ബെംഗളൂരു: റീൽസ് ചിത്രീകരണത്തിനായി പിതാവിനെ ചാക്കിലാക്കി കൊറിയർ ചെയ്യാൻ മകളുടെ ശ്രമം. മകളും ഭർത്താവും ഭർതൃമാതാവും ഭർത്താവിന്റെ സഹോദരവും ചേർന്നാണ് പിതാവിനെ ചാക്കിൽ കെട്ടി കൊറിയർ ഓഫീസിൽ എത്തിച്ചത്. വലിയ പക്കേജ് ശ്രദ്ധയിൽപ്പെട്ട കൊറിയർ ഓഫീസിലെ ജീവനക്കാർ എന്താണ് കൊറിയറിലെന്ന് ചോദിച്ചതോടെയാണ് റീൽസ് ചിത്രീകരണ കഥ പുറത്തുവരുന്നത്.

To advertise here,

ആദ്യം ചോദിച്ചപ്പോൾ ആരും ഒന്നും പറഞ്ഞില്ല. കൃത്യമായ മറുപടി ലഭിക്കാതായതോടെ ജീവനക്കാർ ചാക്ക് അഴിച്ചു നോക്കുകയായിരുന്നു. ചാക്ക് അഴിച്ചതോടെ പിതാവ് വെളിയിൽ വന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പിതാവ് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതും വീഡിയോയിൽ കാണാം.

റീൽസ് ചിത്രീകരണത്തിനായാണ് പിതാവിനെ ചാക്കിലാക്കിയതെന്നാണ് യുവതി പറഞ്ഞത്. ഉഗാദി, റംസാൻ ആഘോഷ സമയത്ത് യാത്രാ ടിക്കറ്റുകൾ ലഭിക്കുക പ്രയാസമാണെന്നും മറ്റു മാർഗമില്ലെന്നും യാത്ര ചെയ്യാൻ എളുപ്പവഴി പറഞ്ഞു കൊടുക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ റീൽസ് ചിത്രീകരിച്ചതെന്നുമാണ് യുവതിയും കുടുംബവും പറയുന്നത്.

തുടർന്നും കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാൻ ഈ കുടുംബം ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. യുവതിയേയും കുടുംബത്തേയും സ്റ്റേഷനിലെത്തിച്ചു. തുടർന്ന് താക്കീത് നൽകി പോലീസ് വിട്ടയക്കുകയായിരുന്നു. ഇവരെക്കൊണ്ട് ക്ഷമാപണ വീഡിയോയും പോലീസ് ചെയ്യിച്ചു