ന്യൂഡൽഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷന് (ഇ.പി.എഫ്.ഒ.) 1,816.22 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന പരാതിയിൽ റിലയൻസ് ക്യാപിറ്റൽ ലിമിറ്റഡിനും മുൻ ചെയർമാൻ അനിൽ അംബാനിക്കും നേരേ സി.ബി.ഐ. കേസെടുത്തു. ജൂലായ് 21-ന് കേന്ദ്ര തൊഴിൽമന്ത്രാലയം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി. വഞ്ചന, ക്രിമിനൽ ഗൂഢാലോചന, ബോധപൂർവം നഷ്ടം വരുത്തൽ എന്നീ കുറ്റങ്ങളാണു ചുമത്തിയത്.

To advertise here,

2013-2014 കാലയളവിൽ റിലയൻസ് ക്യാപിറ്റൽ പുറത്തിറക്കിയ നോൺ -കൺവേർട്ടിബിൾ ഡിബഞ്ചറുകളിൽ പോർട്ട്‌ഫോളിയോ മാനേജർമാർ വഴി ഇ.പി.എഫ്.ഒ. 2,500 കോടി രൂപ നിക്ഷേപിച്ചിരുന്നു. 2023, 2024 വർഷങ്ങളിലായിരുന്നു ഈ നിക്ഷേപങ്ങളുടെ കാലാവധി പൂർത്തിയാകേണ്ടിയിരുന്നത്. എന്നാൽ, റിലയൻസ് ക്യാപിറ്റലിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചമൂലം ഈ തുക തിരികെ നൽകാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നും ഇതുവഴി ഇ.പി.എഫ്.ഒക്ക്‌ വലിയ സാമ്പത്തികനഷ്ടം സംഭവിച്ചുവെന്നുമാണ് പരാതി.

2019 ഡിസംബർ ഏഴിനും 2021 ഡിസംബർ ആറിനും ഇടയിൽ റിലയൻസ് ക്യാപിറ്റലിന്റെ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ വ്യാപകമായ തട്ടിപ്പുകൾ നടന്നതായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. ഫണ്ടുകൾ വകമാറ്റിച്ചെലവഴിക്കൽ, ക്രമരഹിതമായ വായ്പകൾ നൽകൽ തുടങ്ങിയ നിരവധി തട്ടിപ്പുകൾ നടന്നതായി ഇ.ഡിയുടെ അന്വേഷണത്തിലും ബി.ഡി.ഒ. ഇന്ത്യ നടത്തിയ ഓഡിറ്റിലും വ്യക്തമായി.

ഈ സാമ്പത്തികത്തിരിമറികളാണ് കമ്പനിയുടെ തകർച്ചയിലേക്കും അതുവഴി ഇ.പി.എഫ്.ഒക്ക്‌ 1,816.22 കോടി രൂപയുടെ നഷ്ടം സംഭവിക്കാനും കാരണമായതെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയത്തിന് ഇ.ഡി. നൽകിയ റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, തനിക്കെതിരായ ആരോപണങ്ങൾ അനിൽ അംബാനി നിഷേധിച്ചു. തെറ്റായ യാതൊരു കാര്യങ്ങളും ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വക്താവ് പ്രസ്താവനയിലൂടെ അറിയിച്ചു.