ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നടത്തിയ പ്രസംഗം കൃത്യമായ രാഷ്ടീയലക്ഷ്യത്തോടെയായിരുന്നു. വനിതാ സംവരണനിയമ ഭേദഗതി ബില്ലുകൾ പരാജയപ്പെട്ടതിൽ ചില പ്രതിപക്ഷ പാർട്ടികളെ പ്രത്യേകിച്ച് കോൺഗ്രസിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. സംയുക്ത പ്രതിപക്ഷത്തിന്റെ ഐക്യനിരയിൽ തട്ടിയാണ് ഭേദഗതിബിൽ ലോക്‌സഭയിൽ അടിതെറ്റിവീണത്.

To advertise here,

പ്രതിപക്ഷ ഐക്യത്തിന് മുൻകൈ എടുത്ത കോൺഗ്രസിനെയാണ് കൂടുതൽ കടന്നാക്രമിച്ചത്. ഡി.എം.കെ.യെയും തൃണമൂലിനെയും സമാജ് വാദി പാർട്ടിയെയും വിമർശിച്ചു. ഇവർ കുടുംബവാഴ്ചയിൽ വിശ്വസിക്കുന്ന പാർട്ടികളാണെന്നും ആരോപിച്ചു.

വനിതാ സംവരണത്തിലെ വില്ലൻമാരായി ഈ പാർട്ടികളെ ചിത്രീകരിക്കുന്നതിലൂടെ തമിഴ്‌നാട്ടിലും ബംഗാളിലും തിരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള അസാനവട്ട ശ്രമമായും ഇതിനെ വിലയിരുത്താം.

അടുത്തവർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഉത്തർപ്രദേശിൽ ലക്ഷ്യംവെക്കുന്നത്‌ സമാജ് വാദി പാർട്ടിയെയാണ്. സമാജ് വാദി പാർട്ടിയെ സ്ത്രീസംവരണ വിരോധികളായി ചിത്രീകരിച്ചുള്ള പ്രചാരണമായിരിക്കും അവിടെ ബി.ജെ.പി. നടത്താൻ പോകുന്നത്. ഭേദഗതി ബില്ലിനെതിരേ നിലപാട് എടുത്ത പ്രതിപക്ഷ നിരയിലെ മറ്റ് പ്രാദേശിക പാർട്ടികളെയോ ഇടതുപക്ഷത്തെയോ മോദി പ്രസംഗത്തിൽ പരാമർശിച്ചില്ല.

പ്രതിപക്ഷനിരയിൽ വിള്ളൽ വീഴ്ത്തുകയെന്ന ബി.ജെ.പി. തന്ത്രമാണിത്. വനിതാസംവരണത്തെ മണ്ഡല പുനഃക്രമീകരണവുമായി ബന്ധിപ്പിക്കുന്ന ഭേദഗതി ബില്ലുമായി ഭാവിയിൽ മുന്നോട്ടുപോകുമെന്ന് സൂചിപ്പിക്കുന്നതാണ് മോദിയുടെ വാക്കുകൾ. മണ്ഡല പുനഃക്രമീകരണത്തെക്കുറിച്ച് പ്രതിപക്ഷം അവാസ്തവമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ മോദി മണ്ഡലപുനർനിർണയം വിഷയമല്ലാത്ത 2023-ലെ നിയമത്തെക്കുറിച്ച് മൗനം പാലിച്ചു.

വനിതാ സംവരണത്തിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ തത്ത്വത്തിൽ എതിരാണെന്ന് സ്ഥാപിക്കാനാണ് മോദി പ്രസംഗത്തിലുടനീളം ശ്രമിച്ചത്. എന്നാൽ, ബി.ജെ.പി. ഭരിക്കുന്ന സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉൾപ്പെടെ 21 ഇടത്ത് നിയമസഭകളിൽ സ്ത്രീപ്രാതിനിധ്യം കുറവാണെന്ന യാഥാർഥ്യം നിലനിൽക്കുന്നു. നിലവിൽ ഡൽഹിയിൽമാത്രമാണ് ബി.ജെ.പി.ക്ക് വനിതാ മുഖ്യമന്ത്രിയുള്ളത്. ഇക്കാര്യത്തിൽ തൃണമൂൽ കോൺഗ്രസാണ് മുന്നിൽനിൽക്കുന്നത്. വനിതാ സംവരണത്തിന്റെപേരിൽ വൈകാരിക പ്രചാരണത്തിലേക്ക് നീങ്ങാനുള്ള ബി.ജെ.പി.യുടെ ശ്രമമാണ് പ്രധാനമന്ത്രിയുടെ വാക്കുകളിൽ പ്രതിഫലിക്കുന്നത്.

മോദിയുടേത് നിരാശയിൽനിന്നുള്ള പ്രതികരണം -ജയറാം രമേഷ്

ന്യൂഡൽഹി: വനിതാസംവരണ ഭേദഗതി ബിൽ പരാജയപ്പെട്ട പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയത് രാജ്യത്തോടുള്ള അഭിസംബോധനയല്ല, മറിച്ച് നിരാശയിൽനിന്നുള്ള പ്രതികരണമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേഷ്.

‘ബില്ലിൻമേൽ വെള്ളിയാഴ്ച ലോക്‌സഭയിലുണ്ടായ തിരിച്ചടിയിൽ പ്രധാനമന്ത്രിയുടെ നിലതെറ്റി. ഏകപക്ഷീയമായി സംസാരിക്കുകയല്ലാതെ മാധ്യമസമ്മേളനത്തെ നേരിടാൻ അദ്ദേഹത്തിന് ഇപ്പോഴും ധൈര്യമില്ല. ഇത് രാജ്യത്തോടുള്ള അഭിസംബോധനയല്ല, കോൺഗ്രസിനെ അപഹസിക്കാനുള്ള സംബോധനയാണ്’ -കോൺഗ്രസ് മാധ്യമവിഭാഗം തലവനായ ജയറാം രമേഷ് ‘എക്സി’ൽ പ്രതികരിച്ചു.