ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ ബി.എസ്.പി. അംഗം ദാനിഷ് അലിയ്‌ക്കെതിരെ ബി.ജെ.പി. എം.പി. രമേശ് ബിധൂരി നടത്തിയ വര്‍ഗീയ അധിക്ഷേപപരാമര്‍ശം കൂടുതല്‍ വിവാദങ്ങളിലേക്ക്. വിവാദത്തില്‍ മുന്‍ കേന്ദ്ര ആരോഗ്യമന്ത്രിയും ബി.ജെ.പി. എം.പിയുമായ ഹര്‍ഷ വര്‍ധനു നേരെയും വലിയ തോതിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. ദാനിഷ് അലിയ്ക്കു നേരെ രമേശ് ബിധൂരി അധിക്ഷേപം നടത്തുമ്പോള്‍ സഭയിലുണ്ടായിരുന്ന ഹര്‍ഷ വര്‍ധനും മറ്റൊരു മുന്‍മന്ത്രി രവിശങ്കര്‍ പ്രസാദും പൊട്ടിച്ചിരിക്കുന്നത് പുറത്ത് വന്ന ദൃശ്യങ്ങളില്‍ കാണാം. ഇതോടെ പല ഭാഗത്തുനിന്നും ഇരുവര്‍ക്കും നേരെ വിമര്‍ശനങ്ങളുയര്‍ന്നു. 

To advertise here,

എന്നാല്‍ രണ്ട് എം.പിമാര്‍ തമ്മില്‍ നടത്തിയ അപകീര്‍ത്തി പരാമര്‍ശങ്ങളിലേക്ക് തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നായിരുന്നു ഹര്‍ഷ വര്‍ധന്റെ പ്രതികരണം. തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ നിക്ഷിപ്ത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ആരോപണങ്ങള്‍ കെട്ടിചമയ്ക്കുകയാണ് എന്നും എം.പി. പറഞ്ഞു. ബഹളം കാരണം സഭയില്‍ രമേശ് ബിധൂരി പറഞ്ഞത് എന്താണെന്ന് കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും ഹര്‍ഷ വര്‍ധന്‍ അവകാശപ്പെട്ടു. 

ചന്ദ്രയാന്‍-3ന്റെ വിജയചര്‍ച്ചകള്‍ക്കിടെയായിരുന്നു രമേശ് ബിധൂരിയുടെ വിവാദപരാമര്‍ശം. ദാനിഷ് അലി തീവ്രവാദിയാണെന്നുള്‍പ്പടെയുള്ള അസഭ്യപരാമര്‍ശങ്ങള്‍ ബിധൂരി സഭയില്‍ നടത്തി. വിഷയത്തില്‍ രമേശ് ബിധൂരിയ്ക്ക് സ്പീക്കര്‍ ഓം ബിര്‍ള താക്കീതു നല്‍കിയിട്ടുണ്ട്. പരാമര്‍ശം സഭാരേഖകളില്‍ നിന്ന് നീക്കാനും സ്പീക്കര്‍ നിര്‍ദ്ദേശം നല്‍കി. പിന്നാലെ ബിജെപി അംഗത്തില്‍ നിന്നുണ്ടായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് രംഗത്തെത്തുകയും ചെയ്തു. 

ന്യൂനപക്ഷ എം.പി. എന്ന നിലയില്‍ തനിക്കെതിരെയുണ്ടായ പരമാര്‍ശം അത്യന്തം ഹൃദയഭേദകമാണെന്ന് ദാനിഷ് അലി പറഞ്ഞു. ഒരു എം.പിയായ തനിക്ക് ഇത് നേരിടേണ്ടി വന്നെങ്കില്‍ രാജ്യത്തെ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കുമെന്നും ദാനിഷ് വ്യക്തമാക്കി. സംഭവത്തില്‍ നടപടിയെടുക്കണമെന്നും ദാനിഷ് അലി കൂട്ടിച്ചേര്‍ത്തു.