ന്യൂഡൽഹി: അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ 3,034 കോടി രൂപയുടെ സ്വത്തുകൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി. അനിൽ അംബാനിയുടെ മുംബൈയിലെ ഫ്‌ളാറ്റ് ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് ചൊവ്വാഴ്ച ഇഡി കണ്ടുകെട്ടിയത്. ഇതോടെ കേസുമായി ബന്ധപ്പെട്ട് ഇഡി ഇതുവരെ കണ്ടുകെട്ടിയ സ്വത്തിന്റെ മൂല്യം 19,344 കോടി രൂപയായി.

To advertise here,

അനിൽ അംബാനിയുടെ മുംബൈ ഉഷാ കിരൺ ബിൽഡിങ്ങിലെ ഫ്‌ളാറ്റാണ് ചൊവ്വാഴ്ച ഇഡി കണ്ടുകെട്ടിയത്. അനിൽ അംബാനിയുടെ മകൻ ജയ് അൻഷുൽ അംബാനിയുടെയും ലൂണ ട്രസ്റ്റിന്റെയും പേരിലുള്ള ഖണ്ഡാലയിലെ ഫാം ഹൗസ്, മുദ്ര ഫൗണ്ടേഷൻ ഫോർ കമ്മ്യൂണിക്കേഷൻസ് റിസർച്ച് ആൻഡ് എജ്യൂക്കേഷന്റെ (MICA) പേരിലുള്ള ഭൂമി, അനിൽ അംബാനിയുടെ സ്വകാര്യ കുടുംബ ട്രസ്റ്റായ RiseE ട്രസ്റ്റിന് കീഴിലുള്ള Risee ഇൻഫിനിറ്റിയുടെ പേരിൽ കൈവശംവെച്ചിരുന്ന റിലയൻസ് ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡിന്റെ 7.71 കോടി രൂപയുടെ ഓഹരികൾ എന്നിവയും ചൊവ്വാഴ്ച കണ്ടുകെട്ടിയ സ്വത്തുക്കളുടെ പട്ടികയിലുണ്ട്.

അതേസമയം, ഇഡി കണ്ടുകെട്ടിയ വസ്തുവകകളിൽ ചിലത് അനിൽ അംബാനിയുടെ അമ്മ കോകിലാ ബെൻ അംബാനിയുടേതാണെന്ന് റിലയൻസ് അനിൽ അംബാനി ഗ്രൂപ്പിന്റെ വക്താവ് പ്രതികരിച്ചു. ഉഷ കിരൺ ബിൽഡിങ്ങിലെ ഫ്‌ളാറ്റും ഫാംഹൗസും പാരമ്പര്യമായുള്ള കുടുംബസ്വത്തുക്കളാണെന്നും ഇവർ വ്യക്തമാക്കി. ഇഡി നടപടിയിൽ സമയപരിധിക്കുള്ളിൽതന്നെ നിയമാനുസൃതമായി മറുപടി നൽകുമെന്നും റിലയൻസ് ഗ്രൂപ്പ് വക്താവ് അറിയിച്ചു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എൽഐസി തുടങ്ങിയ സ്ഥാപനങ്ങളുടെ പരാതിയിലാണ് സിബിഐയും പിന്നാലെ ഇഡിയും അനിൽ അംബാനിക്കെതിരേയും റിലയൻസ് കമ്മ്യൂണിക്കേഷനെതിരേയും കേസെടുത്തിരുന്നത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ഇഡിയുടെ കേസ്. വിവിധ സ്ഥാപനങ്ങളിലെ വായ്പകളിലായി ഏകദേശം 40,185 കോടി രൂപയുടെ കുടിശ്ശികയാണ് റിലയൻസ് കമ്മ്യൂണിക്കേഷനുള്ളതെന്നാണ് ഇഡി പറയുന്നത്.