കാൺപുർ: ഐ.എ.എസ്. ഓഫീസർമാരോ അധ്യാപികമാരോ ആകുന്നതിന് മുൻപ് സ്ത്രീകൾ മികച്ച അമ്മമാരാകാൻ പരിശ്രമിക്കണമെന്ന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ. കുടുംബ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിനിടയിലാവണം ഔദ്യോഗിക ജീവിതത്തിലെ നേട്ടങ്ങളെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടത്. വിവാഹശേഷം പഠനവും ജോലിയും തുടരാൻ പെൺകുട്ടികളോട് ആവശ്യപ്പെട്ട ഗവർണർ, കുടുംബത്തിനും സമൂഹത്തിനും സംഭാവനകൾ നൽകണമെന്നും പറഞ്ഞു. കാൺപുരിൽ ഒരു സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
വിദ്യാഭ്യാസം അക്കാദമിക് നേട്ടങ്ങൾക്ക് അപ്പുറമുള്ളതാണെന്നും കുടുംബമൂല്യങ്ങൾക്കും സ്വഭാവരൂപീകരണത്തിനും വലിയ പ്രാധാന്യമുണ്ടെന്നും ആനന്ദിബെൻ പട്ടേൽ പറഞ്ഞു. നിങ്ങൾ ഐ.എ.എസ്. ഓഫീസറോ അധ്യാപികയോ ആകട്ടെ, ആദ്യം ഒരു മികച്ച അമ്മയാകൂ. വീട്ടിൽ ഭക്ഷണം എങ്ങനെ പാകം ചെയ്യണമെന്ന് എല്ലാവരും അറിഞ്ഞിരിക്കണമെന്നും അവർ പറഞ്ഞു. വിവാഹശേഷം പെൺകുട്ടികൾ പഠനം നിർത്തരുതെന്നും സ്വന്തം അറിവും കഴിവും രാജ്യനിർമാണത്തിനായി ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാർഥികൾ സ്കൂളുകളിലും കോളേജുകളിലും ചേർന്ന ശേഷവും രക്ഷിതാക്കൾ അവരുടെ കാര്യങ്ങളിൽ സജീവമായി ശ്രദ്ധിക്കണമെന്ന് ഗവർണർ നിർദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന ശേഷം മക്കൾ എന്താണ് ചെയ്യുന്നതെന്ന് രക്ഷിതാക്കൾ അറിഞ്ഞിരിക്കണം. മേൽനോട്ടത്തിലുണ്ടാകുന്ന ചെറിയ വീഴ്ച പോലും അവരുടെ ഭാവിയെ ദോഷകരമായി ബാധിക്കുമെന്നും അവർ പറഞ്ഞു.
ഗാർഹിക പീഡനങ്ങളും സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വർധിക്കുന്നത് ധാർമികമൂല്യങ്ങൾ കുറയുന്നത് കൊണ്ടാണെന്നും, വിദ്യാഭ്യാസം എന്നത് ബിരുദങ്ങളും മാർക്കുകളും കൊണ്ട് മാത്രം അളക്കേണ്ടതല്ലെന്നും അവർ പറഞ്ഞു. ബിരുദങ്ങൾ വർധിച്ചിട്ടും സമൂഹത്തിൽ ഇത്തരം കുറ്റകൃത്യങ്ങൾ തുടരുന്നുണ്ടെങ്കിൽ, അത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ യഥാർഥ അവസ്ഥയാണ് വ്യക്തമാക്കുന്നത്. അക്കാദമിക് അറിവിനോളം തന്നെ പ്രധാനമാണ് ധാർമികമൂല്യങ്ങളും"- അവർ പറഞ്ഞു.
Published: 10 Jul 2026, 10:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented