നടൻ ഇമ്രാൻ ഖാനെതിരെ രൂക്ഷമായ വിമർശനവുമായി പ്രമുഖ നടൻ ഗജേന്ദ്ര ചൗഹാൻ. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുത്തതിനെ തുടർന്ന് ഇമ്രാൻ ഖാന് ഇന്ത്യ വിടാനുള്ള ഫോറിനേഴ്‌സ് റീജ്യണൽ രജിസ്‌ട്രേഷൻ ഓഫീസ് നോട്ടീസ് അയച്ചതിനുപിന്നാലെയാണിത്. ഒരു അമേരിക്കൻ പൗരനായ ഇമ്രാൻ ഖാൻ ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്ന് ഗജേന്ദ്ര ചൗഹാൻ വ്യക്തമാക്കി. വാർത്താ ഏജൻസിയായ ANI-യോടായിരുന്നു ഗജേന്ദ്ര ചൗഹാന്റെ പ്രതികരണം.

To advertise here,

ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡിൽ ഇന്ത്യയിൽ താമസിക്കുന്ന വ്യക്തികൾക്ക് ചില നിയന്ത്രണങ്ങൾക്ക് വിധേയരാണെന്നും നിയമലംഘനത്തിന് ഉചിതമായ നടപടി ഉണ്ടാകണമെന്നും ഗജേന്ദ്ര ചൗഹാൻ വ്യക്തമാക്കി. "അദ്ദേഹമൊരു അമേരിക്കൻ പൗരനാണ്, അദ്ദേഹം ഇവിടെയാണ് താമസിച്ചിരുന്നത്. പ്രതിഷേധിക്കാൻ അദ്ദേഹം പോകാൻ പാടില്ലായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. കാരണം അത് നിയമവിരുദ്ധമാണ്. ഒരാൾ ഇന്ത്യയിൽ ഒസിഐ കാർഡിലാണ് താമസിക്കുന്നതെങ്കിൽ, അയാൾക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല, വോട്ട് ചെയ്യാൻ കഴിയില്ല, പ്രതിഷേധിക്കാനും കഴിയില്ല. അതിനാൽ, അദ്ദേഹം അത് ചെയ്തിട്ടുണ്ടെങ്കിൽ, തീർച്ചയായും അദ്ദേഹത്തിന് ശിക്ഷ ലഭിക്കണം." ചൗഹാൻ പറഞ്ഞു.

രാജ്യം വിടാൻ ഇമ്രാന് അനുവദിച്ച സമയത്തെ ചോദ്യം ചെയ്ത അദ്ദേഹം, അധികാരികൾ കൂടുതൽ വേഗത്തിൽ പ്രവർത്തിക്കണമെന്നും അഭിപ്രായപ്പെട്ടു. "നിങ്ങൾ ഇന്ത്യയിൽ ഇത്രയും വലിയൊരു സെലിബ്രിറ്റിയായിരുന്നു. നിങ്ങൾ പേരും പണവുമുണ്ടാക്കി, ഒരു സ്ഥാനം നേടി. ഇന്ത്യക്കാർ നിങ്ങളെ സ്നേഹിച്ചിരുന്നു. അതൊക്കെയാണെങ്കിലും, ഇന്ത്യയിലെ വ്യവസ്ഥകൾക്കെതിരായ ഒരു പ്രതിഷേധത്തിന് നിങ്ങൾ പോകുകയാണെങ്കിൽ അതൊരു നിയമലംഘനമാണ്. നിയമലംഘനം ഉണ്ടാകുമ്പോൾ, അവിടെ ശിക്ഷയും ഉണ്ടാകും." ഗജേന്ദ്ര ചൗഹാൻ കൂട്ടിച്ചേർത്തു.

Also Read: ആമിർ ഖാന്റെ അനന്തരവൻ; യു.എസിൽ ജനനം, കുട്ടിക്കാലം മുംബൈയിൽ; എന്തുകൊണ്ട് ഇമ്രാന് ഇന്ത്യ വിടാൻ നോട്ടീസ്?

ഒക്ടോബർ 10-ന് മുംബൈ സെൻട്രലിലെ ഓഗസ്റ്റ് ക്രാന്തി മൈതാനത്ത് 'കോക്രോച്ച് ജനതാ പാർട്ടി' സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുത്തതിന് ഇമ്രാൻ ഖാനെ മുംബൈ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഐ.ആറിൽ ക്രമക്കേടുകൾ ആരോപിച്ചായിരുന്നു പ്രതിഷേധം. ഇമ്രാനൊപ്പം പങ്കാളി ലേഖ വാഷിങ്ടണും കസ്റ്റഡിയിലായിരുന്നു. യു.എസ്. പാസ്പോർട്ടും ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ) കാർഡുമുള്ള ഇമ്രാൻ ഖാൻ പ്രതിഷേധത്തിൽ പങ്കെടുത്തതിനെതിരെ ബി.ജെ.പി. നേതാവ് കിരിത് സോമയ്യ നൽകിയ പരാതിയിലാണ് (എഫ്.ആർ.ആർ.ഒ) നടപടി സ്വീകരിച്ചത്.

ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ആക്ട് 2025-ലെ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് എഫ്.ആർ.ആർ.ഒ. നോട്ടീസ്. ഒക്ടോബർ 28-നകം രാജ്യം വിടാനാണ് നോട്ടീസിലെ നിർദ്ദേശം. നിലവിൽ മുംബൈയിലെ ഖാറിലാണ് ഇമ്രാൻ താമസിക്കുന്നത്. അതേസമയം, നോട്ടീസിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഇമ്രാൻ ഖാന്റെ അഭിഭാഷകൻ സുൽഫിക്കർ മേമൻ സ്ഥിരീകരിച്ചു. ഒ.സി.ഐ. കാർഡ് ഉടമകൾ പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നത് നിയമപരമായി വിലക്കിയിട്ടില്ലെന്നാണ് വാദം.