ന്യൂഡൽഹി: പാർട്ടി പുനഃസംഘടന പൂർത്തിയാക്കിയതിന് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുന:സംഘടനയ്‌ക്കൊരുങ്ങി ബിജെപി. അടുത്തിടെ പ്രതിപക്ഷ പാർട്ടികൾ പിളർത്തി എത്തിയ പലർക്കും മന്ത്രിസഭയിൽ ഇടംകിട്ടിയേക്കും. എഎപി വിട്ട്‌ ബിജെപിയിലെത്തിയ രാഘവ് ഛദ്ദ ബിജെപിയിലെ യുവമുഖമായ തേജസ്വി സൂര്യയും മന്ത്രിമാരാകുമെന്നാണ് വിവരം. യുവമോർച്ചയുടെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് തേജസ്വി സൂര്യയെ മാറ്റിയത് ഇതിന് മുന്നോടിയായിട്ടാണെന്നാണ് സൂചന.

To advertise here,

യുവാക്കൾക്ക് പുന:സംഘടനയിൽ കൂടുതൽ പ്രാതിനിധ്യം കിട്ടും. ജെൻസി പ്രക്ഷോഭത്തെ തുടർന്ന് പാർട്ടിക്ക് നേരിട്ട പ്രതിഛായ നഷ്ടം നികത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇതിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കും സ്ത്രീകൾക്കും മന്ത്രിസഭയിൽ പ്രാധാന്യം നൽകും.

പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്ക് മന്ത്രിസഭയിൽ കൂടുതൽ പ്രാധാന്യം നൽകിയേക്കും. നാളുകളായി പാർട്ടി നേതൃത്വത്തിൽ നിന്ന് മാറ്റിനിർത്തിയിരുന്നവരെയൊക്കെ തിരികെ പാർട്ടി ദേശീയ ചുമതലകളിലേക്ക് എത്തിക്കുന്ന സമീപനമാണ് സംഘടനാ പുനഃസംഘടനയിൽ ബിജെപി അനുവർത്തിച്ചത്. ഇതേപോലെ മാറ്റിനിർത്തപ്പെട്ടവരുൾപ്പെടെ മന്ത്രിസഭയിലേക്ക് എത്താനുള്ള സാധ്യതകളും പറഞ്ഞുകേൾക്കുന്നുണ്ട്. 

പാർട്ടി പുന:സംഘടനയിൽ ട്രഷറർ സ്ഥാനത്തേക്ക് നിയോഗിച്ചതോടെ വാണിജ്യ-വ്യവസായ മന്ത്രി പീയുഷ് ഗോയലിനെ കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കാനും സാധ്യതയുണ്ട്. ഒരാൾക്ക് ഒരു പദവി എന്ന നയമാണ് ബിജെപി തുടരുന്നത്. അതിനാലാണ് പീയുഷ് ഗോയൽ ഒഴിവാക്കപ്പെടാനുള്ള സാധ്യത തെളിയുന്നത്. പീയുഷ് ഗോയലിന്റെ പിതാവ് വേദ് പ്രകാശ് ഗോയൽ 20 വർഷത്തോളം ബിജെപിയുടെ ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്.

ആറ് കാബിനറ്റ് മന്ത്രിമാർ നിലവിൽ രണ്ടോ മൂന്നോ വകുപ്പുകൾ കൈകാര്യം ചെയ്യുന്നുണ്ട്. ബിഹാർ മുഖ്യമന്ത്രി പദം ഒഴിഞ്ഞ് രാജ്യസഭാംഗമായ നിതീഷ് കുമാർ കേന്ദ്രമന്ത്രിസഭയിലെത്തും. മനോജ് സിൻഹ, ശ്രീകാന്ത് ഷിൻഡെ, സുരേഷ് കാശ്യപ്, അനുരാഗ് താക്കൂർ, അരുൺ ഗോവിൽ, സഞ്ജയ് ദിന പാട്ടീൽ, സഞ്ജയ് ബല്യാൻ, കകോലി ഘോഷ്, സുദീപ് ബന്ദോപാധ്യായ റിസർവ് ബാങ്ക് മുൻ ഗവർണർ ശക്തികാന്ത ദാസ് എന്നിവരെ മന്ത്രിമാരായി പരിഗണിക്കുന്നതായാണ് റിപ്പോർട്ടുകൾ. ജോർജ് കുര്യന്റെ രാജ്യസഭാ കാലാവധി കഴിഞ്ഞതോടെ മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യത്തിൽ കേരളത്തിൽ നിന്ന് ആരെങ്കിലും കാബിനറ്റിൽ ഉൾപ്പെടുമോ എന്ന ആകാംക്ഷയും നിലനിൽക്കുന്നു.

കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനേവാൾ വിഴിഞ്ഞം കയറ്റുമതി ഇറക്കുമതി എക്‌സിം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാതെ അവസാന നിമിഷം കേരളത്തിലേക്കുള്ള യാത്ര റദ്ദാക്കിയത് മന്ത്രിസഭാ പുന:സംഘടനയുടെ പശ്ചാത്തലത്തിലാണെന്നാണ് റിപ്പോർട്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ആലപിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് വിഴിഞ്ഞത്തെ ഉദ്ഘാടന ചടങ്ങ് ബിജെപി ബഹിഷ്‌കരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി യാത്ര റദ്ദാക്കിയതെന്നാണ് ബിജെപി വൃത്തങ്ങൾ പറയുന്നത്.