ലഖ്നൗ: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുകയും ജനങ്ങള്‍ ആശങ്കയിലാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സർക്കാരും ആരോഗ്യവകുപ്പും നിർദേശിക്കുന്നതിനിടെയില് അശാസ്ത്രീയ വിവരങ്ങള്‍ പ്രചരിപ്പിച്ച് യു.പി. എംഎല്‍എ. കോവിഡിനെ പ്രതിരോധിക്കാന്‍ ഗോമൂത്രം കുടിക്കാനാണ് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ നിർദേശിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ബയിരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് സുരേന്ദ്ര സിങ്. ഇദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഇദ്ദേഹം ഗോമൂത്രം കുടിക്കുന്നതും മറ്റുള്ളവരോട് കുടിക്കാന്‍ നിർദേശിക്കുന്നതും കാണാം. ഇന്ത്യാ ടുഡേ ആണ് വാർത്ത പുറത്തുവിട്ടത്.
ശരീരത്തിന്റെ ആരോഗ്യത്തിന് ഗോമൂത്രം മികച്ച ഔഷധമാണെന്നാണ് സുരേന്ദ്ര സിങ്ങിന്റെ അഭിപ്രായം. പൊതുപ്രവര്ത്തകന് എന്ന നിലയില്‍ ദിവസം 18 മണിക്കൂര്‍ ജോലി ചെയ്തിട്ടും താന്‍ ഊര്ജസ്വലനായിരിക്കുന്നതിനു പിന്നില്‍ ഗോമൂത്രമാണെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.
അതിരാവിലെ വെറും വയറ്റില്‍ ഗോമൂത്രം വെള്ളത്തില്‍ ചേര്‍ത്ത് കുടിക്കണമെന്നും അര മണിക്കൂര്‍ മറ്റൊന്നും കഴിക്കരുതെന്നും ഇദ്ദേഹം പറയുന്നു. കോവിഡിനെതിരെ മാത്രമല്ല, ഹൃദ്രോഗമുള്‍പ്പെടെ മറ്റ് പല രോഗങ്ങള്‍ക്കും ഈ പാനീയം വളരെ ഫലപ്രദമാണെന്നും സുരേന്ദ്ര സിങ് അവകാശപ്പെടുന്നുണ്ട്. തന്റെ ഈ സന്ദേശം ലോകം മുഴുവന്‍ പ്രചരിപ്പിക്കണമെന്നും അങ്ങനെ എല്ലാവരും കോവിഡില്‍ നിന്ന് രക്ഷപ്പെടണണെന്നും സുരേന്ദ്ര സിങ് വീഡിയോയില്‍ പറയുന്നുണ്ട്.
കോവിഡ് ബാധിച്ച് ശരിയായ ചികിത്സയും ഓക്സിജനും ലഭിക്കാതെ ജനങ്ങള്‍ മരിക്കുന്നതിനിടെയാണ് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവർ തന്നെ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.
Content Highlights: BJP MLA recommends drinking cow urine to stop Covid spread, demonstrates on camera
Published: 08 May 2021, 08:55 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented