
ദിശ സാലിയന്റെ മരണക്കേസ് പുനരന്വേഷിക്കാൻ ബോംബെ ഹൈക്കോടതി നൽകിയ ഉത്തരവിന്റെ പിന്നാലെ സുശാന്ത് സിങ് രാജ്പുതിന്റെ ദുരൂഹമരണത്തെ ചുറ്റിപ്പറ്റിയുള്ള ഗൂഢാലോചനാ സിദ്ധാന്തങ്ങൾ വീണ്ടും സജീവമായി. ബിഹാർ സ്വദേശിയായ നടനെ കൊന്നതാണെന്നും പുനരന്വേഷിക്കണമെന്നുമുള്ള ആരാധകരുടെ മുറവിളിക്ക് ശക്തിപകരുന്നതായി ഒരു ദേശീയചാനൽ നടത്തിയ ഒളിക്യാമറാ ഓപ്പറേഷൻ. രാജ്പുതിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയ മുംബൈയിലെ കൂപ്പർ ആശുപത്രി മോർച്ചറിയിലെ ജീവനക്കാരനായിരുന്ന രൂപ്കുമാർ ഷാ, നടന്റെ ശരീരത്തിൽ രണ്ടോ മൂന്നോ തവണ കഴുത്തു ഞെരിക്കപ്പെട്ടതിന്റെ അടയാളമുണ്ടായിരുന്നുവെന്ന് രഹസ്യക്യാമറയ്ക്കു മുന്നിൽ അവകാശപ്പെട്ടു. ദിശ കൂട്ടബലാത്സംഗത്തിന് ഇരയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
2020 ജൂൺ 14-നാണ് നടൻ സുശാന്തിനെ ബാന്ദ്രയിലെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അതിന് ആറുദിവസം മുമ്പ്, 2020 ജൂൺ എട്ടിന് മലാഡിലെ ഒരു കെട്ടിടത്തിന്റെ 14-ാം നിലയിൽനിന്ന് വീണു മരിക്കുകയായിരുന്നു 28-കാരിയായ ദിശ സാലിയൻ എന്നായിരുന്നു പോലീസ് നിഗമനം. സുശാന്തിന്റെ മുൻ മാനേജരായിരുന്നു അവർ. പോലീസിന്റെ പ്രാഥമിക പ്രതികരണം കൊലപാതക അന്വേഷണത്തിന് പകരം ഒരു അപമൃത്യു റിപ്പോർട്ട് മാത്രമായിരുന്നു. പരാജയപ്പെട്ട പ്രൊജക്ടുകൾ, പണത്തെച്ചൊല്ലി പിതാവുമായുണ്ടായ തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷാദരോഗമാണ് മരണത്തിന് മുമ്പുള്ള അവരുടെ മാനസികാവസ്ഥയ്ക്ക് കാരണമെന്ന് 2021-ൽ മാൽവാനി പോലീസ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
പക്ഷേ, തുടക്കം മുതൽ ദിശയുടെ മരണത്തിൽ സംശയങ്ങളുയർന്നിരുന്നു. 14-ാം നിലയിൽ നിന്നും ചാടി മരിച്ചെന്നു പറയുന്ന യുവതിയുടെ മുഖത്ത് പരിക്കൊന്നുമില്ല, തറയിൽ ചോരക്കറയില്ല, ശരീരം കണ്ടെത്തിയത് കെട്ടിടത്തിൽനിന്ന് വളരെ അകലെ, മരണശേഷവും ദിവസങ്ങളോളം ദിശയുടെ ഫോൺ പ്രവർത്തിച്ചു എന്നിങ്ങനെയുള്ള ചോദ്യങ്ങൾ. സുശാന്ത് ആരാധകർ വിശ്വസിക്കുന്നത് ഞെട്ടിക്കുന്ന എന്തോ രഹസ്യം ദിശ മരണദിവസം സുശാന്തിനെ അറിയിച്ചെന്നും അത് പരസ്യമാക്കാൻ അദ്ദേഹം പദ്ധതിയിട്ടിരുന്നുവെന്നും അതാണ് അദ്ദേഹത്തെ കൊല്ലാനുള്ള കാരണവുമെന്നാണ്. ബോളിവുഡിനെ ഞെട്ടിച്ച സുശാന്തിന്റെ ദുരൂഹ മരണവിവരം പുറത്തു വന്നയുടനെ തന്നെ അത് വിഷാദരോഗം കാരണമുള്ള ആത്മഹത്യയാണെന്ന അഭിപ്രായവുമായി പ്രമുഖരെത്തിയത് സംശയം ജനിപ്പിച്ചിരുന്നു. സ്വന്തം പ്രതിഭ കൊണ്ടു മാത്രം ഉയർന്നുവന്ന സുശാന്തിന്റെ ദുരൂഹമരണത്തിനു പിന്നിൽ കാമുകി റിയ ചക്രവർത്തിയുടെയും ബോളിവുഡിലെ മയക്കുമരുന്നു ലോബിയുടെയും ചില പ്രമുഖതാരങ്ങളുടെയും പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.
