തിരുവനന്തപുരം/ബെംഗളൂരു: ആദായനികുതി വകുപ്പ് റെയ്ഡിനിടെ ആത്മഹത്യ ചെയ്ത വ്യവസായി സിജെ റോയിയുടെ 'അസ്വാഭാവിക മരണത്തെ'ക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമന് കത്തയച്ചു. റെയ്ഡിനിടെ തോക്കെടുത്ത് സ്വയം വെടിവയ്ക്കാൻ ഇടയായത് ഉദ്യോഗസ്ഥരുടെ ഗുരുതരമായ വീഴ്ചയാണെന്ന് നിർമലാ സീതാരാമന് അയച്ച കത്തിൽ പിണറായി വിജയൻ പറഞ്ഞു. റോയിയുടെ മരണത്തെ 'രാജ്യത്തിന്റെ നികുതി സംവിധാനത്തിനേറ്റ കളങ്കം' എന്ന് വിശേഷിപ്പിക്കുകയും റെയ്ഡിനിടെ സംഭവിച്ചതായി ആരോപിക്കപ്പെടുന്ന നടപടിക്രമങ്ങളിലെ വീഴ്ചകളെക്കുറിച്ച് ഗൗരവമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് ഉദ്യോഗസ്ഥർ ഉണ്ടായിരിക്കെ തോക്ക് റോയിക്ക് എങ്ങനെ ലഭിച്ചു എന്ന് പിണറായി വിജയൻ ചോദിച്ചു. റോയിയുടെ സഹോദരൻ നടത്തിയ പ്രസ്താവനകളെ ഉദ്ധരിച്ച്, ഐ.ടി. ഉദ്യോഗസ്ഥർ റോയിയെ പീഡിപ്പിച്ചുവെന്ന കുടുംബത്തിന്റെ ആരോപണങ്ങളും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.
റെയ്ഡിൽ പാലിക്കേണ്ട മര്യാദകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന കുടുംബത്തിന്റെ ആരോപണം ഗൗരവത്തോടെ കാണണം. ഇക്കാര്യങ്ങളിൽ നിഷ്പക്ഷമായ അന്വേഷണം വേണം. ചോദ്യം ചെയ്യുന്നതിനിടെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ സിജെ റോയിയെ മുകളിലേക്ക് പോകാൻ അനുവദിച്ചത് ഏത് സാഹചര്യത്തിലാണെന്നതുൾപ്പടെ ഉദ്യോഗസ്ഥർ വ്യക്തമാക്കണമെന്നും ഭാവിയിൽ ഇത്തരം കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ റെയ്ഡ് നടത്തുന്നതിനായി ചട്ടങ്ങൾ ഉണ്ടാക്കണമെന്നും മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.
അതേസമയം, സിജെ റോയിയുടെ മരണത്തിൽ പുതിയ വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. റോയി എഴുതി എന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്, ഇത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് നിർണായക സൂചനകൾ നൽകുന്നു. 9 പേജുകളുള്ള അത്മഹത്യാക്കുറിപ്പാണ് കുടുംബാംഗങ്ങൾക്ക് കിട്ടിയത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും ആദായനികുതി വകുപ്പിന്റെ നിരന്തര ഇടപെടൽ സമ്മർദത്തിലാക്കിയെന്നുമാണ് വിവരം.
മരണത്തിന് പിന്നിലെ നിഗൂഢതകൾ ഒഴിവാക്കാൻ ഈ കുറിപ്പ് സഹായകമാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു. പ്രത്യേക അന്വേഷണ സംഘം ഈ കുറിപ്പ് വിശദമായി പരിശോധിച്ചുവരികയാണെന്നും ഇത് അന്വേഷണത്തിലെ പ്രധാന തെളിവാണെന്നും പൊലീസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു.
കുടുംബാംഗങ്ങളോട് മാപ്പ് ചോദിച്ചുകൊണ്ടാണ് സിജെ റോയിയുടെ കുറിപ്പ് ആരംഭിക്കുന്നത്. താൻ ഒരു 'അറ്റകൈ പ്രയോഗത്തിന്' മുതിരുകയാണെന്നും അതിന് എല്ലാവരും ക്ഷമിക്കണമെന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. കടുത്ത മാനസിക വിഷമം പ്രകടമാക്കുന്നതോടൊപ്പം തന്നെ, തന്റെ വ്യക്തിപരവും ഔദ്യോഗികവുമായ കാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ നിർദ്ദേശങ്ങളും കുറിപ്പിലുണ്ട്.
വിവിധ വ്യക്തികൾക്ക് നൽകാനുള്ള പണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടെയുള്ള കൃത്യമായ സാമ്പത്തിക കാര്യങ്ങൾ റോയി കുറിപ്പിൽ പരാമർശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തന്റെ മരണശേഷം ബിസിനസ് ആര് നിയന്ത്രിക്കണമെന്നും, തന്റെ പിൻഗാമികൾ ആരായിരിക്കണമെന്നും കുറിപ്പിലുണ്ട്. കോൺഫിഡന്റ് ഗ്രൂപ്പുമായി ദീർഘകാലമായി സഹകരിക്കുന്നവരെ മാറ്റിനിർത്തരുതെന്ന് അദ്ദേഹം പറയുന്നു. അവർ തന്റെ വിശ്വസ്തരായ സഹപ്രവർത്തകരാണെന്നും, ഇവർ തുടർന്നും സ്ഥാപനത്തിന്റെ ഭാഗമായി തുടരണമെന്നും കുറിപ്പിലുണ്ട്.
പ്രത്യേക അന്വേഷണ സംഘം നിലവിൽ കുറിപ്പിലെ വിവരങ്ങൾ പരിശോധിച്ചു. ഇതിന്റെ ഭാഗമായി റോയിയുടെ ഭാര്യയുടെയും മക്കളുടെയും മൊഴി രേഖപ്പെടുത്തും. കുറിപ്പിൽ പരാമർശിച്ചിരിക്കുന്ന സാമ്പത്തികവും ബിസിനസ് സംബന്ധവുമായ കാര്യങ്ങൾ ഒത്തുനോക്കാൻ ഇവരുടെ മൊഴികൾ സഹായിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ.
Content Highlights: Kerala CM writes to FM seeking inquiry into businessman CJ Roy`s death during IT raid
Published: 02 Feb 2026, 11:31 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented