ദിസ്പുർ: കോൺഗ്രസിന്റെ 20 വർഷത്തെ ഭരണകാലത്ത് അസമിന്റെ ജനസംഖ്യാപരമായ ഘടന മാറിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ 64 ലക്ഷം നുഴഞ്ഞുകയറ്റക്കാർ ഉണ്ടെന്നും അവർ തദ്ദേശീയരുടെ മേൽ മേൽക്കൈ നേടിയതായും അമിത് ഷാ കൂട്ടിച്ചേർത്തു. നുഴഞ്ഞുകയറ്റം തടയാൻ ബിജെപിയ്ക്ക് മാത്രമേ കഴിയൂ എന്ന് പറ‍ഞ്ഞ അദ്ദേഹം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ വീണ്ടും അധികാരമേൽപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്തു. ധേമാജിയിൽ പൊതുജനറാലിയെ അംഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ.

To advertise here,

"നമ്മുടെ ഏഴ് ജില്ലകളിൽ – ധുബ്ര, ബാർപേട്ട, ദാരാംഗ്, മൊറിഗാവ്, ബൊംഗായ്ഗാവ്, നാഗോൺ, ഗോവൽപ്പാറ – നുഴഞ്ഞുകറിയവർക്കാണ് സ്വാധീനം. ഇരുപത് വർഷത്തെ കോൺഗ്രസ് ഭരണത്തിനിടയിൽ, മുമ്പ് നുഴഞ്ഞുകയറ്റക്കാരില്ലാതിരുന്ന ഈ ഏഴ് ജില്ലകളിൽ ഇപ്പോൾ 64 ലക്ഷം നുഴഞ്ഞുകയറ്റക്കാരുണ്ട്. ആയുധമെടുത്ത് അതിർത്തിയിലേക്ക് പോയി നുഴഞ്ഞുകയറിയവരെ തടയണമെന്ന് ഞാൻ പറയുന്നില്ല. ഹിമന്ത ബിശ്വ ശർമ്മയുടെ സർക്കാർ ഈ ജോലി ചെയ്യും. വിഷമിക്കേണ്ട. എന്നാൽ നുഴഞ്ഞുകയറ്റക്കാരെ തടയണമെങ്കിൽ, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി ബിജെപിയ്ക്ക് നിങ്ങളുടെ പിന്തുണ നൽകുക,"ഷാ പറഞ്ഞു.

നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്രസർക്കാർ നുഴ‍ഞ്ഞുകയറ്റം തടയാൻ വിവിധ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ തുടർച്ചയായ രണ്ട് ബിജെപി സർക്കാരുകൾ ഏകദേശം 1.26 ലക്ഷം ഏക്കർ ഭൂമി നുഴഞ്ഞുകയറിയവരുടെ കൈയേറ്റത്തിൽ നിന്ന് വീണ്ടെടുത്തതായും ഷാ കൂട്ടിച്ചേർത്തു.