ലഖ്‌നൗ: കഴിഞ്ഞവര്‍ഷം ഹാഥ്റസില്‍ തിരക്കില്‍പ്പെട്ട് 121 പേര്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കുണ്ടായ പിഴവ് ചൂണ്ടിക്കാട്ടി ജുഡീഷ്യല്‍ കമ്മിഷന്‍. വിവാദ ആള്‍ദൈവം ഭോലെ ബാബയുടെ പരിപാടിക്കെത്തിയവരാണ് മരിച്ചത്. കമ്മിഷന്‍ റിപ്പോര്‍ട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിയമസഭയുടെ മേശപ്പുറത്ത് വെച്ചു.

To advertise here,

80,000 പേര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച പരിപാടിയില്‍ എത്തിയത് രണ്ടരലക്ഷം മുതല്‍ മൂന്നുലക്ഷം പേരായായിരുന്നു. മതപ്രഭാഷണം അവസാനിച്ചപ്പോള്‍ മുഴുവന്‍ ആളുകളെയും ഒന്നിച്ച് പുറത്താക്കിയതോടെ അനിയന്ത്രിതമായ തിരക്കേറി. വേണ്ടത്ര സുരക്ഷയൊരുക്കിയില്ല. ആളുകളെ പുറത്തെത്തിക്കാന്‍ മറ്റൊരു വഴിയും ഒരുക്കിയില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ബാരിക്കേഡ് സംവിധാനവും കാര്യക്ഷമമല്ലായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്രിമിനല്‍ ഗൂഢാലോചനയുടെ സാധ്യത കമ്മിഷന്‍ തള്ളിക്കളയുന്നില്ല. പ്രത്യേക അന്വേഷണസംഘം സംഭവത്തില്‍ കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം നടത്തണമെന്നും ശുപാര്‍ശ ചെയ്തു.

പോലീസ് എഫ്.ഐ.ആറില്‍ പ്രസംഗകന്റെ യഥാര്‍ഥപേരായ സൂരജ്പാലിനെ പ്രതിയായി പരാമര്‍ശിച്ചില്ല. വേദിയില്‍ അടിസ്ഥാനസൗകര്യങ്ങളുടെ അഭാവവും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പന്തലിനുള്ളില്‍ മുഴുവന്‍ ആളുകള്‍ക്കും ഇരിപ്പിട മുണ്ടായിരുന്നില്ല. ഇതോടെ കൂടുതല്‍ ആളുകള്‍ വേദിക്കു പുറത്തായി. ചൂടുള്ളസമയത്ത് കുടിവെള്ള സൗകര്യവും ഒരുക്കിയില്ല. ഇതോടെ, ആളുകള്‍ അസ്വസ്ഥരായെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. പൊതുസുരക്ഷ ഉറപ്പാക്കേണ്ടത് പോലീസിന്റെ കടമയായിരുന്നു. അതിനായി പുറത്തെ സുരക്ഷാവിഭാഗങ്ങളെ ഏര്‍പ്പാടാക്കിയത് നീതീകരിക്കാനാവില്ലെന്നും കമ്മിഷന്‍ വ്യക്തമാക്കി.