ഗുരുഗ്രാം: പെൺകുട്ടിയെ സ്യൂട്ട് കെയ്സിലാക്കി ആൺസുഹൃത്ത് ഹോസ്റ്റലിൽ എത്തിച്ച സംഭവം 'പ്രാങ്ക്' ആണെന്ന വിശദീകരണവുമായി ഹരിയാണയിലെ സോനിപത്തിലെ ഒ.പി. ജിൻഡാൽ സർവകലാശാല. സംഭവം നടന്നത് പെൺകുട്ടികളുടെ ഹോസ്റ്റലിലാണെന്നും സർകലാശാലയുടെ വിശദീകരണത്തിൽ പറയുന്നു.

To advertise here,

പെൺകുട്ടിയെ ബോയ്സ് ഹോസ്റ്റലിലെത്തിക്കാനുള്ള ആൺസുഹൃത്തിന്റെ ശ്രമം പകുതിവഴിക്ക് പാളിപ്പോയെന്ന തരത്തിൽ കഴിഞ്ഞ ദിവസം വീഡിയോ പ്രചരിച്ചിരുന്നു. ഇതിലാണ് ഇപ്പോൾ കോളേജിന്റെ വിശദീകരണം ഉണ്ടായിരിക്കുന്നത്. തമാശ അതിരുകടന്നതിനാൽ വിദ്യാർഥികൾക്കെതിരേ നടപടിയെടുക്കുമെന്നും കോളേജ് വ്യക്തമാക്കി. 

ശനിയാഴ്ച രാവിലെയായിരുന്നു വീഡിയോ പുറത്തുവന്നത്. സ്യൂട്ട് കെയ്സിൽനിന്ന് ഇറങ്ങിവരുന്ന പെൺകുട്ടിയേയും ചുറ്റും കൂടിനിൽക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരേയും വീഡിയോയിൽ കാണാം. ബോയ്സ് ഹോസ്റ്റലിലെ മറ്റൊരു വിദ്യാർത്ഥിയാണ് വീഡിയോ പകർത്തിയതെന്നായിരുന്നു റിപ്പോർട്ട്. 

എന്നാൽ, ഇത് ഒരുകൂട്ടം പെൺകുട്ടികൾ ഒപ്പിച്ച പണിയാണെന്ന് വകലാശാലയിലെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ അഞ്ജു മോഹൻ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പെൺകുട്ടികളുടെ സംഘം ചെറുതമാശയുടെ ഭാഗമായി ഒപ്പിച്ചതാണ്. തങ്ങളുടെ കൂട്ടത്തിലുള്ള പെൺകുട്ടിയെ സ്യൂട്ട്കെയ്സിലാക്കുകയായിരുന്നു. സംശയാസ്പദമായി കണ്ട പെട്ടി സുരക്ഷാ ഉദ്യോഗസ്ഥർ തുറന്നപ്പോഴാണ് ഉള്ളിൽ പെൺകുട്ടിയെ കണ്ടത്. സംഭവം പെൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്ത് നടന്നതാണെന്നും അദ്ദേഹം പറഞ്ഞു.