തുടക്കത്തിൽ പോലീസ് പറഞ്ഞ ആത്മഹത്യക്കഥയെ ദിശയുടെ കുടുംബം അനുകൂലിച്ചിരുന്നു. ഈയിടെയാണ് തന്റെ മകൾ അപകടത്തിൽ മരിച്ചതല്ലെന്നും കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയാണുണ്ടായതെന്നും വാദിച്ച് സതീശ് സാലിയൻ ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് സരംഗ് കോട്വാൾ, ജസ്റ്റിസ് രഞ്ജിത് സിങ് ഭോൺസ്ലെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പോലീസ് അന്വേഷണത്തിലെ ന്യൂനതകൾ ചൂണ്ടിക്കാട്ടി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് ദിശയുടെ മരണ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനും ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും സി.ബി.ഐയോട് നിർദേശിച്ചു. തെളിവില്ലാതെ ആരെയും പ്രതിയാക്കരുതെന്ന് കോടതി വ്യക്തമാക്കി.
ഹൈക്കോടതി വാദത്തിനിടെ ആദിത്യ താക്കറേയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ ഹർജി രാഷ്ട്രീയപ്രേരിതമാണെന്നും സതീശിനെ എതിരാളികൾ ഉപയോഗിക്കുകയാണെന്നും ആരോപിച്ചു. ഹൈക്കോടതി സി.ബി.ഐ. അന്വേഷണത്തിന് ഉത്തരവിട്ട ശേഷം തനിക്ക് ഇതുമായി ഒരു ബന്ധവുമില്ലെന്നും ബി.ജെ.പി. ആറുവർഷമായി തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും ആദിത്യ ആരോപിച്ചു.
ഓജയുടെ ആരോപണങ്ങൾ
സതീഷ് സാലിയനെ പ്രതിനിധീകരിക്കുന്ന അഭിഭാഷകൻ നീലേഷ് ഓജ ദിശയുടെ പിതാവിന് വേണ്ടി കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ ഞെട്ടിക്കുന്ന നിരവധി ആരോപണങ്ങളുണ്ട്. ദിശയുടേത് ആത്മഹത്യയാണെന്ന മുംബൈ പോലീസിന്റെ കണ്ടെത്തലിനെ പൂർണമായും തള്ളിക്കളയുന്ന ഓജ, അതു കൂട്ടബലാത്സംഗവും കൊലപാതകവുമായിരുന്നെന്നും പ്രധാനപ്രതി മുൻ ശിവസേനാമന്ത്രി ആദിത്യ താക്കറെയാണെന്നും കേസ് മൂടിവെക്കാൻ ആദിത്യയുടെ പിതാവും അന്നത്തെ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ ഇടപെട്ടെന്നും ആരോപിക്കുന്നു.
നടന്മാരായ ഡിനോ മോറിയ, സൂരജ് പഞ്ചോളി, അയാളുടെ അംഗരക്ഷകൻ, സുശാന്ത് സിങ് രാജ്പുത്തിന്റെ മുൻ കാമുകി റിയ ചക്രവർത്തി എന്നിവരുടെ പേരുകളും കുടുംബത്തിന്റെ പരാതിയിലുണ്ട്. കൂടാതെ മുൻ മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിങ്, പുറത്താക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ എന്നിവർ തെളിവുകൾ മനഃപൂർവം നശിപ്പിക്കുകയും കേസ് അട്ടിമറിക്കുകയും ചെയ്തതായി ഓജ ആരോപിക്കുന്നു. കുടുംബം പലതവണ ആവശ്യപ്പെട്ടിട്ടും ഈ വ്യക്തികൾക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തില്ല. ദിശയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വർഷങ്ങളോളം കുടുംബത്തിന് നൽകാൻ പോലീസ് തയ്യാറായില്ല-അദ്ദേഹം പറയുന്നു.
