ന്യൂഡൽഹി: കേന്ദ്ര കൃഷി മന്ത്രാലയത്തിൻ്റെ പദ്ധതിയുടെ ഭാഗമായി ഒരുകോടി രൂപ കാർഷിക സബ്‌സിഡി കൈപ്പറ്റിയെന്ന ആരോപണത്തിൽ വിശദീകരണവുമായി കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരി. താൻ ബാല്യംമുതൽ കൃഷിയിൽ ഏർപ്പെട്ടിരിക്കുന്ന കർഷകനാണെന്നും ഇതിൽ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
ഭഗീരഥ് ചൗധരിയുടെ വെള്ളരി കൃഷിക്കായി പോളിഹൗസുകൾ സ്ഥാപിക്കുന്നതിന് 99.03 ലക്ഷം രൂപയുടെ സബ്‌സിഡി കൃഷി മന്ത്രാലയത്തിന് കീഴിലെ ബോർഡ് അംഗീകരിച്ചത് വിവാദമായതോടെയാണ് മന്ത്രി വിശദീകരണവുമായി എത്തിയത്. മന്ത്രിയാകുന്നതിന് വർഷങ്ങൾക്ക് മുമ്പ്, 2018-ലാണ് ഈ സബ്‌സിഡിക്കായി അപേക്ഷ നൽകിയതെന്ന് അദ്ദേഹം വിശദീകരിച്ചു. താൻ എടുത്ത വായ്പകളുടെയും സബ്‌സിഡികളുടെയും വിവരങ്ങൾ ബോർഡിനെ അറിയിച്ചിട്ടുണ്ടെന്നും പ്രദേശിക ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൃഷിയിടത്തിൽ കർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളിലും പ്രകൃതിദത്ത കൃഷിയിലും പരിശീലനം നൽകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബോർഡിൻ്റെ വൈസ് പ്രസിഡന്റ് ഭഗീരഥ് ചൗധരി തന്നെയാണ് എന്നതാണ് പ്രതിപക്ഷം ഉയർത്തുന്ന പ്രധാന ആരോപണം. മോദി സർക്കാരിന്റെ കീഴിലെ 'അഴിമതിയുടെ പുതിയ മാതൃക'യാണിതെന്ന് മുൻ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് പരിഹസിച്ചു.
കേന്ദ്രമന്ത്രിതന്നെ തന്റെ മന്ത്രാലയത്തിന് കീഴിലുള്ള സ്കീമിൽനിന്ന് തന്റെ കൃഷിയിടത്തിനായി ഇത്രയും വലിയ തുക അനുവദിക്കുന്നത് വ്യക്തിപരമായ നേട്ടങ്ങൾക്കാണ്. സാധാരണ കർഷകർ ആനുകൂല്യങ്ങൾക്കായി ഓഫീസുകൾ കയറിയിറങ്ങുമ്പോൾ സർക്കാർ മന്ത്രിമാർക്കും പ്രിയപ്പെട്ട ഉദ്യോഗസ്ഥർക്കും കോടികൾ വാരിക്കോരി നൽകുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
നരേന്ദ്ര മോദിയുടെ 'നാ ഖാവുങ്കാ നാ ഖാനെ ദുംഗ' (ഞാൻ അഴിമതി നടത്തില്ല, നടത്താൻ അനുവദിക്കില്ല) എന്ന മുദ്രാവാക്യം പ്രധാനമന്ത്രി മറക്കരുതെന്നും ഭഗീരഥ് ചൗധരിക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Content Highlights: Minister Bhagirath Choudhary defends receiving a 99.03 lakh agricultural subsidy., The subsidy was for polyhouse installation, applied for in 2018 before becoming a minister., Ashok Gehlot labels the incident as a conflict of interest and a model of corruption., Congress party questions PM Modi's stance on corruption regarding this allocation., The minister claims transparency by maintaining public records of the subsidy.
Published: 27 Jun 2026, 08:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented