ന്യൂഡല്‍ഹി: യുഗാന്‍ഡയില്‍ ദിവസങ്ങളോളം തടവില്‍ കഴിഞ്ഞതിന്റെ ദുരിതം പങ്കുവെച്ച് ഇന്ത്യന്‍ വംശജയും ശതകോടീശ്വരനായ പങ്കജ് ഓസ്വാളിന്റെ പുത്രിയുമായ വസുന്ധര ഓസ്വാള്‍. ജയിലില്‍ ഭക്ഷണം, വെള്ളം, കുളിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലായിരുന്നുവെന്ന് വസന്ധുര വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പോലീസ് പരിശോധനയ്ക്ക് എത്തിയത് വാറന്റ് ഇല്ലാതെയാണെന്നും ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ പുരുഷഓഫീസര്‍ വാനിലേക്ക് എടുത്തെറിഞ്ഞുവെന്നും വസുന്ധര പറയുന്നു. കൊലപാതകക്കുറ്റത്തിന് 20 ദിവസത്തോളമാണ് വസുന്ധര തടവില്‍ കഴിഞ്ഞത്. കൊല്ലപ്പെട്ടെന്ന് കരുതിയിരുന്ന ആള്‍ പിന്നീട് ജീവനോടെയുണ്ടെന്ന് കണ്ടെത്തിയിരുന്നു.
'അഭിഭാഷകര്‍ വഴി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയാണ് മാതാപിതാക്കള്‍ ജലിയില്‍ ഭക്ഷണം ഉള്‍പ്പെടെ ലഭ്യമാക്കിയത്. പോലീസ് പരിശോധനയ്ക്ക് എത്തിയത് വാറന്റില്ലാതെയാണ്. ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഇത് യുഗാന്‍ഡയാണ്, ഞങ്ങള്‍ക്ക് എന്തും ചെയ്യാം, നിങ്ങള്‍ ഇനി യൂറോപ്പിലല്ല എന്നാണ് അധികൃതര്‍ മറുപടി നല്‍കിയത്. ഞാന്‍ അവരെ കൂടെ പോകാന്‍ വിസമ്മതിച്ചപ്പോള്‍ ഒരു പുരുഷ ഓഫീസര്‍ എന്നെ പോലീസ് വാനിലേക്ക് എടുത്തെറിഞ്ഞു. അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു.'-വസുന്ധര ആരോപിക്കുന്നു.
ഓസ്വാള്‍ കുടുംബത്തിലെ ബിസിനസ് സംരംഭങ്ങളിലൊന്നിലെ ജീവനക്കാരനായ മുകേഷ് മെനാരിയയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നു എന്നായിരുന്നു കേസ്. 2024 ഒക്ടോബര്‍ ഒന്നിന് വസുന്ധരയെ അറസ്റ്റ് ചെയ്തു. യുഗാന്‍ഡയിലെ ഓസ്വാള്‍ കുടുംബത്തിന്റെ സ്പിരിറ്റ് ഫാക്ടറിയില്‍ നിന്നാണ് 20 ആയുധധാരികള്‍ വസുന്ധരയെ പിടിച്ചുകൊണ്ടുപോയത്. എന്നാല്‍ പിന്നീട് മുകേഷ് മെനാരിയ ടാന്‍സാനിയയില്‍ ജീവനോടെയുണ്ടെന്നും തങ്ങള്‍ക്ക് അനുകൂലമായി മൊഴി നല്‍കിയിട്ടുണ്ടെന്നും ഓസ്വാള്‍ കുടുംബം അറിയിച്ചു. ഒടുവില്‍ ഡിസംബര്‍ 19-നാണ് നിയമനടപടികള്‍ അവസാനിച്ചത്. ഇതിനിടയില്‍ വസുന്ധരയ്ക്ക് ജാമ്യം ലഭിച്ചിരുന്നു.
26-കാരിയായ വസുന്ധര ഓസ്വാള്‍ ഇന്ത്യയിലാണ് ജനിച്ചതെങ്കിലും പിന്നീടുള്ള ജീവിതം ഓസ്ട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലായിരുന്നു. സ്വിസ് സര്‍വകലാശാലയില്‍നിന്ന് ധനകാര്യത്തില്‍ ബിരുദാനന്തര ബിരുദവും ഇവര്‍ നേടിയിട്ടുണ്ട്. ഓസ്വാള്‍ ഗ്രൂപ്പിന്റെ വ്യവസായ സ്ഥാപനങ്ങളുടെ മേധാവിയായി ചുമതല വഹിക്കുന്ന വ്യക്തിയാണ് വസുന്ധര ഓസ്വാള്‍. ബിരുദപഠനകാലത്ത് തന്നെ പ്രോ ഇന്‍ഡസ്ട്രീസിന്റെ ഭാഗമായി പ്രവര്‍ത്തനം ആരംഭിച്ച വസുന്ധര നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട്.
പഞ്ചാബ് ആസ്ഥാനമായുള്ള ഓസ്വാള്‍ കുടുംബം വ്യവസായമേഖലയിലെ വിജയങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ആരോഗ്യമേഖലയിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെല്ലാം പേരെടുത്തിട്ടുള്ള ഈ കുടുംബം സ്വിറ്റ്സര്‍ലന്‍ഡില്‍ 200 മില്ല്യണ്‍ ഡോളറിന്റെ വീട് സ്വന്തമാക്കിയതും അടുത്തിടെ വാര്‍ത്തയില്‍ ഇടംനേടിയിരുന്നു.
Content Highlights: billionaires daughter vasundhara oswal on ugandan ordeal
Published: 23 Feb 2025, 10:18 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented