ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്കുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതിയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് നന്ദിയറിച്ച് ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബൊല്‍സനാരോയുടെ ട്വീറ്റ്. ആഗോളപ്രതിസന്ധി മറികടക്കാനുള്ള യജ്ഞത്തില്‍ ഉത്കൃഷ്ടനായ പങ്കാളിയെ ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ബൊല്‍സനാരോ ട്വീറ്റില്‍ അറിയിച്ചു. രണ്ട് ദശലക്ഷം കോവിഷീല്‍ഡ് വാക്‌സിന്‍ ഡോസുകളാണ് വെള്ളിയാഴ്ച ഇന്ത്യയില്‍ നിന്ന് ബ്രസീലിലേക്ക് അയച്ചത്. 

To advertise here,

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിസംബോധന ചെയ്ത് ആരംഭിക്കുന്ന ട്വീറ്റില്‍ കോവിഡ് പ്രതിസന്ധി തരണം ചെയ്യാനുള്ള ശ്രമത്തില്‍ ഇന്ത്യയെ പോലെ മഹത്തായ രാജ്യത്തിന്റെ പങ്കാളിത്തം ലഭിച്ചതില്‍ അതിയായ അഭിമാനമുണ്ടെന്ന് ബ്രസീല്‍ പ്രസിഡന്റ് കുറിച്ചു. ബ്രസീലിലേക്ക് വാക്‌സിന്‍ കയറ്റി അയച്ച് ഇന്ത്യ നല്‍കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയും അറിയിച്ചു. 

പോര്‍ച്ചുഗീസ്‌ ഭാഷയിലാണ് ട്വീറ്റെങ്കിലും അഭിസംബോധന ചെയ്യാന്‍ നമസ്‌കാര്‍, നന്ദിയറിയിക്കാന്‍ ധന്യവാദ് എന്നീ ഹിന്ദി വാക്കുകളാണ് ബൊല്‍സനാരോ ഉപയോഗിച്ചത്. ട്വീറ്റിന്റെ ഇംഗ്ലീഷ് പരിഭാഷ ആദ്യ റിപ്ലൈയായി ട്വീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. കൂടാതെ ഇന്ത്യയുടെ ഇതിഹാസത്തില്‍നിന്ന് കടമെടുത്ത ഒരു ചിത്രവും ബൊല്‍സനാരോ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനുള്ള മൃതസഞ്ജീവനിക്കായി മഹേരു പര്‍വതം കൈയിലേന്തി ആകാശത്തൂടെ നീങ്ങുന്ന ഹനുമാന്റെ ചിത്രമാണ് ട്വീറ്റിലുള്ളത്. 

ലോകത്തിലെ നൂറോളം രാജ്യങ്ങള്‍ കോവിഡ് വാക്‌സിന് വേണ്ടി ഇന്ത്യയെ സമീപിച്ചു കഴിഞ്ഞു. മുംബൈ വിമാനത്താവളത്തില്‍ നിന്ന് 14.17 ദശലക്ഷം കോവിഷീല്‍ഡ് ഡോസുകള്‍ ഇതിനോടകം ലോകവിവിധ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തതായി ജനുവരി 22 ന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ദ ബ്യൂറോ ഓഫ് സൗത്ത് ആന്‍ഡ് സെന്‍ട്രല്‍ ഏഷ്യന്‍ അഫയേഴ്‌സും(എസ് സി എ)ഇന്ത്യയുടെ വാക്‌സിന്‍ കയറ്റുമതിയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. 

തെക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ഇന്ത്യയുടെ സൗജന്യവാക്‌സിന്‍ കയറ്റുമതിയെ അഭിനന്ദിക്കുന്നതായും പ്രതിരോധ മരുന്ന് നല്‍കി ആഗോളസമൂഹത്തെ സഹായിക്കുന്ന ഇന്ത്യ ഒരു യഥാര്‍ഥ സുഹൃത്താണെന്നും എസ് സി എ ട്വീറ്റില്‍ കുറിച്ചു. 

Content Highlights: Brazil President Bolsonaro thanks PM Modi for vaccine export with Hanuman pic