ന്യൂഡൽഹി: ബ്രിട്ടീഷ് ഭരണകാലത്ത് നടപ്പാക്കിയിരുന്ന 130 വർഷം പഴക്കമുള്ള ജയിൽനിയമങ്ങൾ റദ്ദാക്കി അന്തമാൻ നിക്കോബാർ. ഇന്ത്യൻ ഭരണഘടനയുടെ 240-ാം അനുച്ഛേദപ്രകാരം 'അന്തമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ് പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് റെഗുലേഷൻ, 2026' എന്ന പേരിലാണ് പുതിയ നിയമം നടപ്പാക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികളെ തടവിലിട്ടിരുന്ന ചരിത്രപ്രസിദ്ധമായ കാലാപാനി സെല്ലുലാർ ജയിലിലടക്കം ഇനി നിയമങ്ങൾ മാറും.

To advertise here,

1894-ലെ പ്രിസൺസ് ആക്ട്, 1900-ലെ പ്രിസണേഴ്സ് ആക്ട്, 1950-ലെ ട്രാൻസ്ഫർ ഓഫ് പ്രിസണേഴ്സ് ആക്ട് എന്നീ മൂന്ന് പഴയ നിയമങ്ങൾക്ക് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്. തടവുകാരെ ശിക്ഷിക്കുക എന്നതിലുപരി അവരുടെ പുനരധിവാസം, ആരോഗ്യസംരക്ഷണം, മാനുഷിക പരിഗണന എന്നിവയ്ക്ക് പ്രാധാന്യം നൽകുകയാണ് പുതിയ നിയമത്തിന്റെ ലക്ഷ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ 2023-ലെ മാതൃകാ ജയിൽ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കരണം.

തടവുകാരുടെ വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവയ്ക്കായി തുറന്ന ജയിലുകളും ഭാഗികമായി തുറന്ന ജയിലുകളും സ്ഥാപിക്കാൻ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു. തടവുകാരുടെ പ്രായം, ആരോഗ്യം, സുരക്ഷാ ഭീഷണി എന്നിവ പരിഗണിച്ച് പ്രത്യേക വിഭാഗങ്ങളായി തിരിക്കുകയും ചെയ്യും. സിസിടിവി ക്യാമറകൾ, ബയോമെട്രിക് തിരിച്ചറിയൽ സംവിധാനം, ആർഎഫ്ഐഡി സാങ്കേതികവിദ്യ, ഡിജിറ്റൽ രേഖകൾ, വീഡിയോ കോൺഫറൻസിങ് തുടങ്ങിയവയിലൂടെ ജയിൽ സുരക്ഷ ശക്തമാക്കും. ജയിലിനുള്ളിൽ നിരോധിത ആശയവിനിമയ ഉപകരണങ്ങൾ കൈവശംവയ്ക്കുന്നവർക്ക് മൂന്ന് വർഷംവരെ തടവുശിക്ഷ ലഭിക്കാനും വ്യവസ്ഥയുണ്ട്.

ജാതിയുടെ പേരിലുള്ള തൊഴിൽ വേർതിരിവുകളും വിവേചനങ്ങളും പുതിയ നിയമം പൂർണമായി നിരോധിക്കുന്നു. വനിതാ തടവുകാർക്ക് മാതൃ സംരക്ഷണവും അവരോടൊപ്പം കഴിയുന്ന ആറ് വയസ്സുവരെയുള്ള കുട്ടികൾക്ക് ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങളും ഉറപ്പാക്കും. ട്രാൻസ്ജെൻഡർ തടവുകാർക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക പരിഗണനയും മാനസികാരോഗ്യ പിന്തുണയും ലഭ്യമാക്കും.

വിചാരണത്തടവുകാരുടെ കേസുകൾ വേഗത്തിൽ പരിശോധിക്കുന്നതിനായി ജില്ലാ സെഷൻസ് ജഡ്ജിയുടെ നേതൃത്വത്തിൽ പ്രത്യേക സമിതികളും രൂപീകരിക്കും. അർഹരായവർക്ക് നിയമസഹായം ഉറപ്പാക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായും ബന്ധപ്പെടാനുള്ള സൗകര്യവും ഒരുക്കും. പരോൾ, ഫർലോ, ശിക്ഷാ ഇളവ്, പുനരധിവാസം തുടങ്ങിയവയ്ക്കും പുതിയ നിയമത്തിൽ വ്യവസ്ഥകളുണ്ട്.