ഓജ ഉന്നയിച്ച ഏറ്റവും നാടകീയമായ അവകാശവാദം, മുകേഷ് അംബാനിയുടെ ആഡംബരവസതിയായ ആന്റിലിയയ്ക്കു മുന്നിലെ ബോംബുഭീഷണി, മൻസുഖ് ഹിരെൻ കൊലപാതകം എന്നിവയുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുൻ പോലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയുടെ ഇടനിലക്കാർ തന്നെ സമീപിച്ചു എന്നതാണ്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായിരുന്ന വാസെയെ (63 ഏറ്റുമുട്ടൽ കൊലകളിൽ പങ്കുണ്ടെന്ന് റിപ്പോർട്ടുകൾ) സർവീസിൽ തിരിച്ചെടുത്തത് ദിശയുടെ മരണത്തിന് രണ്ടു ദിവസങ്ങൾക്ക് മുമ്പാണ്. ദിശയുടെ മരണത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് വാസെ സംഭവം നടന്ന ഫ്ലാറ്റിലുണ്ടായിരുന്നതായും ആരോപണമുണ്ട്. ദിശ സാലിയൻ, സുശാന്ത് സിങ് രാജ്പുത് എന്നിവരുടെ മരണങ്ങൾ ഉൾപ്പെടെ ആകെ 13 കൊലപാതകങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ സച്ചിൻ വാസെ തയ്യാറാണെന്നും പകരമായി അയാളെ മാപ്പുസാക്ഷിയാക്കണമെന്നും ഇടനിലക്കാർ പറഞ്ഞതായി ഓജ അവകാശപ്പെടുന്നു.
ഓജ പേരുപറഞ്ഞ വ്യക്തികളിൽ ആർക്കെതിരെയും സി.ബി.ഐ. ഇതുവരെ കുറ്റപത്രം സമർപ്പിക്കുകയോ, കുറ്റക്കാരാണെന്ന് കണ്ടെത്തുകയോ, ഔദ്യോഗികമായി പ്രതി ചേർക്കുകയോ ചെയ്തിട്ടില്ല. ഈ മരണത്തിൽ ആർക്കെങ്കിലും പങ്കുള്ളതായി തെളിവുകളില്ലെന്ന നിലപാടിലാണ് മഹാരാഷ്ട്ര സർക്കാരും പോലീസും. ഓജയുടെ നടപടികൾ കോടതിയുടെ രോഷത്തിനും കാരണമായിട്ടുണ്ട്. മുൻപ് കേസ് പരിഗണിച്ചിരുന്ന ജഡ്ജിമാർക്കെതിരെ വാർത്താസമ്മേളനത്തിൽ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചതിന് ഓജയ്ക്കെതിരെ ബോംബെ ഹൈക്കോടതിയുടെ അഞ്ചംഗബെഞ്ച് നേരത്തേ ക്രിമിനൽ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിരുന്നു.
കേസുകൾ ഇതുവരെ, ഇനി കാത്തിരിക്കുന്നത്
പുതിയ അന്വേഷണ ഉത്തരവിന് മുൻപുള്ള ഔദ്യോഗിക അന്വേഷണ റിപ്പോർട്ടുകൾ അനുസരിച്ച് സുശാന്ത് സിങ് രാജ്പുതിന്റെയും ദിശ സാലിയന്റെയും മരണങ്ങൾ ആത്മഹത്യകളാണെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ എത്തിയിരുന്നത്. വിഷാദരോഗവും വ്യക്തിപരമായ കാരണങ്ങളും മൂലം ദിശ കെട്ടിടത്തിൽനിന്ന് ചാടി ആത്മഹത്യ ചെയ്തതാണെന്ന് കാണിച്ച് പോലീസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.
