വിശാഖപട്ടണം: ആന്ധ്രാപ്രദേശിൽ ട്രെയിനിന് തീപ്പിടിച്ച സംഭവത്തിൽ ഒഴിവായത് വൻദുരന്തം. യാത്രക്കാരുടെയും റെയിൽവേ ജീവനക്കാരുടെയും അഗ്നിരക്ഷാസേനയുടെയും സമയോചിതമായ ഇടപെടലാണ് കൂടുതൽ ആളപായം ഒഴിവാക്കിയത്. അതേസമയം, തീപ്പിടിത്തത്തിൽ ഒരാൾ മരിച്ചത് ഏവരെയും കണ്ണീരിലാഴ്ത്തി. ട്രെയിനിലെ ബി1 കോച്ചിലെ യാത്രക്കാരനായ വിജയവാഡ സ്വദേശി ചന്ദ്രശേഖർ സുന്ദർ(75) ആണ് തീപ്പിടിത്തത്തിൽ മരിച്ചത്.

To advertise here,

ഞായറാഴ്ച അർധരാത്രി 12.45-ഓടെയാണ് ടാറ്റാനഗർ-എറണാകുളം എക്‌സ്പ്രസിൽ (18189) തീപ്പിടിത്തമുണ്ടായത്. എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിനിന്റെ രണ്ട് എസി കോച്ചുകൾ(ബി1, എം2) പൂർണമായും കത്തിനശിച്ചു. ഈ രണ്ട് കോച്ചുകളിലായി ആകെ 158 യാത്രക്കാരുണ്ടായിരുന്നു. ഇവരിൽ 157 പേരെയും സുരക്ഷിതരായി പുറത്തെത്തിച്ചെന്നും ആർക്കും പരിക്കില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.

യാത്രക്കാരിലൊരാളാണ് എസി കോച്ചിൽ തീപ്പടർന്നത് ആദ്യം കണ്ടതെന്നാണ് വിവരം. ഇതോടെ യാത്രക്കാരൻ അപായച്ചങ്ങല വലിച്ചതോടെ ട്രെയിൻ യേലമഞ്ചിലി സ്‌റ്റേഷനിൽ നിർത്തി. ട്രെയിൻ നിർത്തിയ ഉടൻ രണ്ട് കോച്ചുകളിലെയും യാത്രക്കാർ പുറത്തിറങ്ങി. ഇതിനിടെ ചന്ദ്രശേഖർ സുന്ദർ കോച്ചിൽ അകപ്പെട്ടുപ്പോയെന്നാണ് കരുതുന്നത്.

ട്രെയിൻ സ്‌റ്റേഷനിൽ നിർത്തിയതിന് പിന്നാലെ റെയിൽവേ ജീവനക്കാർ തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നു. ഇവർ അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് അഗ്നിരക്ഷാസേനയെത്തിയ ശേഷമാണ് തീ പൂർണമായും അണച്ചത്. കത്തിനശിച്ച രണ്ട് കോച്ചുകളും പിന്നീട് ട്രെയിനിൽനിന്ന് വേർപ്പെടുത്തി. ഈ കോച്ചുകളിലെ യാത്രക്കാരെ ബസുകളിൽ സമാൽകോട്ട് റെയിൽവേ സ്‌റ്റേഷനിലെത്തിച്ചു. ഇവിടെനിന്ന് യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനങ്ങളിലെത്താനുള്ള സംവിധാനം ഏർപ്പാടാക്കിയതായും റെയിൽവേ അധികൃതർ അറിയിച്ചു.

അതിനിടെ, കത്തിനശിച്ച കോച്ചുകൾ വേർപ്പെടുത്തിയശേഷം ടാറ്റാനഗർ എക്‌സ്പ്രസ് എറണാകുളത്തേക്ക് യാത്ര പുനഃരാരംഭിച്ചു. ഏകദേശം ഏഴുമണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്. നിലവിൽ ട്രെയിൻ 12 മണിക്കൂറോളം വൈകിയോടുകയാണ്.

അപകടവിവരമറിഞ്ഞ് സൗത്ത് സെൻട്രൽ റെയിൽവേ സുരക്ഷാ കമ്മീഷണർ, വിജയവാഡ ഡിആർഎം തുടങ്ങിയ ഉന്നത റെയിൽവേ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അതേസമയം, തീപ്പിടത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമല്ല. കത്തിനശിച്ച കോച്ചുകളിൽ ഫൊറൻസിക് സംഘവും പോലീസും വിശദമായ പരിശോധന നടത്തിവരികയാണ്.

അപകടവുമായി ബന്ധപ്പെട്ട് റെയിൽവേ ഹെൽപ്പ്‌ലൈനുകൾ ആരംഭിച്ചിട്ടുണ്ട്. അപകടമുണ്ടായ ട്രെയിനിലെ യാത്രക്കാരുടെ വിവരങ്ങൾക്കും അപകടം മൂലം വൈകുന്ന മറ്റുട്രെയിനുകളെ സംബന്ധിച്ചുള്ള വിവരങ്ങൾക്കും ഈ നമ്പറുകളിൽ ബന്ധപ്പെടാം.

ഹെൽപ്പ്‌ലൈൻ നമ്പറുകൾ-

യേലമഞ്ചിലി റെയിൽവേ സ്റ്റേഷൻ- 7815909386

അനക്കപ്പള്ളി റെയിൽവേ- 7569305669

തൂണി റെയിൽവേ സ്റ്റേഷൻ- 7815909479

സമാൽകോട്ട് റെയിൽവേ സ്‌റ്റേഷൻ- 7382629990

രാജമുന്ദ്രി റെയിൽവേ സ്‌റ്റേഷൻ- 0883 2420541/ 43

യേലുരു റെയിൽവേ സ്‌റ്റേഷൻ- 7569305268

വിജയവാഡ റെയിൽവേ സ്‌റ്റേഷൻ- 0866 2575167