ന്യൂഡൽഹി: എഷ്യാ കപ്പ് വിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാത്തതിൽ കോൺഗ്രസിനും പാർട്ടി നേതാവ് രാഹുൽ ഗാന്ധിയ്ക്കുമെതിരെ ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധി പാകിസ്താൻ സൈനിക മേധാവി അസിം മുനീറിന്റെ ഉറ്റ സുഹൃത്താണെന്ന് വിശേഷിപ്പിച്ച പാർട്ടി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി, കോൺഗ്രസ് ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾക്ക് എതിരാണെന്നും ആരോപിച്ചു.

To advertise here,

കായികരംഗത്ത് പാകിസ്താനെ തകർത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ രാഹുൽ ഗാന്ധി ഇതുവരെ അഭിനന്ദിച്ചിട്ടില്ല, അതേസമയത്ത് പാകിസ്താൻ പൂർണ്ണമായും ഒറ്റപ്പെടുമ്പോൾ, പാകിസ്താനോട് സ്പോർട്സ്മാൻ സ്പിരിറ്റ് കാണിക്കണമെന്ന് കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെടുന്നു. എന്തുകൊണ്ടാണ് കോൺഗ്രസ് എപ്പോഴും ഇന്ത്യയെക്കാൾ പാകിസ്താനെ പിന്തുണയ്ക്കുന്നത്", പ്രദീപ് ഭണ്ഡാരി എക്സ് പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് പാകിസ്താന്റെ ബി-ടീം ആണെന്നും ഭണ്ഡാരി വിശേഷിപ്പിച്ചു.

"ഓപ്പറേഷൻ സിന്ദൂറിൽ കോൺഗ്രസ് പാകിസ്താനൊപ്പം നിന്നു. ഓപ്പറേഷൻ തിലകിൽ കോൺഗ്രസ് പാകിസ്താനൊപ്പം നിൽക്കുന്നു. രാഹുൽ ഗാന്ധി അസിം മുനീറിന്റെ ഉറ്റ സുഹൃത്താണ്", ഭണ്ഡാരി പറഞ്ഞു.

പാകിസ്താനെതിരായ ഇന്ത്യൻ ടീമിന്റെ വിജയം രാഹുൽ ഗാന്ധിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും കോമ അവസ്ഥയിൽ ആക്കിയതായി മുതിർന്ന ബിജെപി നേതാവും പാർട്ടിയുടെ ഐടി വിഭാഗം മേധാവിയുമായ അമിത് മാളവ്യ പറഞ്ഞു.

"ഓപ്പറേഷൻ സിന്ദൂറിന് ശേഷം, ഇന്ത്യൻ സൈന്യത്തിന്റെ അതിഗംഭീരമായ ആക്രമണങ്ങളെ അഭിനന്ദിക്കാൻ അവർക്ക് കഴിയാതിരുന്നത് പോലെ, ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയം രാജ്യത്തോടൊപ്പം ആഘോഷിക്കുന്നതിന് മുൻപ് മൊഹ്സിൻ നഖ്‌വിയിൽ നിന്നും പാകിസ്താനിലെ അവരുടെ മറ്റ് അടുപ്പക്കാരിൽ നിന്നും അവർ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് തോന്നുന്നു. ടൂർണമെന്റിൽ മൂന്ന് തവണ പാകിസ്താനെ തകർത്ത് ഏഷ്യാ കപ്പ് രാജ്യത്തെത്തിച്ച നമ്മുടെ ദേശീയ ടീമിനെ അഭിനന്ദിച്ചുകൊണ്ട് കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു സാമൂഹിക മാധ്യമ പോസ്റ്റ് പോലും വന്നിട്ടില്ല", മാളവ്യ പറഞ്ഞു.