ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ ഏപ്രില്‍ മാസം അവസാനത്തോടെ പ്രഖ്യാപിക്കും. പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭാ വികസനവും പുനഃസംഘടനയും ഉണ്ടായേക്കും. എന്‍ഡിഎ സഖ്യകക്ഷികളായ എന്‍സിപി, ശിവസേന, ജെഡിയു തുടങ്ങിയവര്‍ക്ക് കേന്ദ്രമന്ത്രിസഭയിൽ സ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം.
മുന്‍കേന്ദ്രമന്ത്രിമാരായ മനോഹര്‍ ലാല്‍ ഖട്ടര്‍, ധര്‍മേന്ദ്ര പ്രധാന്, ഭൂപേന്ദര്‍ യാദവ് തുടങ്ങിയവരുടെ പേരുകളാണ് ബിജെപി ദേശീയ അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. വിഷയത്തില്‍ അടുത്തയാഴ്ച ബിജെപി, ആര്‍എസ്എസിന്റെ അഭിപ്രായം ആരാഞ്ഞേക്കും. ഈയാഴ്ച അവസാനത്തോടെ സംസ്ഥാനങ്ങളിലെ പുനഃസംഘടനാ പ്രക്രിയകള്‍ പൂര്‍ത്തീകരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ദേശീയ അധ്യക്ഷന്റെ പേര് പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി അവശേഷിക്കുന്ന 4-5 സംസ്ഥാനങ്ങളിലെ പുതിയ അധ്യക്ഷന്മാരുടെ പേരുകൂടി പാര്‍ട്ടി പ്രഖ്യാപിക്കും.
മഹാരാഷ്ട്രയിലെ വലിയ വിജയത്തിന് പിന്നാലെ കാബിനറ്റില്‍ മികച്ച സ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് എന്‍സിപിയും ശിവസേനയും. ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഉപേന്ദ്ര കുശ്വാഹയെ പോലുള്ളവരെ ബിജെപി, കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭാ വികസനവും പുനഃസംഘടനയും മൂന്നാം മോദിസര്‍ക്കാരിന്റെ ആദ്യവാര്ഷികത്തോട് അനുബന്ധിച്ചാകും നടക്കുക.
Content Highlights: bjp to announce new president by april end
Published: 18 Apr 2025, 03:08 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented