ലഖ്‌നൗ: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ പ്രാർഥനാസമ്മേളനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും 121 പേർ മരിക്കാനിടയായ സംഭവംനടന്ന് ദിവസങ്ങൾക്കുശേഷം പ്രതികരണവുമായി വിവാദ ആൾദൈവം ഭോലെ ബാബ. ദുരന്തത്തിൽ അതീവ ദുഃഖിതനാണെന്നും ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നമുക്ക് നൽകട്ടെയെന്നും അ​ദ്ദേഹം വാർത്താ ഏജൻസായായ എ.എൻ.ഐയോട് പ്രതികരിക്കുന്ന വീഡിയോ പുറത്തുവന്നു. 

To advertise here,

'സർക്കാരിലും ഭരണത്തിലും വിശ്വസിക്കുക. ദുരന്തത്തിന് കാരണക്കാരായ ആരെയും വെറുതെ വിടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. മരിച്ചവരുടെ കുടുംബത്തോടൊപ്പം നിൽക്കാനും പരിക്കേറ്റവരെ ജീവിതകാലം മുഴുവൻ സഹായിക്കാനും കമ്മിറ്റി അം​ഗങ്ങളോട് അഭിഭാഷകൻ മുഖേന അഭ്യർഥിച്ചിട്ടുണ്ട്', ഭോലെ ബാബ പറഞ്ഞു. 

പ്രാർഥനാസമ്മേളനത്തിനുശേഷം ഭോലെ ബാബയെ കാണാൻ ആളുകൾ തിരക്കുകൂട്ടിയതും ബാബയുടെ കാൽപ്പാദത്തിനരികിൽനിന്ന് മണ്ണ് ശേഖരിക്കാൻ ശ്രമിച്ചതുമാണ് ദുരന്തത്തിലേക്ക് നയിച്ചത്. സംഭവത്തിൽ മുഖ്യപ്രതിയായ ദേവ് പ്രകാശ് മധുകർ വെള്ളിയാഴ്ച രാത്രി ഡൽഹി പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. ഇയാളെ ഉത്തർപ്രദേശ് പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. അതേസമയം, പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ബാബയുടെ പേര് ഉൾപ്പെടുത്തിയിരുന്നില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് യു.പി. സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 

അതിനിടെ, ഭോലെ ബാബ ലൈംഗികാതിക്രമക്കേസിലും പ്രതിയായിരുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നു. ഉത്തർപ്രദേശിലെ വിവിധയിടങ്ങളിലും രാജസ്ഥാനിലും ഭോലെ ബാബ എന്ന സുരാജ് പാലിനെതിരേ കേസുകളുണ്ടെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഉത്തർപ്രദേശ് പോലീസിലായിരുന്നു സുരാജ് പാലിന്റെ ജോലി. 

യു.പി. പോലീസിന്റെ പ്രാദേശിക ഇന്റലിജൻസ് യൂണിറ്റിൽ 18 വർഷത്തോളം ജോലിചെയ്തശേഷം 1990-ൽ ഇയാൾ സ്വയം വിരമിച്ചു. ഇതിനുപിന്നാലെയാണ് ആൾദൈവമായി പ്രശസ്തി നേടിയത്. ഉത്തർപ്രദേശിലെ കസ്ഗഞ്ച്, ഏട്ടാ, ബ്രാജ് മേഖലകളിൽ ഇയാൾക്ക് നിരവധി അനുയായികളുണ്ട്. ദരിദ്ര-മധ്യവർഗ കുടുംബങ്ങളിൽപ്പെട്ടവരായിരുന്നു ഭോലെ ബാബയുടെ അനുയായികളിൽ ഭൂരിഭാഗം പേരും.