സുശാന്തിന്റെ മരണകാരണം തൂങ്ങിമരണം മൂലമുള്ള ശ്വാസംമുട്ടലാണെന്നായിരുന്നു റിപ്പോർട്ട്. പിന്നീട് കേസ് ഏറ്റെടുത്ത സി.ബി.ഐ, ഡൽഹി എയിംസിലെ ഫോറൻസിക് പാനലിന്റെ സഹായത്തോടെ പരിശോധന നടത്തി. ശരീരത്തിൽ വിഷാംശമോ മറ്റ് അസ്വാഭാവിക പരിക്കുകളോ ഇല്ലെന്ന് കണ്ടെത്തി. തുടർന്ന്, കൊലപാതകസാധ്യത തള്ളിക്കളയുകയും കേസ് അവസാനിപ്പിച്ചുകൊണ്ട് 2025 മാർച്ചിൽ ക്ലോഷർ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ആ റിപ്പോർട്ട് അപൂർണമാണെന്നു കാട്ടി കുടുംബം തള്ളിക്കളഞ്ഞു. അവരുടെ വാദങ്ങളിൽ കഴമ്പുണ്ടെന്നു തോന്നിയാൽ കോടതിക്ക് തുടരന്വേഷണത്തിന് ഉത്തരവിടാവുന്നതേയുള്ളൂ.
ഇരുവരും ശരിക്കും കൊല്ലപ്പെട്ടതാണെങ്കിൽ കൂടി പ്രായോഗികതലത്തിൽ തെളിയിക്കാൻ എത്രത്തോളം കഴിയുമെന്നതാണ് ചോദ്യം. തെളിവുകളെ സംബന്ധിച്ചിടത്തോളം ദിശയുടെ മരണത്തിനും പുതിയ കോടതി ഉത്തരവിനും ഇടയിലുള്ള ആറുവർഷം വലിയ പ്രശ്നമാണ്. സുശാന്തിന്റെ കേസിലും അതുതന്നെ സ്ഥിതി. ഈ കാലയളവിൽ ഓർമകൾ മങ്ങുകയും ഡിജിറ്റൽ തെളിവുകൾ അപ്രത്യക്ഷമാവുകയും ഭൗതികമായ തെളിവുകൾ നശിക്കുകയും ചെയ്തേക്കാം. തെളിവുകളുടെ സ്ഥാനത്ത് തെളിയിക്കപ്പെടാത്ത ഒളിക്യാമറാ ദൃശ്യങ്ങളും മാപ്പുസാക്ഷികളും നേരിട്ടല്ലാത്ത അവകാശവാദങ്ങളും മതിയാവാനിടയില്ല. എന്തായാലും സി.ബി.ഐയുടെ മുന്നോട്ടുള്ള പോക്ക് ഒട്ടും എളുപ്പമായിരിക്കില്ല.
'ബലാത്സംഗംചെയ്ത് കൊലപ്പെടുത്തി, അന്വേഷണം അട്ടിമറിച്ചു'; ആദിത്യ താക്കറെയ്ക്കെതിരേ ദിഷയുടെ പിതാവ്
ഞെട്ടിക്കുന്ന അവകാശവാദവുമായി ഷാ വീണ്ടും
ദിശ സാലിയന്റെ സ്വകാര്യ ഭാഗങ്ങളിലും നെഞ്ചിലും പല്ലുകളിലും മുഖത്തും പരിക്കുകൾ കണ്ടിരുന്നു, അഞ്ചോ ആറോ പേർ ചേർന്ന് അവരെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടാകാമെന്ന് പോസ്റ്റ്മോർട്ടം ചെയ്ത ജീവനക്കാർ പരസ്പരം സംസാരിച്ചിരുന്നു, തെളിവുകൾ നശിപ്പിക്കുന്നതിനായി മൃതദേഹം മനഃപൂർവം മൂന്ന് ദിവസത്തോളം വൈകിപ്പിച്ച ശേഷമാണ് പോസ്റ്റ്മോർട്ടത്തിന് എത്തിച്ചത് എന്നിങ്ങനെ പോകുന്നു രൂപ്കുമാറിന്റെ അവകാശവാദങ്ങൾ. പോലീസിന്റെ ഔദ്യോഗിക കത്തുകളിൽ വജൈനൽ സ്വാബ് ഫോറൻസിക് ലാബിലേക്ക് അയച്ചതായി രേഖപ്പെടുത്തിയിരുന്നെങ്കിലും തങ്ങൾക്ക് ലഭിച്ചത് സ്മിയറുകൾ മാത്രമാണെന്ന് ലാബ് അധികൃതർ അറിയിക്കുകയുണ്ടായി.
