ന്യൂഡൽഹി: ഇന്ത്യയിൽ നിർമിച്ച റഷ്യൻ യുദ്ധവിമാനം സുഖോയ് 30എംകെഐ വാങ്ങാൻ ആലോചിച്ച് അർമേനിയ. എതിരാളിയായ അസർബൈജാൻ പാകിസ്താനിൽനിന്ന് ചൈനീസ് വിമാനമായ ജെഎഫ്-17 തണ്ടർ വിമാനത്തിന്റെ 40 എണ്ണം വാങ്ങാനുള്ള തീരുമാനമെടുത്തതിനെ തുടർന്നാണ് അർമേനിയ ഇന്ത്യയിലേക്ക് ആയുധത്തിനായി നീക്കം നടത്തുന്നത്. ബ്രഹ്‌മോസ് എൻജി, അസ്ത്ര എന്നീ മിസൈലുകൾ കൂടി ഉൾപ്പെടുത്തി പരിഷ്‌കരിച്ച സുഖോയ്-30 എംകെഐ യുദ്ധവിമാനമാണ് അർമേനിയ ഇന്ത്യയിൽനിന്ന് വാങ്ങുകയെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ ഫ്രഞ്ച് യുദ്ധവിമാനമായ റഫാൽ വാങ്ങാനായിരുന്നു അർമേനിയ തീരുമാനിച്ചത്. എന്നാൽ, സാമ്പത്തിക ലാഭവും കൂടുതൽ പ്രവർത്തന മികവും കണക്കിലെടുത്താണ് ഇന്ത്യയിൽ നിർമിച്ച സുഖോയ്-30 എംകെഐ വിമാനം വാങ്ങാൻ അർമേനിയ ആലോചിക്കുന്നത്. യാഥാർഥ്യമായാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ മെച്ചപ്പെടാൻ പ്രതിരോധ ഇടപാട് കാരണമായി തീരും. നിലവിൽ ഇന്ത്യയിൽനിന്ന് പിനാക റോക്കറ്റ് സംവിധാനം ഉൾപ്പെടെ ഒട്ടേറെ ആയുധങ്ങൾ അർമേനിയ വാങ്ങിയിട്ടുണ്ട്.
അസർബൈജാനുമായി 2020 മുതൽ തുടരുന്ന നഗൊർണൊ- കരാബാക്ക് യുദ്ധത്തിൽ ഇന്ത്യ അർമേനിയയുടെ പക്ഷത്താണ്. 2022-ലെ കണക്കനുസരിച്ച് ഇന്ത്യയിൽ നിന്ന് 25 കോടി ഡോളറിന്റെ ആയുധങ്ങൾ അർമേനിയ വാങ്ങിയിട്ടുണ്ട്. ടാങ്ക് വേധ മിസൈലുകളും റോക്കറ്റുകളും ആർട്ടിലറി ഷെല്ലുകളുമുൾപ്പെടെ നിരവധി ആയുധങ്ങൾ ഇന്ത്യ അർമേനിയയ്ക്ക് നൽകിയിട്ടുമുണ്ട്.
നഗൊർണൊ- കരാബാക്ക് വിഷയത്തിൽ അസർബൈജാന് പാകിസ്താന്റെ പിന്തുണയുണ്ട്. ഇതിനൊപ്പം തുർക്കിയുടേയും. ഇന്ത്യൻ ആയുധങ്ങളുടെ ബലത്തിൽ അസർബൈജാനെ അർമേനിയ പ്രതിരോധത്തിലാക്കിയതിനെ തുടർന്നാണ് ചൈനയും പാകിസ്താനും സംയുക്തമായി വികസിപ്പിച്ച ജെ.എഫ്-17 തണ്ടർ വിമാനം വാങ്ങാൻ അസർബൈജൻ തീരുമാനിച്ചത്. ഇതോടെയാണ് അർമേനിയയും വ്യോമസേനാ ശേഷി വർധിപ്പിക്കാൻ തീരുമാനിച്ചത്.
നിലവിൽ റഷ്യൻ നിർമിത എസ്.യു-30എം യുദ്ധവിമാനമുള്ള ചെറിയൊരു വ്യോമസേനയാണ് അർമേനിയയ്ക്കുള്ളത്. എസ്.യു-30 എമ്മിന്റെ ഇന്ത്യൻ പതിപ്പാണ് എസ്.യു-30എംകെഐ. ഇതിൽ പല സാങ്കേതിക വിദ്യകളും ഇന്ത്യയുടേതാണ്. ആയുധങ്ങളും, ഇലക്ട്രോണിക് കൗണ്ടർ മെഷർമെൻസുകളുമടക്കം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചവയാണ് അധികവും.
പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ്( എച്ച്എഎൽ) ആണ് റഷ്യയുടെ ലൈസൻസോടെ ഇന്ത്യയിൽ ഈ യുദ്ധവിമാനം നിർമിക്കുന്നത്. ആയുധങ്ങളടക്കം പൂർണസജ്ജമായ റഫാൽ വിമാനം വാങ്ങണമെങ്കിൽ അർമേനിയ കുറഞ്ഞത് ഓരോ വിമാനത്തിനും 20 കോടി ഡോളർ വീതം മുടക്കണം. എന്നാൽ റഫാലിന്റെ അത്രവരില്ലെങ്കിലും ഇന്ത്യയുടെ എസ്.യു-30 എംകെഐ കിടയറ്റതും വില കുറവുള്ളതുമാണ്.
ഇന്ത്യയിൽനിന്ന് എത്ര യുദ്ധവിമാനങ്ങൾ വാങ്ങുമെന്നതിന്റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ, പുതിയ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനൊപ്പം തങ്ങളുടെ നിലവിലുള്ള എസ്.യു-30എം യുദ്ധവിമാനങ്ങൾ പരിഷ്‌കരിക്കാനും അർമേനിയ ഇന്ത്യയുടെ സഹായം തേടിയേക്കും. ഇവയിലും ഇന്ത്യയുടെ അസ്ത്ര മിസൈലും ബ്രഹ്‌മോസ് മിസൈലും ഉൾപ്പെടുത്താനുള്ള സംവിധാനങ്ങൾ കൊണ്ടുവരാൻ അർമേനിയ ആലോചിക്കുന്നു.
പരമ്പരാഗതമായി റഷ്യയെ ആയുധങ്ങൾക്ക് വേണ്ടി ആശ്രയിച്ചിരുന്ന രാജ്യമായിരുന്ന അർമേനിയ. എന്നാൽ നഗൊർണൊ- കരാബാക്ക് വിഷയത്തിൽ റഷ്യയുടെ ഭാഗത്തുനിന്ന് വേണ്ടത്ര ആയുധ സഹായം അർമേനിയയ്ക്ക് ലഭിച്ചില്ല. യുക്രൈനുമായി നീണ്ട യുദ്ധത്തിൽ നിൽക്കുന്നതിനാൽ അർമേനിയയ്ക്കുള്ള ആയുധ വിതരണത്തിലും തടസമുണ്ടായി. നേരത്തെ ഓർഡർ ചെയ്തിരുന്ന എസ്.യു-30 എം വിമാനങ്ങൾ ഇതുവരെ റഷ്യ വിതരണം ചെയ്തിട്ടില്ല.
ഈ സമയത്താണ് ഇന്ത്യ അർമേനിയയ്ക്ക് ആയുധ സഹായവുമായെത്തിയത്. ഇന്ത്യയിൽ നിന്ന് ആയുധങ്ങൾ വാങ്ങുമ്പോൾ അർമേനിയയ്ക്ക് പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധത്തിൽനിന്ന് രക്ഷപ്പെടുകയും ചെയ്യാം.
അസർബൈജാൻ ജെ.എഫ്-17 തണ്ടർ വിമാനങ്ങളും ചൈനീസ് ആയുധങ്ങളുമായി എത്തുമ്പോൾ തിരിച്ചടിക്കാനാണ് ഇന്ത്യൻ നിർമിത എസ്.യു-30 എംകെഐ വിമാനങ്ങൾ വാങ്ങുക. നിലവിൽ അർമേനിയൻ വ്യോമസേനയ്ക്ക് അനുഭവപരിചയമുള്ള യുദ്ധവിമാനമാണെന്നതും കൂടുതൽ ആധുനികവത്കരിച്ചതും സവിശേഷമായ ആയുധങ്ങളുള്ളവയുമായതിനാൽ അസർബൈജാന് മേൽ നിർണായക മേധാവിത്വമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജെ.എഫ്-17 തണ്ടറിന് എസ്.യു-30 എംകെഐയേക്കാൾ പേലോഡ് ശേഷി കുറവാണ്. ഇതും നേരിട്ടുള്ള വ്യോമയുദ്ധത്തിൽ അർമേനിയയ്ക്ക് മുൻതൂക്കം നൽകും. നിലവിൽ ഇന്ത്യൻ വ്യോമസേനയ്ക്കായി 12 എസ്.യു-30 എംകെഐ വിമാനങ്ങൾ നിർമിച്ചുകൊണ്ടിരിക്കുകയാണ് എച്ച്എഎൽ. അർമേനിയ ആവശ്യപ്പെട്ടാൽ നിർമാണ ശേഷി വർധിപ്പിക്കാൻ എച്ച്എഎൽ തയ്യാറായേക്കും. അങ്ങനെ വന്നാൽ രാജ്യത്തിന് പുറത്തേക്ക് ആദ്യമായി യുദ്ധവിമാനം കയറ്റുമതി ചെയ്യുക എന്ന സുപ്രധാന നേട്ടം കൂടി എച്ച്എഎല്ലിന് ലഭിക്കും.
Content Highlights: Armenia considers buying India`s Sukhoi-30MKIs, upgraded with BrahMos & Astra missiles,
Published: 11 Jun 2025, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented