ബെംഗളൂരു: കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ബെംഗളൂരു ചർച്ച് സ്ട്രീറ്റിലെ പ്രശസ്ത പുസ്തകശാലയായ 'ബുക്ക് വേമിൽ' നാശനഷ്ടങ്ങൾ സംഭവിച്ചു. കഴിഞ്ഞ ബുധനാഴ്ചയുണ്ടായ ശക്തമായ മഴയിൽ കടയ്ക്കുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് അയ്യായിരത്തോളം പുസ്തകങ്ങൾ നശിച്ചതായി അധികൃതർ അറിയിച്ചു. പുസ്തകങ്ങൾ വെള്ളത്തിൽ ഒഴുകിനടക്കുന്ന ചിത്രങ്ങളും കടയ്ക്ക് പുറത്ത് ആലിപ്പഴം വീണുകിടക്കുന്ന ദൃശ്യങ്ങളും പുസ്തകശാലയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ അധികൃതർ പങ്കുവെച്ചിട്ടുണ്ട്.

To advertise here,

 

വേനലവധി പ്രമാണിച്ച് വിൽപനയ്ക്കായി എത്തിച്ച പുതിയ പുസ്തകങ്ങളാണ് നശിച്ചവയിൽ ഭൂരിഭാഗവുമെന്ന് കടയുടമയായ കൃഷ്ണ അറിയിച്ചു. നനഞ്ഞ പുസ്തകങ്ങളിൽ കേടുപാടുകൾ കുറഞ്ഞവ വെയിലത്ത് ഉണക്കി കുറഞ്ഞ നിരക്കിൽ വിൽക്കാൻ ശ്രമിക്കുമെങ്കിലും, വലിയൊരു ഭാഗം പുസ്തകങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

ആധുനിക പ്രസാധന രംഗത്ത് പുനരുപയോഗം ചെയ്ത കടലാസുകൾ വ്യാപകമായി ഉപയോഗിക്കുന്നത് പുസ്തകക്കടലാസുകളുടെ ഗുണമേന്മയെ ബാധിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി. വെള്ളം കയറിയാൽ ഇവ വേഗത്തിൽ നശിച്ചുപോകും.  പ്രത്യേകിച്ചും ഓയിൽ പേപ്പറിൽ അച്ചടിച്ച ആസ്റ്ററിക്സ്, ഒബലിക്സ് തുടങ്ങിയ ചിത്രകഥാ പുസ്തകങ്ങൾ ഒന്നുപോലും രക്ഷിക്കാനായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പുസ്തകശാലയുടെ ഈ ദുരവസ്ഥയറിഞ്ഞ് സമൂഹമാധ്യമങ്ങളിലൂടെ വായനക്കാർ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം കൊൽക്കത്തയിലെ കോളേജ് സ്ട്രീറ്റിലെ പുസ്തകശാലകളിൽ പ്രളയമുണ്ടായപ്പോൾ സംഘടിപ്പിച്ച 'വെറ്റ് ബുക്ക് ഫെയർ' മാതൃകയിൽ, നനഞ്ഞ പുസ്തകങ്ങൾ വാങ്ങാൻ വായനക്കാർ മുന്നോട്ടുവരണമെന്ന് പലരും അഭ്യർഥിച്ചു.

പുസ്തകങ്ങളുടെ അവസ്ഥ എന്തുതന്നെയായാലും അവ വാങ്ങാൻ തയ്യാറാണെന്നും ആയിരക്കണക്കിന് വായനക്കാർക്ക് പ്രിയപ്പെട്ട ഈ സ്ഥാപനത്തിന്റെ തിരിച്ചുവരവിനായി തങ്ങളാലാകുന്ന സഹായം നൽകുമെന്നും നിരവധി പേർ വാഗ്ദാനം ചെയ്തിട്ടുണ്ട്.