സുശാന്ത് സിങ് രാജ്പുതിന്റെ ശരീരത്തിലും സംശയകരമായ പരിക്കുകൾ നിരീക്ഷിച്ചിരുന്നതായി ഷാ പറയുന്നു. സുശാന്തിന്റെ കഴുത്തിലും തലയിലും കൈകളിലും പരിക്കുകളുണ്ടായിരുന്നു. നെഞ്ചിന്റെ ഇടതുഭാഗത്ത് സ്റ്റൺഗൺ കൊണ്ടു പരിക്കേറ്റതു പോലുള്ള ആഴത്തിലുള്ള മൂന്നോ നാലോ പരിക്കുകൾ കണ്ടിരുന്നതായും ഒരു കണ്ണ് കുത്തിപ്പൊട്ടിച്ചിരുന്നതായും അയാൾ പറയുന്നു. സച്ചിൻ വാസെ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരിൽനിന്നും അധികാരികളിൽനിന്നും ജീവനക്കാരുടെ മേൽ വലിയ രീതിയിലുള്ള സമ്മർദം ഉണ്ടായെന്നും പോസ്റ്റ്മോർട്ടം നടപടികൾ വീഡിയോയിൽ പകർത്തരുതെന്ന് പ്രത്യേക നിർദ്ദേശമുണ്ടായിരുന്നെന്നും അയാൾ അവകാശപ്പെടുന്നു. മാത്രമല്ല, കാര്യങ്ങൾ പുറത്തുപറയാതിരിക്കാൻ തന്നെ 15 ദിവസത്തോളം തടഞ്ഞുവെക്കുകയും ഐസ്‌കട്ടയിൽ കിടത്തുകയും ടയറിലിട്ട് മർദ്ദിക്കുകയും ചെയ്തെന്നും ഷാ ആരോപിക്കുന്നു.
മൂന്നുനാലു വർഷം മുമ്പും സുശാന്തിന്റെ മരണത്തെ പറ്റി ഷാ സമാനമായ വെളിപ്പെടുത്തൽ നടത്തിയിരുന്നെങ്കിലും അതിന് വലിയ ഫലമുണ്ടായില്ല. സാക്ഷിമൊഴികളല്ലാതെ, തന്റെ അവകാശവാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളെന്തെങ്കിലും അദ്ദേഹത്തിന്റെ പക്കലുണ്ടാവുമെന്ന് തോന്നുന്നില്ല. അന്വേഷണത്തിൽ തെളിവുകളാണ് പ്രധാനം. പക്ഷേ, ദിശയുടെയും സുശാന്തിന്റെയും മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്നു വന്നാൽ സുശാന്തിന്റെ കേസ് പുനരന്വേഷിക്കാൻ സി.ബി.ഐ. നിർബന്ധിതമാവും. അപ്പോൾ രൂപ്കുമാറിന്റെ മൊഴി കൂടുതൽ പ്രസക്തമാവുമെന്നാണ് സുശാന്തിന്റെ ആരാധകർ പ്രതീക്ഷിക്കുന്നത്.
