ന്യൂഡൽഹി: സിന്ധു നദീജല കരാർ പ്രകാരമുള്ള വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യയുമായി യുദ്ധം ഉണ്ടാവുമെന്ന പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോയ്ക്ക് മറുപടിയുമായി കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീൽ. 'ഞങ്ങൾക്ക് ഭയമില്ല, വെള്ളം എവിടെയും പോകില്ല... അയാൾ പറയുന്നത് സ്വന്തം അഭിപ്രായമാണ്... ഞങ്ങൾ വ്യാജ ഭീഷണികളെ ഭയപ്പെടുന്നില്ല.' സി ആർ പാട്ടീൽ പറഞ്ഞു.
'അയാൾ രക്തവും വെള്ളവും ഒഴുകുന്നതിനെക്കുറിച്ചും സംസാരിച്ചു, എന്നാൽ അത്തരം പൊള്ളയായ ഭീഷണികളെ ഞങ്ങൾ ഭയപ്പെടുന്നില്ല. ഈ തീരുമാനം ഇന്ത്യൻ സർക്കാരിന്റെയാണ്. എന്ത് തീരുമാനമെടുത്താലും അത് രാജ്യത്തിന് മാത്രമേ പ്രയോജനകരമാകൂ.' ആറ് നദികളും പിടിച്ചെടുക്കുമെന്ന് ബിലാവലിന്റെ ഭീഷണിക്ക് മറുപടിയായി പാട്ടീൽ പറഞ്ഞു.
സിന്ധു നദീജല ഉടമ്പടി പ്രകാരം പാകിസ്താന് നൽകിയിരുന്ന വെള്ളം രാജസ്ഥാൻ, ഹരിയാന, ഹിമാചൽ പ്രദേശ്, ഡൽഹി എന്നീ നാല് ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് പ്രയോജനപ്പെടുംവിധം വഴിതിരിച്ചുവിടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇതിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ദ്രുതഗതിയിൽ മുന്നോട്ടുപോവുകയാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, ഇസ്ലാമാബാദുമായുള്ള സിന്ധു നദീജല ഉടമ്പടി ഇന്ത്യ ഒരിക്കലും പുനഃസ്ഥാപിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. 'ഇല്ല, അതൊരിക്കലും പുനഃസ്ഥാപിക്കില്ല. പാകിസ്താനിലേക്ക് ഒഴുക്കിയിരുന്ന വെള്ളം ഒരു കനാൽ നിർമ്മിച്ച് രാജസ്ഥാനിലേക്ക് കൊണ്ടുപോവും. അന്യായമായി ലഭിച്ചുകൊണ്ടിരുന്ന വെള്ളം കിട്ടാതെ പാകിസ്താന് കഷ്ടപ്പെടേണ്ടി വരും.' അമിത് ഷാ പറഞ്ഞു.
സിന്ധു നദീജല കരാറനുസരിച്ച് വെള്ളം നൽകിയില്ലെങ്കിൽ ഇന്ത്യക്ക് രണ്ട് വഴികളുണ്ട്, ഒന്നുകിൽ വെള്ളം തുല്യമായി പങ്കിടുക, അല്ലെങ്കിൽ ഞങ്ങൾ ആറ് നദികളിൽനിന്നും അതെടുക്കും എന്നായിരുന്നു പാകിസ്താൻ പീപ്പിൾസ് പാർട്ടി ചെയർമാൻ കൂടിയായ ബിലാവൽ ഭൂട്ടോയുടെ പ്രസ്താവന.
Content Highlights: Jal Shakti minister CR Patil reiterates govt stand on Indus Treaty, hits back at Pak
Published: 27 Jun 2025, 12:30 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented