
കശ്മീർ: കനത്ത മഞ്ഞു വീഴ്ച. കാൽമുട്ടോളം മഞ്ഞ്. കൊടും തണുപ്പ്. ഈ പ്രതികൂല സാഹചര്യത്തിലും ആശുപത്രിയിലെത്താൻ യാതൊരു മാർഗവുമില്ലാതെ ബുദ്ധിമുട്ടിയ ഗർഭിണിയായ യുവതിയെ നിശ്ചയദാർഢ്യം കൈവിടാതെ സുരക്ഷിതമായി ആശുപത്രിയിലെത്തിച്ച് സൈനികർ. ആഴമേറിയ മഞ്ഞ് പാളികൾക്കിടയിലൂടെ രണ്ട് കിലോമീറ്ററോളം ഗർഭിണിയേയും ചുമന്ന് നടന്നാണ് സൈനികർ ഇവരെ ആശുപത്രിയിലെത്തിച്ചത്.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് കുപ്‌വാരയിലെ കരൽപുരയിലുള്ള സൈനികരെ തേടി വടക്കൻ കശ്മീരിലെ ടാങ്മാർഗ് പ്രദേശത്തെ ഗ്രാമത്തിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള ഒരു ഫോൺ വിളിയെത്തുന്നത്. പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയാണെന്നും പ്രസവ വേദനയെത്തിയ തന്റെ ഭാര്യയെ ആശുപത്രിയിലെത്തിക്കാൻ മറ്റുമാർഗങ്ങളില്ല, സഹായിക്കണമെന്നും അഭ്യർഥിച്ച് യുവതിയുടെ ഭർത്താവാണ് സൈനികരെ വിളിച്ചത്.
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയ ഉടൻതന്നെ ഒരു ആരോഗ്യപ്രവർത്തകനേയും ഒപ്പംകൂട്ടി സൈനികർ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ക്യാമ്പിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്ററോളം ദൂരം സഞ്ചരിച്ചാണ് സൈനിക സംഘം ഗർഭിണിയുടെ വീട്ടിലേക്കെത്തിയത്. പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഗർഭിണിയെ സ്ട്രെച്ചറിൽ ചുമന്ന് രണ്ട് കിലോമീറ്ററോളം മഞ്ഞിലൂടെ നടന്ന് അടുത്തുള്ള റോഡ് വരെയെത്തിച്ചു. ഇവിടെനിന്നും യുവതിയെ അതിവേഗം അടുത്തുള്ള ആശുപത്രിയിലേക്കും എത്തിച്ചു.
മുൻകൂട്ടി അറിച്ചതിനാൽ യുവതിക്ക് ആവശ്യമായ അടിയന്തര ചികിത്സാ സൗകര്യങ്ങൾ ആശുപത്രിയിൽ സജ്ജമാക്കിയിരുന്നു. വാർഡിൽ പ്രവേശിച്ചതിന് പിന്നാലെ യുവതി ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജൻമം നൽകുകയും ചെയ്തു.
സൈനികർ ഗർഭിണിയെ സ്ട്രെച്ചറിൽ ചുമന്ന് നടന്നുപോകുന്ന വീഡിയോ കേന്ദ്ര പ്രതിരോധ മന്ത്രാലയം ട്വിറ്ററിലൂടെ പുറത്തുവിടുകയും ചെയ്തു. സൈനികരുടെ പ്രവർത്തിയെ പ്രകീർത്തിച്ച് ഇതിനോടകം നിരവധി പേര്‍ വീഡിയോയ്ക്ക് താഴെ അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്
കഴിഞ്ഞ വർഷം ജനുവരിയിലും വടക്കൻ കശ്മീരിലെ മറ്റൊരു ഗ്രാമത്തിലും സമാനമായ സാഹചര്യത്തിൽ ഒരു ഗർഭിണിയെ സൈന്യം സുരക്ഷിതമായി ആശുപത്രിയിലെത്തിച്ചിരുന്നു.
content highlights:Army Carries Pregnant Woman to Hospital in Knee-Deep Snow in Kashmir
Published: 07 Jan 2021, 09:13 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented