മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇന്ത്യ വിടാനുള്ള ഫോറിനേഴ്‌സ് റീജ്യണൽ രജിസ്‌ട്രേഷൻ ഓഫീസ് നോട്ടീസ് ലഭിച്ച നടൻ ഇമ്രാൻ ഖാന് പിന്തുണയുമായി സംവിധായിക കിരൺ റാവു. 43 വയസ്സുള്ള ഇമ്രാന്റെ ജീവിതത്തിലെ 40 വർഷവും ഇന്ത്യയിലായിരുന്നുവെന്ന് അവർ ഓർമിപ്പിച്ചു.

To advertise here,

സോഷ്യൽ മീഡിയയിലൂടെയാണ് കിരൺ റാവു തന്റെ നിലപാട് വ്യക്തമാക്കിയത്. '43 വയസ്സ്. അതിൽ 40 വർഷവും ഇന്ത്യയിൽ. പഠിച്ചതും ജോലി ചെയ്തതും വിജയിച്ചതും പരാജയപ്പെട്ടതും പ്രണയിച്ചതും പോരാടിയതും ഇവിടെ', എന്ന് കിരൺ റാവു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇമ്രാന് നോട്ടീസ് ലഭിച്ചത് സംബന്ധിച്ച വാർത്ത പങ്കുവെച്ചാണ് കുറിപ്പ്.

ബോളിവുഡ് താരം ആമിർ ഖാന്റെ അനന്തരവനാണ് ഇമ്രാൻ ഖാൻ. ആമിറിന്റെ മുൻഭാര്യയാണ് കിരൺ റാവു.

ഒക്ടോബർ 10-ന് മുംബൈ സെൻട്രലിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് 'കോക്രോച്ച് ജനതാ പാർട്ടി' സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇമ്രാൻ ഖാനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഐ.ആറിൽ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പ്രതിഷേധം. ഇമ്രാനൊപ്പം പങ്കാളി ലേഖ വാഷിങ്ടണും കസ്റ്റഡിയിലായിരുന്നു. യു.എസ്. പാസ്പോർട്ടും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുമുള്ള ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തതിനെതിരെ ബി.ജെ.പി. നേതാവ് കിരിത് സോമയ്യ നൽകിയ പരാതിയിലാണ് (എഫ്.ആർ.ആർ.ഒ) നടപടി സ്വീകരിച്ചത്.

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് 2025-ലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ആർ.ആർ.ഒ. നോട്ടീസ്. ഒക്ടോബർ 28-നകം രാജ്യം വിടാനാണ് നോട്ടീസിലെ നിർദ്ദേശം. നിലവിൽ മുംബൈയിലെ ഖാറിലാണ് ഇമ്രാൻ താമസിക്കുന്നത്.

അതേസമയം, നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകൻ സുൽഫിക്കർ മേമൻ സ്ഥിരീകരിച്ചു. ഒ.സി.ഐ. കാർഡ് ഉടമകൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് നിയമപരമായി വിലക്കിയിട്ടില്ലെന്നാണ് വാദം.