ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതചടങ്ങിനിടെയുണ്ടായ തിക്കിലുംതിരക്കിലും പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ പിടിയിലായ മുഖ്യപ്രതിയുടെ രാഷ്ട്രീയ ബന്ധങ്ങളും അന്വേഷിച്ചുവരികയാണെന്ന് പോലീസ്. മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അടുത്തിടെയായി നിരവധി രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെട്ടിരുന്നുവെന്ന് ഹാഥ്‌റസ് എസ്.പി. നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഇക്കാരണത്താല്‍ സംഭവത്തിലെ രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷിക്കേണ്ടതുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

To advertise here,

മധുകറിന്റെ പണമിടപാട്- ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റിഡയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ദേവ് പ്രകാശ് മധുകറിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നേരത്തെ ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. മധുകര്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അഭിഭാഷകന്‍ അറിയിച്ചത്. എന്നാല്‍, നിരീക്ഷണത്തിലൂടെ തങ്ങള്‍ അറസ്റ്റുചെയ്യുകയായിരുന്നുവെന്ന് ഹാഥ്‌റസ് പോലീസ് അവകാശപ്പെട്ടു.

സംഭവത്തില്‍ വേഗത്തിലുള്ള അന്വേഷണം വേണമെന്നാണ് ഇരകളുടെ കുടുംബങ്ങളുടെ ആവശ്യം. സത്സംഗത്തിന്റെ സംഘാടകര്‍ക്കെതിരെ നടപടിവേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിനിടെയാണ് സൂരജ് പാല്‍ സിങ് എന്നറിയപ്പെടുന്ന ആള്‍ദൈവം ഭോലെ ബാബയുടെ സംഘടനയ്ക്ക് രാഷ്ട്രീയ സംഭവനയും ലഭിക്കുന്നുണ്ടെന്ന കണ്ടെത്തലുമായി പോലീസ് രംഗത്തെത്തിയത്.

അതേസമയം, ഭോലെ ബാബയെ പ്രതിയാക്കി ആദ്യ കേസെടുത്തു. ബിഹാറിലെ പാട്‌നയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുമ്പാകെയാണ് കേസ് രേഖപ്പെടുത്തിയത്.

സംഭവസമയത്ത് 40-ഓളം പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ സുരക്ഷയ്ക്കായി ഉണ്ടായിരുന്നുള്ളൂവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ആള്‍ദൈവത്തിന്റെ സംഘത്തിലെ പരിപാടിയുടെ മുഖ്യസുരക്ഷാ ചുമതല മധുകറിനായിരുന്നു. 80,000 പേരെ പങ്കെടുപ്പിക്കാന്‍ അനുമതിയുണ്ടായിരുന്ന പ്രാര്‍ഥനാസമ്മേളനത്തില്‍ 2.5 ലക്ഷം പേര്‍ പങ്കെടുത്തുവെന്നാണ് കണ്ടെത്തല്‍. ആള്‍ദൈവത്തിന്റെ കാറിന്റെ അടിയിലെ മണ്ണെടുക്കാനുള്ള ശ്രമച്ചിനിടെയാണ് തിക്കിലും തിരക്കിലുംപെട്ട് 121-ഓളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ചവരില്‍ കൂടുതല്‍പ്പേരും കുട്ടികളും സ്ത്രീകളുമായിരുന്നു.