അയോധ്യ: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻക്രമക്കേട് നടന്നെന്ന ആരോപണത്തിൽ അന്വേഷണം നേരിടുന്ന രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളോടും ക്ഷേത്ര ജീവനക്കാരോടും അയോധ്യ വിട്ടുപോകരുതെന്ന് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) നിർദേശിച്ചു. രാം ലല്ലയ്ക്ക് ഭക്തർ അർപ്പിച്ച സ്വർണം, വെള്ളി, രത്നങ്ങൾ എന്നിവയുടെ കാര്യത്തിൽ ക്രമക്കേടുനടന്നിട്ടുണ്ടെന്ന് എസ്.ഐ.ടി. കണ്ടെത്തിയതായി ക്ഷേത്രവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഇവയുടെ രേഖകളെക്കുറിച്ചുള്ള ചോദ്യത്തിൽ ട്രസ്റ്റ് ഉദ്യോഗസ്ഥരിൽ പലർക്കും തൃപ്തികരമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.

To advertise here,

ക്രമക്കേടുകൾ ഏറെയും നടന്നത് 2025 ജനുവരി-ഫെബ്രുവരിയിൽ മഹാകുംഭമേളക്കാലത്താകാമെന്നാണ് കരുതുന്നത്. അന്ന് ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കുണ്ടാവുകയും സംഭാവനകൾ കുമിഞ്ഞുകൂടുകയും ചെയ്തിരുന്നു. ഈ സമയത്തെ രേഖകളിലാണ് എസ്.ഐ.ടി. ശ്രദ്ധയൂന്നുന്നത്.

എസ്.പി.യും എ.എ.പി.യും ഉൾപ്പെടെയുള്ള രാഷ്ട്രീയകക്ഷികളുടെ ആരോപണത്തെത്തുടർന്ന് ഈ മാസം 13-നാണ് യു.പി. സർക്കാർ അന്വേഷണത്തിനായി എസ്.ഐ.ടി.യെ നിയോഗിച്ചത്.

200 കോടിമുതൽ 1400 കോടിവരെ രൂപയുടെ വെട്ടിപ്പുനടന്നിട്ടുണ്ടെന്നാണ് ആരോപണം. സി.സി.ടി.വി. ദൃശ്യങ്ങൾ ഡിലീറ്റുചെയ്തു, സ്വർണത്തിലും വെള്ളിയിലും തീർത്ത 1250 കട്ടകൾ കാണാനില്ല തുടങ്ങിയ ആരോപണങ്ങളുമുണ്ട്.

ക്ഷേത്രട്രസ്റ്റിന്റെ ഭൂമിവാങ്ങലും എസ്.ഐ.ടി.യുടെ അന്വേഷണപരിധിയിലുണ്ട്. വിപണിവിലയിലും കുറഞ്ഞവിലയിലാണ് ട്രസ്റ്റ് പലയിടത്തും ഭൂമിവാങ്ങിയത് എന്നാണ് ആരോപണം.

അന്വേഷണറിപ്പോർട്ടുകൾ ഡിജിറ്റൽ രൂപത്തിലാക്കിയിട്ടുണ്ട്. അന്തിമറിപ്പോർട്ട് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിക്കും.