കൊല്ലം: കള്ളനോട്ട് കേസിലെ പ്രധാന പ്രതി സിബിയോണിന്റെ ഭാര്യ ബിൻസിയെയും പ്രതിചേർത്ത് ജില്ലാ ക്രൈംബ്രാഞ്ച്. വീട്ടിൽനിന്ന് കള്ളനോട്ടുകളും പ്രിന്റിങ് മെഷീനുകളും കണ്ടെത്തിയ സംഭവത്തിൽ ബിൻസിക്കും പങ്കുണ്ടെന്നുകാട്ടി ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.

To advertise here,

ഇവരുടെ ബാങ്ക് അക്കൗണ്ടുകൾവഴി നടന്ന വൻതുകകളുടെ ഇടപാടുകൾ സംബന്ധിച്ച് പ്രതികൾ വ്യക്തമായ മറുപടി നൽകിയിട്ടില്ല. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാനും നീക്കമുണ്ട്. രണ്ടുദിവസമായി ബിൻസിയെ അന്വേഷണസംഘം ചോദ്യംചെയ്തുവരികയാണ്. ഇവരുടെ അക്കൗണ്ടിൽ എത്തിയ ഒരു കോടി രൂപയെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. ഇവർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.

കഴിഞ്ഞമാസമാണ് സിബിയോണിന്റെ വാടിയിലെ വീട്ടിൽനിന്ന് കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകളും 500 രൂപ നോട്ട് അച്ചടിക്കാനായി മുറിച്ച പേപ്പർകെട്ടുകളും സ്വർണാഭരണങ്ങളും കണ്ടെടുത്തത്. ദിവസങ്ങൾക്കുശേഷം ഇയാളുടെ, മത്സ്യബന്ധനസാമഗ്രികൾ സൂക്ഷിക്കുന്ന ലോക്കറിൽനിന്ന് 22 കിലോഗ്രാം തിമിംഗിലഛർദിയും കണ്ടെത്തിയിരുന്നു.