കൊല്‍ക്കത്ത: ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ കുറ്റാരോപിതനായ സന്ദേശ്ഖലിയിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ സി.ബി.ഐക്ക് കൈമാറാന്‍ വിസമ്മതിച്ച് പശ്ചിമബംഗാൾ സര്‍ക്കാര്‍. ഷെയ്ഖ് ഷാജഹാനെ സി.ബി.ഐക്ക് കൈമാറണമെന്ന് ബംഗാള്‍ പോലീസിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനോട് (സി.ഐ.ഡി) കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. 

To advertise here,

വൈകീട്ട് നാലരയോടെ പ്രതിയേയും കേസുമായി ബന്ധപ്പെട്ട രേഖകളും കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്. ഏഴരവരെ സി.ബി.ഐ. ഉദ്യോഗസ്ഥര്‍ പോലീസ് ആസ്ഥാനത്ത് കാത്തുനിന്നെങ്കിലും ഒരു നടപടിയുമുണ്ടാകാത്തതിനെ തുടര്‍ന്ന് തിരിച്ചുപോയി. ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അപ്പീലില്‍ വിധി വന്നശേഷം തീരുമാനമെടുക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍. 

പോലീസിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തേ ഹൈക്കോടതിയില്‍ നിന്നുണ്ടായത്. പോലീസ് പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ആരോപണവിധേയനായ ഷെയ്ഖ് ഷാജഹാനെതിരെ നീതിപൂര്‍വ്വവും സത്യസന്ധവും സമ്പൂര്‍ണവുമായ അന്വേഷണം വേണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. സി.ബി.ഐ. അന്വേഷണത്തിനായി കൈമാറാന്‍ ഇതിനേക്കാള്‍ അര്‍ഹമായ മറ്റൊരു കേസുമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. 

അതേസമയം, സുപ്രീം കോടതിയില്‍ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. ബംഗാള്‍ സര്‍ക്കാരിന്റെ ആവശ്യം രജിസ്ട്രാർ ജനറലിന് മുമ്പാകെ സമര്‍പ്പിക്കാനും സുപ്രീം കോടതി നിര്‍ദേശിച്ചു.