ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദയാനന്ദയുള്‍പ്പെടെ ഉന്നത പോലീസുദ്യോഗസ്ഥരുടെപേരില്‍ നടപടി. സിറ്റി പോലീസ് കമ്മിഷണര്‍, ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ ചുമതലയുള്ള അഡീഷണല്‍ കമ്മിഷണര്‍, ഡിസിപി (സെന്‍ട്രല്‍), അസിസ്റ്റന്റ് പോലീസ് കമ്മിഷണര്‍, കബ്ബണ്‍പാര്‍ക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ്‌ചെയ്തതായി മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ദുരന്തത്തെപ്പറ്റി റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡി. കുഞ്ഞ ഏകാംഗകമ്മിഷന്‍ അന്വേഷിക്കുമെന്നും പറഞ്ഞു.

To advertise here,

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു, കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍, ആഘോഷപരിപാടി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎന്‍എ നെറ്റ്വര്‍ക്ക് എന്നിവയുടെ പ്രതിനിധികളെ അറസ്റ്റ്‌ചെയ്യാന്‍ നിര്‍ദേശംനല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. വിധാന്‍സൗധയില്‍ വിളിച്ചുചേര്‍ത്ത ഉന്നതതലയോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

സ്റ്റേഡിയത്തിലെ തിക്കിലും തിരക്കിലും മരിച്ച 11 പേരില്‍ പത്തുപേരും കര്‍ണാടക സ്വദേശികളാണ്. ഐടി ജീവനക്കാരിയും വിദ്യാര്‍ഥികളും മരിച്ചവരില്‍ ഉള്‍പ്പെടും. 

മരിച്ചവരില്‍ ഉദുമല്‍പേട്ട സ്വദേശിനിയും

തിരുപ്പൂര്‍: ഐപിഎല്‍ ക്രിക്കറ്റ് ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലൊരുക്കിയ സ്വീകരണച്ചടങ്ങിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരില്‍ ഉദുമല്‍പേട്ട സ്വദേശിനിയും.

ഉദുമല്‍പേട്ടയ്ക്കടുത്ത് മേവാടിയിലുള്ള വിവേകാനന്ദവിദ്യാലയം മെട്രിക്കുലേഷന്‍ സ്‌കൂളിന്റെ കറസ്പോണ്ടന്റും ഉദുമല്‍പേട്ട നിവാസിയുമായ എസ്. മൂര്‍ത്തിയുടെയും രാജലക്ഷ്മിയുടെയും ഏകമകളായ എം. കാമാക്ഷിദേവിയാണ് (27) മരണമടഞ്ഞത്. ഇവര്‍ ബെംഗളൂരുവില്‍ ഐടി മേഖലയില്‍ ജോലിചെയ്യുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റെടുത്ത് ചിന്നസാമി സ്റ്റേഡിയത്തിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതെന്ന് പറയുന്നു. മൃതദേഹം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വിവേകാനന്ദ വിദ്യാലയത്തിലെത്തിച്ചു.

ചിന്നസ്വാമി സ്റ്റേഡിയത്തിനുമുന്‍പിലെ ദുരന്തം: സര്‍ക്കാരിനെതിരേ ആയുധമാക്കി ബിജെപി

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ഐപിഎല്‍ കിരീടം നേടിയതിന്റെ ആഘോഷത്തിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിനുമുന്‍പിലുണ്ടായ ദുരന്തം ഭരണകക്ഷിയായ കോണ്‍ഗ്രസിനെതിരായ രാഷ്ട്രീയ ആയുധമാക്കി ബിജെപി. സര്‍ക്കാരിന്റെ പിടിപ്പുകേടാണ് ദുരന്തത്തിനുപിന്നിലെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും ആഭ്യന്തരമന്ത്രി ജി. പരമേശ്വരയും ഉത്തരവാദികളാണെന്നും ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തിറങ്ങി. സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും രാജിയാവശ്യവും നേതാക്കള്‍ ഉന്നയിച്ചു. ഐപിഎല്‍ താരങ്ങള്‍ക്കൊപ്പം ചിത്രമെടുക്കാന്‍നിന്ന സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ദുരന്തത്തില്‍ മരിച്ചവരുടെ വീടുകളില്‍ പോകാന്‍ താത്പര്യംകാണിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് ആര്‍. അശോക കുറ്റപ്പെടുത്തി. ഹൃദയമില്ലാത്തവരാണ് കോണ്‍ഗ്രസ് സര്‍ക്കാരെന്നും കുറ്റപ്പെടുത്തി. സാധാരണക്കാരുടെ ജീവനുകള്‍ക്ക് അവര്‍ വിലകല്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ദുരന്തത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് ബെംഗളൂരു വികസനത്തിന്റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ രാജിവെച്ച് അന്വേഷണത്തെ നേരിടണമെന്ന് കേന്ദ്രമന്ത്രി ശോഭാ കരന്തലജെ ആവശ്യപ്പെട്ടു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. ദുരന്തത്തിന്റെ ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു. ഹൈക്കോടതി സിറ്റിങ് ജഡ്ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണംവേണമെന്നും പറഞ്ഞു.