ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബി.എസ്.പി. അംഗം ദാനിഷ് അലിയ്‌ക്കെതിരെ വര്‍ഗീയ അധിക്ഷേപപരാമര്‍ശം നടത്തിയ എം.പി. രമേശ് ബിധൂരിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച് ബി.ജെ.പി. സഭാചട്ടങ്ങള്‍ക്ക് വിരുദ്ധമായ പദങ്ങള്‍ ഉപയോഗിച്ചതിന് 15 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നോട്ടീസ്. 

To advertise here,

ഇതിനി ദാനിഷ് അലിയ്ക്കു നേരെയുണ്ടായ വര്‍ഗീയ അധിക്ഷേപത്തില്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദാനിഷ് അലിയെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കുകയും ചെയ്തു. രമേശ് ബിധൂരിയ്‌ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ എം.പി. സ്ഥാനം രാജി വെക്കുമെന്നാണ് ദാനിഷ് അലിയുടെ പക്ഷം. ഇത്തരം അധിക്ഷേപങ്ങള്‍ കേള്‍ക്കാനല്ല ജനം തന്നെ തിരഞ്ഞെടുത്തതെന്നും ആര്‍.എസ്.എസ്. ശാഖയില്‍ നിന്നാണോ ഇത്തരം പദങ്ങള്‍ ബിധൂരി പഠിച്ചതെന്നും ദാനിഷ് ചോദിച്ചു. ബിധൂരിയ്‌ക്കെതിരെ ദാനിഷ് അലി അവകാശലംഘന നോട്ടീസ് അയക്കുകയും ചെയ്തു.

തനിക്ക് മനോവീര്യം നല്‍കാനും പിന്തുണ നല്‍കാനുമാണ് രാഹുല്‍ ഇവിടെ വന്നതെന്ന് ദാനിഷ് അലി വ്യക്തമാക്കി. നിങ്ങള്‍ തനിച്ചല്ലെന്നും ജനാധിപത്യത്തിനൊപ്പം നില്‍ക്കുന്ന എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ടെന്നും രാഹുല്‍ പറഞ്ഞതായി ദാനിഷ് കൂട്ടിച്ചേര്‍ത്തു.

ചന്ദ്രയാന്‍-3ന്റെ വിജയചര്‍ച്ചകള്‍ക്കിടെയായിരുന്നു രമേശ് ബിധൂരിയുടെ വിവാദപരാമര്‍ശം. ദാനിഷ് അലി തീവ്രവാദിയാണെന്നുള്‍പ്പടെയുള്ള അസഭ്യപരാമര്‍ശങ്ങള്‍ ബിധൂരി സഭയില്‍ നടത്തി. വിഷയത്തില്‍ രമേശ് ബിധൂരിയ്ക്ക് സ്പീക്കര്‍ ഓം ബിര്‍ള താക്കീതു നല്‍കിയിട്ടുണ്ട്. പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കാനും സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. പിന്നാലെ ബിജെപി അംഗത്തില്‍ നിന്നുണ്ടായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് രംഗത്തെത്തുകയും ചെയ്തു.