ദിശ കേസും മഹാരാഷ്ട്ര രാഷ്ട്രീയവും
തുടക്കം മുതൽ സുശാന്ത്, ദിശ കേസുകൾ രാഷ്ട്രീയമായി ഉപയോഗിക്കപ്പെട്ടു. പ്രതിപക്ഷത്തിരുന്നപ്പോൾ സുശാന്തിന്റെ ദുരൂഹമായ മരണത്തിൽ ശക്തമായ പ്രതിഷേധമുയർത്തിയ ബി.ജെ.പിയും എൻ.ഡി.എയെയും 2022- ൽ അധികാരത്തിലെത്തിയ ശേഷം അത്രയ്ക്ക് ശുഷ്‌കാന്തി കാട്ടിയില്ലെന്ന് ആരോപിക്കപ്പെടുന്നു. ദിശയുടെ പിതാവ് 2024 ജനുവരിയിൽ ആദിത്യ താക്കറെയ്ക്കും സൂരജ് പഞ്ചോളിക്കും എതിരെ കൂട്ടബലാത്സംഗ പരാതി നൽകിയിട്ടും ഒരു വർഷത്തിലേറെ എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്യപ്പെട്ടില്ല എന്ന് നീലേഷ് ഓജ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രി നാരായൺ റാണെയും മകൻ നിതേഷ് റാണെയും അടക്കമുള്ള ബി.ജെ.പി. നേതാക്കൾ ഉദ്ധവ് താക്കറെയ്ക്കും ആദിത്യയ്ക്കുമെതിരെ വിഷയത്തിൽ നിശിതമായ ആക്രമണങ്ങൾ അഴിച്ചുവിട്ടു. കോവിഡ് കാലത്ത് ഉദ്ധവ് തന്നെ വിളിച്ച് ആദിത്യയെ രക്ഷിക്കണമെന്ന് അഭ്യർഥിച്ചതായി നാരായൺ റാണെ ആരോപിക്കുകയുണ്ടായി. പ്രതിപക്ഷത്തിരിക്കുമ്പോൾ, അല്ലെങ്കിൽ തിരഞ്ഞെടുപ്പു കാലത്ത് മാത്രമേ ബി.ജെ.പി. വിഷയത്തിൽ താത്പര്യം കാട്ടുന്നുള്ളൂവെന്ന് സുശാന്തിന്റെ ആരാധകർ പരാതിപ്പെടുന്നു.
അപ്പോഴാണ് ഇത്തരം കേസുകളിലെ രാഷ്ട്രീയ കണക്കുകൂട്ടലുകൾ ചർച്ചയാവുന്നത്. ശിവസേന (യു.ബി.ടി.) ഏറ്റവും ദുർബലമായ അവസ്ഥയിലാണ്. ചിഹ്നവും പേരും നഷ്ടപ്പെട്ട്, ബി.ജെ.പി-ഷിൻഡെ സഖ്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ പാടുപെടുന്ന അവസ്ഥ. ആരോപണങ്ങൾ കോടതിയിൽ തെളിയിക്കപ്പെട്ടാൽ ആദിത്യ താക്കറെയും അതുവഴി ഉദ്ധവ് പക്ഷവും തകർന്നടിഞ്ഞേക്കാം. പക്ഷേ, രാഷ്ട്രീയഗോദയിൽ എതിരാളിയെ പൂർണമായി ഇല്ലാതാക്കുന്നതാണോ, അതോ ക്ഷീണിതനായ, എപ്പോൾ വേണമെങ്കിലും ഭീഷണിപ്പെടുത്തി ഒതുക്കാവുന്ന അവസ്ഥയിലുള്ള ശത്രുവിനെ നിലനിർത്തുന്നതാണോ നല്ലത് എന്നതാണ് ചോദ്യം. തലയ്ക്കു മീതെ എപ്പോഴും ഒരു വാൾ തൂങ്ങിക്കിടക്കുന്നത് സൃഷ്ടിക്കുന്ന സമ്മർദം ശത്രുവിനെ പൂർണമായി ഇല്ലാതാക്കുന്നതിനെക്കാൾ ദീർഘകാലം ഉപകാരപ്പെടും! അമിത് ഷാ കഴിഞ്ഞാൽ ബി.ജെ.പിയിലെ ഏറ്റവും സമർഥരായ തന്ത്രജ്ഞരിൽ പ്രമുഖനായ (കൂടെനിന്ന് കാലുവാരിയ ശിവസേനയെയും എൻ.സി.പിയെയും പിളർത്തിയ കുശാഗ്രബുദ്ധി) മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ കണക്കുകൂട്ടൽ അങ്ങനെയായാൽ അത്ഭുതപ്പെടാനില്ല. ദിശയ്ക്കും സുശാന്തിനും നീതി കിട്ടാൻ ദൂരമേറെ ബാക്കിയുണ്ട്!
Content Highlights: Bombay High Court orders CBI investigation into the death of Disha Salian. Shocking claims emerge regarding a potential link between Disha Salian and Sushant Singh Rajput's deaths. A sting operation features a mortuary worker claiming visible injuries on both bodies. Satish Salian files an affidavit alleging gang rape and murder involving prominent political and Bollywood names. Political debates intensify in Maharashtra following the court's directive for a fresh probe.
Published: 10 Sept 2026, 04:18 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented