ വീണ്ടും തകരാർ. അപേക്ഷ നൽകാനാകാതെ വിദ്യാർഥികൾ വലഞ്ഞു. സാങ്കേതികവിദഗ്ധസംഘം വീഴ്ചകൾ നിരീക്ഷിക്കുന്നതായും പരിഹരിക്കുന്നതായും സി.ബി.എസ്.ഇ. അറിയിച്ചു. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാനുള്ള പോർട്ടൽ വൈകാതെ തുറക്കുമെന്ന് സി.ബി.എസ്.ഇ. അറിയിച്ചു. വെബ്സൈറ്റ് രാവിലെമുതൽ ലഭ്യമായിരുന്നില്ല.

മന്ത്രിക്കെതിരേയും ആരോപണം

ഒ.എം.എസ്. കരാർ ലഭിച്ച കോംപ്റ്റ് എജുടെക് കമ്പനിക്കും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാനും തമ്മിൽ ബന്ധമുണ്ടെന്നും സാമൂഹികമാധ്യമങ്ങളിൽ ആരോപണമുയർന്നു. ധർമേന്ദ്ര പ്രധാന്റെ മകൾ യു.എസിൽ പഠിക്കുമ്പോൾ പ്രാദേശിക രക്ഷിതാവ് എന്ന നിലയിലുണ്ടായിരുന്നത് കോംപ്റ്റ് കമ്പനിയുടെ അഡീഷണൽ ഡയറക്ടറായ രാധാകൃഷ്ണൻ ജയരാമനായിരുന്നുവെന്നാണ് ആരോപണം. ഇക്കാര്യങ്ങളിൽ സ്ഥിരീകരണമില്ല.

സി.ബി.എസ്.ഇ.യെ പ്രതിരോധത്തിലാക്കിയത് മൂന്ന് വിദ്യാർഥികൾ

സി.ബി.എസ്.ഇ.യുടെ ഓൺ സ്‌ക്രീൻ മാർക്കിങ്ങുമായി (ഒ.എസ്.എം.) ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികൾ നടത്തിയ ഇടപെടലുകളാണ് ദേശീയതലത്തിൽ ചർച്ചയായത്. ഉത്തരക്കടലാസ് മാറിക്കിട്ടിയത് പോസ്റ്റ് ചെയ്ത പ്ലസ്ടു വിദ്യാർഥി വേദാന്ത് ശ്രീവാസ്തവയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്.

പാകിസ്താനിയെന്നും ദേശദ്രോഹിയെന്നും വേദാന്തിന് ഭരണണാനുകൂലികളുടെ ആക്ഷേപം കേട്ടെങ്കിലും സി.ബി.എസ്.ഇ.ക്ക് തെറ്റുസമ്മതിക്കേണ്ടി വന്നു. പ്ലസ്ടു വിദ്യാർഥിതന്നെയായ പതിനേഴുകാരനായ സാർഥക് സിദ്ധാന്താണ് മറ്റൊരാൾ. സൈബർ രംഗത്ത് പ്രവർത്തിക്കുന്ന സാർഥക് ഒ.എസ്.എം. കരാറെടുത്ത കമ്പനിയുടെ ചരിത്രമന്വേഷിച്ചുപോയി. കമ്പനിക്ക് കരാർ അനുവദിച്ചപ്പോൾ സി.ബി.എസ്.ഇ. നൽകിയ ഇളവുകളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് അങ്ങനെയാണ്.

ഒ.എസ്.എം. പോർട്ടലിന്റെ സൈബർ സുരക്ഷാ പ്രശ്നങ്ങൾ പുറത്തുകൊണ്ടുവന്നത് നിസർഗ അധികാരിയെന്ന പത്തൊൻപതുകാരനാണ്. മൂവരും സാമൂഹികമാധ്യമങ്ങൾ വഴി നടത്തിയ വെളിപ്പെടുത്തലുകളിൽ സി.ബി.എസ്.ഇ.ക്ക് ഇടപെടേണ്ടി വന്നു. വേദാന്തിന് യഥാർഥ ഉത്തരക്കടലാസ് നൽകിയപ്പോൾ നിസർഗ ഉയർത്തിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതായി അറിയിപ്പിറക്കി. കരാർ സംബന്ധിച്ച സാർഥകിന്റെ വെളിപ്പെടുത്തൽ ചർച്ചയായതോടെ വിദ്യാഭ്യാസ മന്ത്രാലയം സി.ബി.എസ്.ഇ.യോട് റിപ്പോർട്ടും തേടി. ഈ മൂവരും ഇവർക്കൊപ്പം സാമൂഹികമാധ്യമങ്ങളിലെ അനേകരും ഒരുമിച്ചപ്പോഴാണ് സി.ബി.എസ്.ഇ.ക്ക് പ്രതികരിക്കേണ്ടിവന്നത്. മാധ്യമങ്ങളും പ്രതിപക്ഷവും വിഷയങ്ങളേറ്റെടുത്തപ്പോൾ നടപടിയെടുക്കാൻ സർക്കാരും സമ്മർദത്തിലായി.