ബിനീഷ് കോടിയേരിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ | screengrab - Mathrubhumi news
ബെംഗളൂരു: ചെയ്യാത്ത കാര്യങ്ങള്‍ പറയാന്‍ അന്വേഷണ സംഘം പ്രേരിപ്പിക്കുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ബിനീഷ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. രക്തപരിശോധന അടക്കമുള്ളവ നടത്തിയശേഷം രാത്രിയോടെ ബിനീഷിനെ ആശുപത്രിയില്‍നിന്ന് വിട്ടയച്ചു.
ബിനീഷിനെ ആശുപത്രിയില്‍ എത്തിച്ചുവെന്ന വിവരമറിഞ്ഞ് സഹോദരന് ബിനോയ് അഭിഭാഷകര്‍ക്കൊപ്പം ആശുപത്രിയിലെത്തി. എന്നാല്‍ ഇവര്‍ക്ക് ബിനീഷിനെ കാണാന്‍ ഇ.ഡി അധികൃതര്‍ അനുവാദം നല്‍കിയില്ല. അതിനിടെ ബിനീഷിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതായി സംശയിക്കുന്നുവെന്ന് അഭിഭാഷകര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. മൂന്നാംമുറ പ്രയോഗിച്ചുവോ എന്ന സംശയമുണ്ട്. സ്കാനിങ്ങിന് വിധേയനാക്കാനാണ് ബിനീഷിനെ ആശുപത്രിയില്‍ എത്തിച്ചതെന്നാണ് അറിയാന്‍ കഴിഞ്ഞത്. സാധാരണയായി ഒരാളെ സ്കാനിങ്ങിന് വിധേയനാക്കേണ്ട ആവശ്യമില്ല. അതിനാല്‍ ഗൗരവമായ എന്തോ സംഭവിച്ചുവെന്ന് സംശയിക്കുന്നു. കസ്റ്റഡി കാലാവധി നാളെ അവസാനിക്കാനിരിക്കെ ബിനീഷിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള നീക്കം നടന്നുവെന്ന് സംശയിക്കുന്നുവെന്നും അഭിഭാഷകര്‍ പറഞ്ഞു.
കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ ഇ.ഡി അധികൃതര്‍ ബിനീഷിനെ നാളെ കോടതിയില്‍ ഹാജരാക്കും. ബിനീഷിന്റെ ജാമ്യാപേക്ഷയും നാളെ കോടതിയിലെത്തും. അതിനിടെ, ബിനീഷിനെ കസ്റ്റഡിയില്‍ എടുക്കാനുള്ള നീക്കത്തിലാണ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ.
Content Highlights: Bineesh Kodiyeri ED Bengaluru questioning
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..