ന്യൂഡൽഹി: ലോക്സഭയിൽ ബജറ്റ് ചർച്ചയിൽ കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസർക്കാരിനെയും കടന്നാക്രമിച്ച പ്രതിപക്ഷനേതാവ് രാഹുൽഗാന്ധിക്കെതിരേ നീക്കം കടുപ്പിച്ച് ബി.ജെ.പി.
രാഹുലിന്റെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. അംഗം നിഷികാന്ത് ദുബെ സഭയിൽ പ്രമേയം(സബ്സ്റ്റാന്റീവ് മോഷൻ) സമർപ്പിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് ആജീവനാന്തം വിലക്കണമെന്നും ആവശ്യപ്പെട്ടു. ജോർജ് സോറോസ് അടക്കമുള്ള രാജ്യവിരുദ്ധ ശക്തികളിൽനിന്ന് ഫണ്ട് കൈപ്പറ്റിയെന്നാണ് ആരോപണം.
ശൂന്യവേളയിൽ വിഷയം പ്രത്യേകമായി ഉന്നയിച്ച നിഷികാന്ത് ദുബെ ആരോപണങ്ങൾ സഭയ്ക്കകത്ത് ആവർത്തിച്ചതോടെ സഭ പ്രക്ഷുബ്ധമായി. നടുത്തളത്തിലിറങ്ങി പ്രതിപക്ഷാംഗങ്ങൾ പ്രതിഷേധിച്ചതോടെ അധ്യക്ഷസ്ഥാനത്തുണ്ടായിരുന്ന കൃഷ്ണപ്രസാദ് ടെനെറ്റി സഭാനടപടികൾ അവസാനിപ്പിച്ചു. ബജറ്റ് സമ്മേളനത്തിന്റെ ഒന്നാം ഘട്ടം വെള്ളിയാഴ്ച അവസാനിക്കാനിരിക്കേയാണ് രാഹുൽഗാന്ധിക്കെതിരായ ഭരണകക്ഷിയുടെ അസാധാരണനീക്കം.
കളവായ പരാമർശങ്ങളടങ്ങിയ രാഹുൽഗാന്ധിയുടെ പ്രസംഗം നീക്കാനാവശ്യപ്പെട്ട് ബി.ജെ.പി. അംഗങ്ങൾ സ്പീക്കർക്ക് കത്ത് നൽകുമെന്നും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. രാഹുലിനെതിരേ അവകാശലംഘനനോട്ടീസ് നൽകാൻ പദ്ധതിയില്ലെന്ന് നിഷികാന്ത് ദുബെ മാധ്യമങ്ങളോട് വ്യക്തമാക്കി.
സോറോസ് ഫൗണ്ടേഷൻ, ഫോർഡ് ഫൗണ്ടേഷൻ, യു.എസ്. എയ്ഡ് തുടങ്ങിയ സ്ഥാപനങ്ങളുമായി രാഹുൽഗാന്ധിയുടെ ബന്ധം അന്വേഷിക്കണമെന്ന് നിഷികാന്ത് ദുബെ ആവശ്യപ്പെട്ടു.
തായ്ലൻഡ്, കംബോഡിയ, വിയറ്റ്നാം, ബഹ്‌റൈൻ, യു.എസ്. രാജ്യങ്ങളിലേക്കുള്ള രാഹുലിന്റെ യാത്രയും പരിശോധിക്കണം. ഇന്ത്യാവിരുദ്ധശക്തികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധവും പരിശോധിക്കണം.
സബ്സ്റ്റാന്റീവ് മോഷൻ
ഔദ്യോഗികപദവിയിലുള്ളവർക്കോ ഉന്നത അധികാരസ്ഥാനത്തുള്ളവർക്കോ എതിരേ കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തിനോ ഇംപീച്ച്മെന്റിനോ സമാനമായതാണ് സബ്സ്റ്റാന്റീവ് മോഷൻ. പ്രമേയം കൊണ്ടുവരുന്ന വ്യക്തി, ആരോപണങ്ങൾ തെളിവ് സഹിതം ബോധ്യപ്പെടുത്തണം. ഇതിന്റെ സ്വീകാര്യത സഭയിൽ ചർച്ച ചെയ്താകും തുടർനടപടികൾ.
തൂക്കിക്കൊല്ലണമെങ്കിൽ ആയിക്കോളൂ -കെ.സി. വേണുഗോപാൽ
ഒരു പ്രമേയത്തെയും ഭയക്കുന്നില്ലെന്നും തങ്ങളെ തൂക്കിക്കൊല്ലണമെങ്കിൽ അതും ചെയ്‌തോളൂവെന്നും കോൺഗ്രസ് ജനറൽസെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു. സഭാധ്യക്ഷനിൽനിന്ന് നീതി നിഷേധിക്കപ്പെട്ടതോടെയാണ് സ്പീക്കറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകുകയെന്ന അങ്ങേയറ്റത്തെ കടുത്ത തീരുമാനത്തിലേക്കു നീങ്ങിയത്. സഭയുടെ ഏത് അവകാശമാണ് രാഹുൽഗാന്ധി ലംഘിച്ചതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: BJP MP moves for disqualification of Rahul Gandhi`s membership, citing foreign funding allegations. Opposition protests, disrupting Parliament.
Published: 13 Feb 2026, 06:53 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented