മുംബൈ: ഗാസയിൽ നടക്കുന്ന വംശഹത്യക്കെതിരായ സിപിഎം പ്രതിഷേധത്തിന് മുംബൈ പോലീസ് അനുമതി നിഷേധിച്ചതിനെതിരേ പാർട്ടി സമർപ്പിച്ച ഹർജി ബോംബെ ഹൈക്കോടതി തള്ളി. ഇന്ത്യയിലെ വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ ഹൈക്കോടതി പാർട്ടിയെ ഉപദേശിച്ചു. ഭരണഘടന അനുവദിക്കുന്ന സ്വാതന്ത്ര്യത്തെയും പലസ്തീൻ സ്വാതന്ത്ര്യത്തിന് ഇന്ത്യ നൽകുന്ന പരമ്പരാഗത പിന്തുണയെയും കോടതി അവഗണിച്ചെന്ന് സിപിഎം വിമർശിച്ചു.
ഗാസയിലെ ‘വംശഹത്യ’യിൽ പ്രതിഷേധിച്ച് ദക്ഷിണ മുംബൈയിലെ ആസാദ് മൈതാൻ ഗ്രൗണ്ടിൽ റാലി നടത്താൻ ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷന് കഴിഞ്ഞമാസം പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്നാണ് പാർട്ടി കോടതിയെ സമീപിച്ചത്. ആയിരക്കണക്കിന് മൈലുകൾ അകലെയുള്ള വിഷയങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതിനുപകരം രാജ്യത്തെ ബാധിക്കുന്ന പ്രശ്നങ്ങളിൽ പാർട്ടി ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് ഉപദേശിച്ച് ജസ്റ്റിസുമാരായ രവീന്ദ്ര ഗുഗെ, ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
ക്രമസമാധാനപ്രശ്നത്തിന് കാരണമാകുമെന്ന് പറഞ്ഞാണ് പോലീസ് അനുമതി നിഷേധിച്ചതെന്ന് സിപിഎമ്മിനുവേണ്ടി ഹാജരായ അഭിഭാഷകൻ മിഹിർ ദേശായി ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ, ഇത്തരം പരിപാടികൾക്കായി വേർതിരിച്ച സ്ഥലത്ത് പ്രകടനം നടത്താൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുടെപേരിൽ അനുമതി നിഷേധിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാൽ, കോടതി ഈ വാദം അംഗീകരിച്ചില്ല. കോടതിയുടെ നിലപാടിനെ സിപിഐ (എം) പ്രസ്താവനയിൽ വിമർശിച്ചു. അനുമതി നിഷേധിച്ചതിനെ ചോദ്യംചെയ്ത് പാർട്ടി സമർപ്പിച്ച അപേക്ഷ തള്ളി, ബോംബെ ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെ സിപിഎം പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിച്ചു.
Content Highlights: Bombay High Court rejected a petition cpm gaza
Published: 26 Jul 2025, 03:05 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented