പട്ന: ബിഹാറിൽ വോട്ടർ പട്ടിക പുതുക്കലിലൂടെ 35 ലക്ഷത്തിലധികം പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ കണക്കുകൾ പ്രകാരം പട്ടികയിലെ 1.59 ശതമാനം വോട്ടർമാർ (12.5 ലക്ഷം വോട്ടർമാർ) മരണപ്പെട്ടവരാണ്. ഇവരുടെ പേരുകൾ പട്ടികയിൽ തുടരുന്നുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. 2.2 ശതമാനം(17.5 ലക്ഷം വോട്ടർമാർ) ബിഹാറിൽ നിന്ന് സ്ഥിരതാമസം മാറിയവരും സംസ്ഥാനത്ത് വോട്ട് ചെയ്യാൻ അർഹതയില്ലാത്തവരുമാണ്. കൂടാതെ 0.73 ശതമാനം പേർ(5.5 ലക്ഷം വോട്ടർമാർ) രണ്ട് തവണ രജിസ്റ്റർ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. ഇതു പ്രകാരം നിലവിലുള്ള ഏകദേശം 35.5 ലക്ഷം വോട്ടർമാരെ ബിഹാറിലെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുമെന്നാണ് വിവരം. ഇത് മൊത്തം വോട്ടർമാരുടെ 4.5 ശതമാനത്തിൽ കൂടുതലാണ്.
നേപ്പാൾ, ബംഗ്ലാദേശ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ചില വിദേശ പൗരന്മാരും വോട്ടർപട്ടികയിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കൂടുതൽ പരിശോധനകൾക്ക് ശേഷം ഈ പേരുകളും നീക്കം ചെയ്യും.
കുടിയേറ്റം, മരണം, ഇരട്ട രജിസ്ട്രേഷനുകൾ തുടങ്ങിയവ പരിശോധിച്ച് വോട്ടർ പട്ടിക ശുദ്ധീകരിക്കുന്നതിനാണ് സ്പെഷ്യൽ ഇൻ്റൻസീവ് റിവിഷൻ (എസ്ഐആർ) നടത്തുന്നതെന്നും 2025-ലെ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയുടെ വിശ്വാസ്യതയും കൃത്യതയും നിലനിർത്തുകയാണ് ലക്ഷ്യമിടുന്നതെന്നും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
വിഷയത്തിൽ പ്രതിപക്ഷം ആദ്യം മുതലേ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നുണ്ട്. ഒരു മണ്ഡലത്തിലെ വോട്ടർമാരുടെ ഒരു ശതമാനം പോലും ഒഴിവാക്കുന്നത് ഓരോ വിഭാഗത്തിലും ഏകദേശം 3,200 പേരുകൾ നീക്കം ചെയ്യുന്നതിന് തുല്യമാകുമെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് മുമ്പ് പ്രതികരിച്ചിരുന്നു. ഇപ്പോൾ ഇത് അഞ്ച് ശതമാനത്തിലേക്കെത്തുമ്പോൾ പുതുക്കൽ പ്രക്രിയ തിരഞ്ഞെടുപ്പ് ഫലത്തിൽ ഉണ്ടാക്കിയേക്കാവുന്ന സ്വാധീനം സംബന്ധിച്ചുള്ള ആശങ്കയും വർധിപ്പിച്ചിട്ടുണ്ട്.
ഈ വിഷയം നിലവിൽ എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന സുപ്രീം കോടതിയുടെയും നിരീക്ഷണത്തിലാണ്. വോട്ടർമാരുടെ കൃത്യമായ പരിശോധനയ്ക്കായി ആധാർ കാർഡുകൾ, റേഷൻ കാർഡുകൾ, വോട്ടർ ഐഡി കാർഡുകൾ എന്നിവ ഉപയോഗിക്കാൻ കോടതി നേരത്തെയുള്ള വാദം കേൾക്കലിൽ തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു. കേസിൽ കോടതി ജൂലായ് 28-ന് അടുത്ത വാദം കേൾക്കും.
നിലവിൽ 6.6 കോടി വോട്ടർമാർ ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വെളിപ്പെടുത്തി. ഇത് സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ 88.18% ആണ്. ജൂലൈ 25 വരെ വോട്ടർമാർക്ക് ഫോമുകൾ സമർപ്പിക്കാൻ സമയമുണ്ട്, അതിനുശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. വരുന്ന 11 ദിവസത്തിനുള്ളിൽ കരട് പട്ടിക പ്രസിദ്ധീകരിക്കേണ്ട സാഹചര്യത്തിൽ വോട്ടർ പട്ടിക പതുക്കൽ പ്രക്രിയ ബിഹാറിൽ രാഷ്ട്രീയ വാദ പ്രതിവാദങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്.
Content Highlights: Bihar`s electoral roll undergoes major overhaul, removing 35.5 lakh names
Published: 14 Jul 2025, 09:07 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented