ന്യൂഡല്‍ഹി: നിലപാടുകള്‍ അറിയിക്കാന്‍ ബാഗുകള്‍ വരെ ഉപയോഗിക്കുന്ന നേതാവാണ് കോണ്‍ഗ്രസ് എം.പി. പ്രിയങ്ക ഗാന്ധി. പലസ്തീനിനോടും ബംഗ്ലാദേശിനോടുമൊക്കെ ഉള്ള ഐക്യദാര്‍ഢ്യം തന്റെ ബാഗുകളിലൂടെ പ്രിയങ്ക തെളിയിച്ചിട്ടുണ്ട്. തന്റെ 'നിലപാട് ബാഗുകളുമായി' പാര്‍ലമെന്റില്‍ എത്തുന്ന പ്രിയങ്കയ്ക്ക് ഒരു പുതിയ ബാഗ് സമ്മാനിച്ചിരിക്കുകയാണ് ബിജെപി എം.പി. അപരാജിത സാരംഗി. വെള്ളിയാഴ്ച പാര്‍ലമെന്റിലെത്തിയ പ്രിയങ്കയ്ക്ക് '1984' എന്നെഴുതിയ ബാഗാണ് അപരാജിത സമ്മാനിച്ചത്.

To advertise here,

വെള്ള നിറത്തിലുള്ള ബാഗില്‍ ചുവന്ന നിറത്തിലാണ് 1984 എന്ന് എഴുതിയിട്ടുള്ളത്. അക്കങ്ങളില്‍നിന്ന് ചുവന്ന നിറം താഴേക്ക് ഒഴുകുന്ന തരത്തില്‍, ചോര ഒലിക്കുന്നതുപോലെ, ആണ് എഴുതിയിട്ടുള്ളത്. 1984-ല്‍ ഉണ്ടായ സിഖ് വിരുദ്ധ കലാപങ്ങളെ ഓര്‍മിപ്പിച്ചുകൊണ്ടാണ് ബാഗുകള്‍ ഇഷ്ടപ്പെടുന്ന കോണ്‍ഗ്രസ് എം.പി. പ്രിയങ്ക ഗാന്ധിക്ക്, ഇത്തരത്തില്‍ ഒരു ബാഗ് സമ്മാനിച്ചതെന്ന് അപരാജിത എക്‌സില്‍ കുറിച്ചു.

'നമ്മുടെ ബഹുമാനപ്പെട്ട എം.പി.ക്ക് ബാഗുകള്‍ വലിയ ഇഷ്ടമാണ്. അതുകൊണ്ട് ഞാന്‍ അവര്‍ക്ക് ഒരു ബാഗ് സമ്മാനിച്ചു. ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നീട് അവര്‍ അതുവാങ്ങി മടക്കി കൈയില്‍വെച്ചു... 1984-ല്‍ നടന്ന സിഖ് കൂട്ടക്കൊലകള്‍ക്ക് നേരെ ഇന്ദിര ഗാന്ധി മുഖം തിരിച്ചതുപോലെ,' അപരാജിത സാരംഗി പറഞ്ഞു. കഴിഞ്ഞ 50 വര്‍ഷത്തോളമായി കോണ്‍ഗ്രസ് ഈ നാട്ടില്‍ എന്താണ് ചെയ്യുന്നതെന്ന് പുതിയ തലമുറ മനസിലാക്കണമെന്നും അപരാജിത പറഞ്ഞു.