ന്യൂഡല്‍ഹി: രാഷ്ട്രീയ എതിരാളികളെ അമ്പരപ്പിച്ചുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞ സമയത്തിനുള്ളില്‍ അത് ചെയ്തു. ബാറ്റണ്‍ അതിഷിക്ക് കൈമാറിക്കൊണ്ട് ഡല്‍ഹിയിലെ കേവലം എം.എല്‍.എയായി ഒതുങ്ങുമോ കെജ്‌രിവാള്‍?

To advertise here,

ഒരിക്കലുമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിന് കാരണവുമുണ്ട്. രാഷ്ട്രീയത്തിലെ ചാണക്യന്മാരെ പോലും മലര്‍ത്തിയടിച്ചുകൊണ്ട് മൂന്ന് തവണ ഡല്‍ഹിയുടെ ഭരണസാരഥ്യം നേടിയെടുത്ത കെജ്‌രിവാള്‍, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതുപോലും രാഷ്ട്രീയതന്ത്രമായാണ് നിരീക്ഷകര്‍ വ്യാഖ്യാനിക്കുന്നത്. 

മാസങ്ങള്‍ക്കപ്പുറം നടക്കാനിരിക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയാണ് കെജ്‌രിവാളിന്റെ ലക്ഷ്യം. മദ്യനയ അഴിമതി കേസില്‍ താനുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ മാസങ്ങളോളം ജയിലില്‍ കിടന്നതുകാരണം ജനങ്ങള്‍ക്കിടയിലുണ്ടായ അവമതിപ്പും ആശയക്കുഴപ്പവും പരിഹരിച്ച് ആം ആദ്മി പാര്‍ട്ടിയെ തിരഞ്ഞെടുപ്പിന് സുസജ്ജമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് പാര്‍ട്ടി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാള്‍ ഇനി കടക്കുക. 

താഴേത്തട്ട് വരെ ഇറങ്ങി പ്രവര്‍ത്തിച്ച് പ്രതിച്ഛായ വീണ്ടെടുക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. പദയാത്രകള്‍, പൊതുയോഗങ്ങള്‍, റാലികള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തി സമഗ്രമായ നൂറുദിന കര്‍മപദ്ധതി ഇതിനായി തയ്യാറാക്കിക്കഴിഞ്ഞുവെന്നാണ് വിവരം. മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പരിപാടികളില്‍ കെജ്‌രിവാളിനൊപ്പം കൈകോര്‍ക്കുമെന്നും ആം ആദ്മി പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. 

കൂടാതെ, അടുത്തമാസം നടക്കാനിരിക്കുന്ന ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിലും അരവിന്ദ് കെജ്‌രിവാള്‍ സജീവമാകും. തനിക്ക് സമാനമായി ജയിലില്‍ കിടന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനുമായി ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ക്കും കെജ്‌രിവാള്‍ ചുക്കാന്‍ പിടിക്കും.