ന്യൂഡല്‍ഹി: 2002-ലെ ഗുജറാത്ത് കലാപത്തിലുണ്ടായ ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗക്കേസ് ഭയപ്പെടുത്തുന്നതാണെന്ന് സുപ്രീംകോടതി. കൂട്ടബലാത്സംഗക്കേസിലെ 11 കുറ്റവാളികളെ ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചതിനെതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി നോട്ടീസയച്ചു. കുറ്റവാളികളെ ജയില്‍ മോചിതരാക്കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്‌ന എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു. 

To advertise here,

കേന്ദ്ര സര്‍ക്കാരിനും ഗുജറാത്ത് സര്‍ക്കാരിനും ജയില്‍ മോചിതരായ പ്രതികള്‍ക്കുമാണ് സുപ്രീംകോടതി നോട്ടീസയച്ചത്. പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെ ഉണ്ടോ എന്നറിയിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്തെ വിവിധ ജയിലുകളില്‍ ശിക്ഷയനുഭവിച്ച് കഴിയുന്ന പ്രതികള്‍ ജയില്‍ മോചനത്തിനായി കോടതികളെ സമീപിക്കാറുണ്ട്. സര്‍ക്കാരുകള്‍ തീരുമാനമെടുക്കാറില്ലെന്നാണ് ജയിലില്‍ കഴിയുന്നവരുടെ പരാതി. അതുകൊണ്ടുതന്നെ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ എങ്ങനെ ജയില്‍ മോചിതരാക്കി എന്നറിയണമെന്ന് ബെഞ്ചിന് നേതൃത്വം നല്‍കിയ ജസ്റ്റിസ് കെ.എം. ജോസഫ് അഭിപ്രായപ്പെട്ടു.

ശിക്ഷാ ഇളവിനെതിരേ ബില്‍ക്കീസ് ബാനുവിന് പുറമെ സി.പി.എം. നേതാവ് സുഭാഷിണി അലി, ലോക്സഭാംഗം മഹുവ മൊയ്ത്ര, മാധ്യമപ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ, ദേശീയ മഹിളാ ഫെഡറേഷന്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ ഏപ്രില്‍ പതിനെട്ടിന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.