പയ്യന്നൂർ: കേരളത്തിലെ വന്ദേഭാരത് വണ്ടികൾ വേഗത്തിനൊപ്പം യാത്രാ വരുമാനത്തിലും കുതിക്കുന്നു. കേരളത്തിലെ 10 സ്റ്റേഷനുകളിൽനിന്ന് രണ്ടു ജോഡി വന്ദേഭാരതുകൾ 2025-26 വർഷം നേടിയത് 249.65 കോടി രൂപ. 2024-25ൽ ഇത് 166.65 കോടി രൂപയായിരുന്നു. വന്ദേഭാരതുകളുടെ കോച്ച് 20 ആയി വർധിപ്പിച്ചപ്പോഴാണ് 83 കോടി രൂപയോളം അധിക വരുമാനം നേടിയത്.

To advertise here,

തിരുവനന്തപുരം-കാസർകോട് (20634) വന്ദേഭാരത് 60.88 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് (2024-25 ൽ 50.92 കോടി രൂപ). കാസർകോട്-തിരുവനന്തപുരം (20633) വന്ദേഭാരത്-67.47 കോടി രൂപ നേടി. (2024-25 ൽ 54.26 കോടി രൂപ). തിരുവനന്തപുരം-മംഗളൂരു (20632) വന്ദേഭാരത്-62.20 കോടി രൂപയും (2024-25 ൽ 30.71 കോടി രൂപ). മംഗളുരു-തിരുവനന്തപുരം (20631) വന്ദേഭാരത്-59.10 കോടി രൂപയും (2024-25 ൽ 30.75 കോടി രൂപ) നേടി.

ആലപ്പുഴവഴി ഓടുന്ന തിരുവനന്തപുരം-മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത്് (20631/ 20632) 2025 മെയിലാണ് എട്ടു കോച്ചിൽനിന്ന് 16 കോച്ചിലേക്ക് മാറിയത്. 2025 സെപ്റ്റംബറിൽ 20 കോച്ചായി ഉയർത്തി. 18 ചെയർകാറും രണ്ടു എക്‌സിക്യുട്ടീവ് ചെയർകാറുമാണുള്ളത്. 1016 സീറ്റുള്ള വണ്ടിയിൽ 320 സീറ്റ് വർധിച്ച് 1336 സീറ്റായി. ഇതാണ് മുൻവർഷത്തേക്കാൾ വരുമാനം വർധിപ്പിച്ചത്.

16 കോച്ചുള്ള തിരുവനന്തപുരം-കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് (20634/20633) 2025 ജനുവരിയിലാണ് 20 കോച്ചിലേക്ക് മാറിയത്. ഇന്ത്യയിൽ ഒക്കുപ്പൻസി 200 ശതമാനത്തിനടുത്ത് തുടരുന്ന വണ്ടിയാണിത് (100 സീറ്റുള്ള വണ്ടിയിൽ ഇറങ്ങിയും കയറിയും 200 ഓളം യാത്രക്കാർ സീറ്റ് ഉപയോഗിക്കുന്നു).

വന്ദേഭാരത് വണ്ടികളുടെ (2025-26) സ്റ്റേഷൻ വരുമാനം:

തിരുവനന്തപുരം സെൻട്രൽ(51.25 കോടി രൂപ), കൊല്ലം (11.04 കോടി), ചെങ്ങന്നൂർ (5.33 കോടി),ആലപ്പുഴ (4.30 കോടി), കോട്ടയം (8.66 കോടി),

എറണാകുളം ടൗൺ (28.58 കോടി), എറണാകുളം ജംഗ്ഷൻ (25.60), തൃശൂർ (17.94 കോടി),

ഷൊർണൂർ (5.46 കോടി), കോഴിക്കോട് (34.30 കോടി), കണ്ണൂർ (32.21 കോടി), കാസർകോട് (13.30 കോടി), മംഗളുരു(9.24 കോടി).