ഹൈദരാബാദ്: ഒരു കോടി രൂപ വിലമതിക്കുന്ന വാള്‍ തിരുപ്പതി ക്ഷേത്രത്തില്‍ വഴിപാടായി സമര്‍പ്പിച്ച് ഹൈദരാബാദിലെ വ്യവസായി.സ്വര്‍ണത്തിലും വെള്ളിയിലും തീര്‍ത്തതാണ് അഞ്ച് കിലോഗ്രാം ഭാരമുള്ള വാൾ. രണ്ട് കിലോ സ്വര്‍ണവും മൂന്ന് കിലോ വെള്ളിയുമാണ് വാള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിരിക്കുന്നതെന്ന് ക്ഷേത്രവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

To advertise here,

വ്യവസായിയും ഭാര്യയും ചേര്‍ന്ന് തിങ്കളാഴ്ച വാള്‍ ക്ഷേത്രത്തിന് കൈമാറി. തിരുമല-തിരുപ്പതി ദേവസ്ഥാനം (ടിടിഡി) അഡീഷണല്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എ വെങ്കടധര്‍മ്മ റെഡ്ഡിയാണ് വാള്‍ ഏറ്റുവാങ്ങിയത്. തിരുപ്പതി വെങ്കടേശ്വര പ്രഭുവിന്റെ ഭക്തനായ ഇയാള്‍ കഴിഞ്ഞ വര്‍ഷം തന്നെ വാള്‍ സമര്‍പ്പിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു, എന്നാല്‍ കൊറോണ വൈറസ് പ്രതിസന്ധി കാരണം സാധിച്ചിരുന്നില്ല.

കോയമ്പത്തൂരിലെ പേരുകേട്ട സ്വര്‍ണപ്പണിക്കാരാണ് വാള്‍ നിര്‍മ്മിച്ചത്. ആറുമാസക്കാലമെടുത്താണ് വാള്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇതാദ്യമായല്ല ഇത്രയും വിലകൂടിയ സ്വര്‍ണ്ണ വാള്‍ ഒരാള്‍ വെങ്കിടേശ്വരന് സമര്‍പ്പിക്കുന്നത്. 2018 ല്‍ തമിഴ്നാട്ടിലെ തേനിയില്‍ നിന്നുള്ള ഒരു പ്രശസ്ത തുണി വ്യാപാരിയായ തങ്ക ദുരൈ സമാനമായ ഒരു വാള്‍ സമര്‍പ്പിച്ചിരുന്നു. ആറ് കിലോ സ്വര്‍ണം കൊണ്ട് തയ്യാറാക്കിയിയ വാളിന് ഏകദേശം 1.75 കോടി രുപയാണ് മൂല്യം.

Content Highlights: businessman offers 1 crore gold sword to Tirupati Balaji Temple