ന്യൂഡൽഹി: 2027-ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യകക്ഷിയായ കോൺഗ്രസ് 181 സീറ്റുകൾ ആവശ്യപ്പെട്ടതായി സമാജ്‌വാദി പാർട്ടി (എസ്.പി) അധ്യക്ഷൻ അഖിലേഷ് യാദവ്. ന്യൂഡൽഹിയിൽ നടന്ന 'എച്ച്.ടി ലീഡർഷിപ്പ് സമ്മിറ്റ് 2026'-ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജെപിയെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് അഖിലേഷ് യാദവ് പറഞ്ഞു. കോൺഗ്രസുമായി വളരെ നല്ല ബന്ധമാണ് പാർട്ടിക്കുള്ളതെന്നും സമാജ്‌വാദി പാർട്ടി മത്സരിക്കുന്ന സീറ്റുകളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2024-ലെ ഉത്തർപ്രദേശ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റുകളിൽ 43 എണ്ണത്തിലും വിജയിച്ച് എസ്.പി-കോൺഗ്രസ് സഖ്യം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതിൽ 17 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ആറിടത്ത് വിജയിച്ചിരുന്നു. 2027-ന്റെ തുടക്കത്തിലാണ് ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

നവംബർ 26-ന് ഭരണഘടനാ ദിനത്തിൽ സമാജ്‌വാദി പാർട്ടിയുടെ 'ജൻ-മൻ പ്രകടനപത്രിക' പുറത്തിറക്കുമെന്നും അഖിലേഷ് യാദവ് അറിയിച്ചു. ഉത്തർപ്രദേശിലെ ജനങ്ങളെ ബി.ജെ.പി തെറ്റിദ്ധരിപ്പിക്കുകയാണെന്നും കൗൺസിൽ തിരഞ്ഞെടുപ്പുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പി നേരിട്ട തിരിച്ചടികൾ ഇതിന് തെളിവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.