ന്യൂഡൽഹി: മൂന്ന് എ.എ.പി കൗൺസിലർമാർ കൂറുമാറിയതോടെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി. അനിത ബസോയ, നിഖിൽ ചപ്രാണ, ധരംവീർ എന്നിവരാണ് കഴിഞ്ഞദിവസം ബി.ജെ.പി.യിൽ ചേർന്നത്. ഇതോടെ രാജ്യതലസ്ഥാനത്ത് ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ എന്ന ബി.ജെ.പി നീക്കത്തിന് കരുത്തേറി. തലസ്ഥാനത്ത് ട്രിപ്പിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ ഭരണമുണ്ടാകുമെന്ന് ഡൽഹി ബി.ജെ.പി. അധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ പറഞ്ഞു. കൂടുതൽപ്പേർ എ.എ.പി. വിട്ടെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൂറുമാറി മൂന്നുപേർ കൂടി എത്തിയതോടെ 250 അംഗ കോർപ്പറേഷനിൽ ബി.ജെ.പിയുടെ അംഗബലം 116 ആയി ഉയർന്നു. എ.എ.പിക്ക് 114 ഉം കോൺഗ്രസിന് എട്ടും സീറ്റുകളാണുള്ളത്. കോർപ്പറേഷനിൽ കൂറുമാറ്റനിയമം ബാധകമല്ലാത്തതിനാൽ ബി.ജെ.പിയിൽ ചേർന്നവർക്കെതിരേ അയോഗ്യതാ നടപടികളുണ്ടാവില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍പദവി ലക്ഷ്യമിട്ടാണ് ബി.ജെ.പി. നീക്കം നടത്തുന്നത്.
നിലവിൽ എ.എ.പി.യുടെ മേയറാണുള്ളത്. ഏപ്രിലില്‍ നടക്കുന്ന മേയര്‍ തിരഞ്ഞെടുപ്പില്‍ എം.സി.ഡി. പിടിക്കാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. ഇതുകൂടാതെ, എ.എ.പി. കൗണ്‍സിലര്‍മാര്‍ തങ്ങള്‍ക്കുവോട്ടുചെയ്യുമെന്ന പ്രതീക്ഷയും ബി.ജെ.പിക്കുണ്ട്. പുതിയ സര്‍ക്കാരിന് കീഴില്‍ തങ്ങളുടെ വാര്‍ഡിന് വികസനം ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് വോട്ടുചെയ്യുമെന്നാണ് ബി.ജെ.പി. പ്രതീക്ഷ.
എ.എപിയുടെ മൂന്ന് കൗണ്‍സിലര്‍മാരും ബി.ജെ.പിയുടെ എട്ടംഗങ്ങളും നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ചിട്ടുണ്ട്. മറ്റൊരംഗമായ കമൽജീത് സെഹ് രാവത് എം.പിയാവുകയും ചെയ്തു. ഇതോടെ 12 ഒഴിവുകളാണ് നിലവിൽ എം.സി.ഡിയിൽ ഉള്ളത്. ഒഴിവുകളുണ്ടെങ്കിലും മേയർ തിരഞ്ഞെടുപ്പിനെ അത് ബാധിക്കില്ല. നിലവിലെ അംഗബലം വെച്ച് ബിജെപിക്ക് ഭരണം പിടിക്കാനാകുമെന്നാണ് വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പില്‍ 48 സീറ്റ് നേടിയതോടെ ബി.ജെ.പിക്ക് 10 പ്രതിനിധികളെ എം.സി.ഡിയിലേക്ക് നാമനിര്‍ദേശം ചെയ്യാന്‍ കഴിയും. എ.എ.പിക്ക് നാലംഗങ്ങളെ മാത്രമേ നാമനിര്‍ദേശം ചെയ്യാന്‍ കഴിയുകയുള്ളൂ. നാമനിര്‍ദേശം ചെയ്യുന്ന ആകെ അംഗങ്ങളുടെ എണ്ണം 14 ആണ്.
Content Highlights: BJP became the single largest party delhi Municipal Corporation
Published: 16 Feb 2025, 10:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented