ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കുള്ള മറുപടിയിൽ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ലൈംഗികമായി അധിക്ഷേപിച്ച് ബിജെപിയുടെ ലോക്‌സഭാ എംപിയായ നിഷികാന്ത് ദുബെ. നരേന്ദ്രമോദിയുടെ 'ആലിംഗന നയതന്ത്ര'ത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം പരിഹസിച്ചതിന് മറുപടിയെന്നോണമാണ് എക്‌സ് പോസ്റ്റിലൂടെ നിഷികാന്ത് ദുബെ അധിക്ഷേപ പരാമർശം നടത്തിയത്. 

To advertise here,

ക്യൂബൻ വിപ്ലവനേതാവ് ഫിദൽ കാസ്‌ട്രോയ്ക്കും പലസ്തീൻ നേതാവായിരുന്ന യാസർ അറാഫത്തിനും ഒപ്പമുള്ള മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ടാണ് നിഷികാന്ത് ദുബെ അധിക്ഷേപ പരാമർശം നടത്തിയത്. ഒപ്പം എട്ട് വർഷം മുമ്പ് ലോക്‌സഭയിൽ വെച്ച് രാഹുൽ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്ന ചിത്രവും ഉണ്ടായിരുന്നു.

'രാഹുൽ ഗാന്ധീ, ഇങ്ങനെ ഒട്ടിച്ചേർന്ന് നിൽക്കുന്നതിനെ വിശപ്പ് എന്നാണോ അതോ കാമാഗ്നി എന്നാണോ വിളിക്കേണ്ടത്?' എന്നാണ് ചിത്രങ്ങൾക്കൊപ്പം നിഷികാന്ത് ദുബെ കുറിച്ചത്. ഇന്ദിര-കാസ്‌ട്രോ കൂടിക്കാഴ്ചയുടെ വീഡിയോയും ബിജെപിയുടെ സോഷ്യൽ മീഡീയാ പ്രചാരകർ രാഹുലിന് മറുപടിയെന്നോണം പങ്കുവെക്കുന്നുണ്ട്.

ഡൽഹിയിൽ നടന്ന ചേരിചേരാ പ്രസ്ഥാനത്തിന്റെ (എൻഎഎം) ഏഴാം ഉച്ചകോടിക്കിടെയുള്ള ചിത്രമാണ് ദുബെ പങ്കുവെച്ചത്. 1983 മാർച്ച് ഏഴിനാണ് ഈ ദൃശ്യമെടുത്തത്. എൻഎഎം അധ്യക്ഷസ്ഥാനം ഇന്ദിരാ ഗാന്ധിക്ക് കൈമാറുമ്പോഴാണ് ഇരുവരും ആലിംഗനം ചെയ്തത്. പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) നേതാവായിരുന്ന യാസർ അറാഫത്തും ഇന്ദിരാ ഗാന്ധിയുമൊന്നിച്ചുള്ള ചിത്രം 1980-ൽ ഡൽഹിയിൽ വെച്ച് എടുത്തതാണ്.

ഇന്ദിരാ ഗാന്ധിയെ തന്റെ സഹോദരി എന്നാണ് ഫിദൽ കാസ്‌ട്രോ വിശേഷിപ്പിച്ചതെന്ന് പലരും നിഷികാന്ത് ദുബെയുടെ പോസ്റ്റിന് താഴെ കമന്റിൽ ചൂണ്ടിക്കാട്ടി. യാസർ അറാഫത്തും ഇന്ദിരാ ഗാന്ധി തന്റെ മൂത്ത സഹോദരിയാണെന്ന് പറഞ്ഞിട്ടുണ്ട്.

'ഇന്ദിരാ ഗാന്ധിയെ അനുകരിക്കുകയാണ് മോദി ചെയ്യുന്നതെങ്കിൽ അവരുടെ ധൈര്യം എവിടെ നിന്നാണ് കിട്ടുക? ഇന്ദിരാ ഗാന്ധിയുടെ സാരി ധരിച്ചാൽ മോദിക്ക് അവരുടെ ധൈര്യം ലഭിച്ചേക്കും. അമേരിക്കയുടെ കണ്ണിൽ നോക്കാനും പാകിസ്താനെ രണ്ട് ഭാഗമാക്കാനുമുള്ള ധൈര്യം' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. 'നിങ്ങൾക്ക് എത്രത്തോളം അധഃപതിക്കാൻ കഴിയും?' എന്ന് മറ്റൊരാൾ ചോദിച്ചു.

ഡൽഹിയിൽ നടന്ന ഒരു പരിപാടിയിലെ പ്രസംഗത്തിലാണ് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ വിദേശനയത്തെ പരിഹസിച്ചത്. പ്രസംഗത്തിനിടെ വേദിയിലുണ്ടായിരുന്ന ഒരു നേതാവിനെ ആലിംഗനം ചെയ്തുകൊണ്ടായിരുന്നു പരിഹാസം. വിദേശരാജ്യങ്ങൾ സന്ദർശിക്കുമ്പോൾ മോദി രാഷ്ട്രത്തലവന്മാരെ ആലിംഗനം ചെയ്യുന്നത് അനുകരിച്ചായിരുന്നു ഇത്. ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാട് വ്യക്തമായി പറയുന്നതിൽ കേന്ദ്രസർക്കാർ പൂർണമായി പരാജയപ്പെട്ടുവെന്ന വിമർശനവും രാഹുൽ ഉന്നയിച്ചിരുന്നു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു.