ചിക്കുൻഗുനിയ വൈറസിനെതിരെ പ്രവർത്തിക്കുന്ന ആന്റിവൈറൽ ഘടകങ്ങൾ ഗോമൂത്രത്തിൽ അടങ്ങിയിട്ടുണ്ടെന്ന് ഐഐടി റൂർക്കീ(Indian Institute of Technology Roorkee) പഠനം. എസിഎസ് അഗ്രികൾച്ചറൽ സയൻസ് & ടെക്നോളജി എന്ന ജേണലിലാണ് ഇതുസംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

To advertise here,

ഐഐടി റൂർക്കിയിലെ ബയോസയൻസസ് ആൻഡ് ബയോഎഞ്ചിനീയറിംഗ് വിഭാഗത്തിലെ പ്രൊഫ. ശൈലി തോമറും സംഘവും ചേർന്നാണ് പഠനം നടത്തിയത്. ഇന്ത്യയിലെ പ്രമുഖ ആയുർവേദ, ബയോമെഡിക്കൽ സ്ഥാപനങ്ങളിലെ ഗവേഷകരുമായി സഹകരിച്ചാണ് പഠനം നടത്തിയത്.

ശുദ്ധീകരിച്ച ഗോമൂത്രം കൊണ്ടുള്ള ചിക്കുൻഗുനിയ ചികിത്സയ്ക്കുശേഷം വൈറസിന്റെ അളവ് തൊണ്ണൂറുശതമാനമായി കുറഞ്ഞതായി ഗവേഷകർ അവകാശപ്പെടുന്നു. വൈറസിനെതിരെ പ്രവർത്തിക്കുന്ന സംയുക്തങ്ങളെ തിരിച്ചറിയാൻ വൈറോളജി, മെറ്റാബോലോമിക്സ്, മോളിക്യുലർ ഡോക്കിംഗ്, ബയോകെമിക്കൽ വിശകലനം എന്നിവ സംയോജിപ്പിച്ചാണ് പഠനം നടത്തിയത്. ഗോമൂത്രത്തിൽ അടങ്ങിയ ബെൻസോയിക് ആസിഡ്, ഹിപ്യൂരിക് ആസിഡ്, ഒലെയിക് ആസിഡ് എന്നിവ ആൻറിവൈറൽ പ്രവർത്തനങ്ങളിൽ കാര്യമായ പങ്കുവഹിക്കുന്നതായി കണ്ടെത്തി.

ലബോറട്ടറി ഡിഷുകളിലുള്ള ചിക്കൻഗുനിയ വൈറസ് ബാധിച്ച കോശങ്ങളിലേക്ക് ശുദ്ധീകരിച്ച ഗോമൂത്രം ചെറിയ അളവിൽ ചേർക്കുകയാണ് ചെയ്തത്. തുടർന്നാണ് വൈറസിനെ തൊണ്ണൂറു ശതമാനത്തിലേറെ കുറയ്ക്കാൻ ഗോമൂത്രത്തിനായെന്ന് കണ്ടെത്തിയത്.

ഇതുകൂടാതെ ഗോമൂത്രത്തിനൊപ്പം കറുത്ത ജീരകത്തിൽ കാണപ്പെടുന്ന തൈമോക്വിനോൺ, കുരുമുളകിലുള്ള പൈപ്പറിൻ എന്നീ പ്രകൃതിദത്ത സംയുക്തങ്ങളുമായി സംയോജിപ്പിച്ച് വൈറസിനെ ചികിത്സിക്കാൻ ശ്രമിച്ചു. ഇവ ഓരോന്നും വ്യത്യസ്തമായി ഉപയോഗിക്കുന്നതിനു പകരം മൂന്നും സംയോജിപ്പിച്ച് ഉപയോഗിക്കുന്നതിലൂടെ വൈറസിനെ 99.85% ഇല്ലാതാക്കാനായെന്നും ഗവേഷകർ പറയുന്നു.

വൈറൽ രോഗങ്ങൾ ദിനംപ്രതി പെരുകുന്ന കാലത്ത് നൂതനവും സാമ്പത്തികമായി താങ്ങാനാവുന്നതും ശാസ്ത്രീയവുമായ പരിഹാരങ്ങൾ ആവശ്യമാണെന്നും അതിനുദാഹരണമാണ് ഐഐടി റൂർക്കിയുടെ കണ്ടെത്തലെന്നും ഐഐടി റൂർക്കി ഡയറക്ടർ പ്രൊഫ. കമാൽ കിഷോർ പന്ത് പറഞ്ഞു. ചികിത്സാമേഖലയിലെ ഉപയോഗം വിലയിരുത്തുന്നതിന് കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ടെന്ന് പ്രൊഫ. ശൈലി തോമറും പറഞ്ഞു.

അതേസമയം ചിക്കുൻഗുനിയയ്ക്കുള്ള ശാസ്ത്രീയമായ ചികിത്സയ്ക്ക് ബദലായി ഗോമൂത്ര ചികിത്സാരീതി പ്രോത്സാഹിപ്പിക്കുന്നില്ല. മനുഷ്യരിൽ ഇവയുടെ സുരക്ഷിതമായ അളവ് നിർണ്ണയിക്കാൻ കൂടുതൽ ക്ലിനിക്കൽ ട്രയലുകളും പഠനങ്ങളും ആവശ്യമാണ്.  

കൊതുകുപരത്തുന്ന രോഗം
ഈഡിസ് ഈജിപ്തി/ആൽബോപിക്റ്റസ് കൊതുകുകളാണ് ചിക്കുൻഗുനിയ പരത്തുന്നത്. പകൽ കടിക്കുന്ന ഈ കൊതുകിനെതിരേ അതിരാവിലെയും വൈകുന്നേരവും കൂടുതൽ ശ്രദ്ധവേണം. ഡെങ്കി, സിക്ക വൈറസുകളും പടർത്തുന്നത് ഈ കൊതുകുകളാണ്. കൊതുകുനശീകരണപ്രവൃത്തികൾ ഊർജിതമാക്കുകയും വ്യക്തിഗത സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുകയുംചെയ്യണം.

സ്വയംചികിത്സ വേണ്ട

നാലുമുതൽ എട്ടുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. പെട്ടെന്നുള്ള കഠിനമായപനി, സന്ധികളിൽ (പ്രത്യേകിച്ച് കൈകൾ, കണങ്കാലുകൾ, കാൽമുട്ടുകൾ) വേദന, പേശിവേദന, തലവേദന, ക്ഷീണം, ചിലരിൽ ചർമത്തിൽ തടിപ്പുകൾ എന്നിവയാണ് രോഗലക്ഷണങ്ങൾ. ഇവകണ്ടാൽ ഉടൻ ചികിത്സതേടണം. സ്വയംചികിത്സ പാടില്ല.